- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആകാശത്ത് സാധാരണ ലാൻഡിങ്ങിനായി ശ്രമിച്ചത് തുർക്കിയിലെ 'കൊറെൻഡൺ' എയർലൈൻസിൽ നിന്ന് വെറ്റ്-ലീസ് ചെയ്ത വിമാനം; താഴ്ന്ന് പറന്നതും പൈലറ്റിന് അടക്കം നെഞ്ചിടിപ്പ്; നിമിഷ നേരം കൊണ്ട് റൺവേയിൽ എമര്ജന്സി അലർട്ട്; മണിക്കൂറുകൾ കഴിഞ്ഞതും ആശ്വാസ വാർത്ത; മുഴുവൻ യാത്രക്കാരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; 'ഇൻഡിഗോ'യുടെ സുരക്ഷാ പ്രശ്നങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ

ഡൽഹി: എൻജിൻ തകരാറിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ 161 യാത്രക്കാരുമായി പറന്ന വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട 6E 579 എന്ന ബോയിംഗ് 737 വിമാനമാണ് അടിയന്തര സാഹചര്യത്തിൽ തിരികെയിറക്കിയത്. വിമാനം അടിയന്തരമായി നിലത്തിറക്കുന്നതുമായി ബന്ധപ്പെട്ട വിവരം രാവിലെ 10:54-ഓടെ അഗ്നിശമന സേനയ്ക്ക് ലഭിക്കുകയും ഉടൻതന്നെ സ്ഥലത്തേക്ക് സംഘത്തെ അയക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ പൂർണ്ണ എമർജൻസി പ്രഖ്യാപിച്ചിരുന്നു.
ഈ വിമാനം ഇൻഡിഗോ തുർക്കിയിലെ കൊറെൻഡൺ എയർലൈൻസിൽ നിന്ന് വെറ്റ്-ലീസ് ചെയ്തതാണ്. ഹ്രസ്വകാല പ്രവർത്തനങ്ങൾക്കായി കൊറെൻഡൺ എയർലൈൻസിന്റെ അഞ്ച് വെറ്റ്-ലീസ് വിമാനങ്ങളാണ് ഇൻഡിഗോ പാട്ടത്തിനെടുത്തിട്ടുള്ളത്.
സാധാരണ ലാൻഡിങ്ങിന് ഒരുങ്ങുന്നതിനിടെയാണ് വിമാനത്തിന്റെ പൈലറ്റുമാർ എൻജിൻ തകരാർ ശ്രദ്ധയിൽപ്പെട്ടത്. മുൻകരുതൽ നടപടിയായും സാധാരണ പ്രവർത്തന നടപടിക്രമങ്ങൾ പാലിച്ചും പൈലറ്റുമാർക്ക് മുൻഗണനാടിസ്ഥാനത്തിൽ ലാൻഡിങ് നടത്താൻ അനുവാദം നൽകുകയായിരുന്നുവെന്ന് എയർലൈൻ വക്താവ് അറിയിച്ചു. വിമാനം ആവശ്യമായ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും വിധേയമാക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, ഈ സംഭവത്തിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സുരക്ഷാ മാനദണ്ഡങ്ങൾ വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. തുടർച്ചയായുണ്ടാകുന്ന സാങ്കേതിക തകരാറുകളും വിമാനങ്ങൾ അടിയന്തരമായി ഇറക്കേണ്ടി വരുന്ന സാഹചര്യങ്ങളുമാണ് വ്യോമയാന മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്. കൃത്യസമയത്തുള്ള സർവീസുകൾക്ക് പേരുകേട്ട ഇൻഡിഗോയ്ക്ക്, സുരക്ഷാ കാര്യത്തിൽ സംഭവിക്കുന്ന പാളിച്ചകൾ തിരിച്ചടിയാവുകയാണ്.
സമീപകാലത്ത് ഇൻഡിഗോ വിമാനങ്ങളുടെ എൻജിനുകളിൽ നിന്നുണ്ടായ പുകയും സാങ്കേതിക തകരാറുകളും വലിയ വാർത്തയായിരുന്നു. പലപ്പോഴും പറന്നുയർന്ന ഉടൻ തന്നെ വിമാനങ്ങൾ തിരിച്ചിറക്കേണ്ടി വരുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നുണ്ട്. എൻജിൻ തകരാറുകൾക്ക് പുറമെ, വിമാനത്തിനുള്ളിലെ സൗകര്യങ്ങളുടെ പോരായ്മകളും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളും സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നു.


