ന്യൂഡൽഹി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ മാസത്തോടെ പൂർത്തീകരിക്കാനാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 12,000 കോടി രൂപ ചെലവിലാണ് 212 കിലോമീറ്റർ നീളത്തിൽ എക്സ്പ്രസ് വേ നിർമ്മിക്കുന്നത്. ആറ് വരിപ്പാതയായാണ് ഇത് നിർമ്മിക്കുന്നത്.

നിർമ്മാണം പൂർത്തിയായായി രാജ്യത്തിന് സമർപ്പിക്കുന്നതോടെ ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് വെറും രണ്ട് മണിക്കൂറിനുള്ളിൽ എത്താൻ സാധിക്കും. ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയുടെ 60 മുതൽ 70 ശതമാനം വരെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായും നിതിൻ ഗഡ്കരി പറഞ്ഞു.

ഡൽഹിയിൽ നിന്ന് ഹരിദ്വാറിലേക്ക് ഒന്നര മണിക്കൂർ സമയം കൊണ്ടും എത്താൻ സാധിക്കും. അടുത്തിടെ നിതിൻ ഗഡ്കരി നേരിട്ടെത്തി എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിച്ചിരുന്നു. നാല് ഭാഗങ്ങളായി എക്സ്പ്രസ് വേ നിർമ്മിക്കുന്നത്.

ഗണേശ്പൂരിൽ നിന്നും ഡെറാഡൂണിലേക്കുള്ള പാതയിൽ വന്യജീവികൾക്ക് കടന്നു പോകാൻ പ്രത്യേകം പാതയും ഒരുക്കിയിട്ടുണ്ട്. 12 കിലോമീറ്റർ എലിവേറ്റഡ് റോഡ്, ആറ് ആനിമൽ അണ്ടർപാസുകൾ, രണ്ട് അടിപ്പാതകൾ, രണ്ട് വലിയ പാലങ്ങൾ, 13 ചെറിയ പാലങ്ങൾ എന്നിവ എക്സ്പ്രസ് വേയിലുണ്ട്.

എക്സ്പ്രസ് വേ അടുത്ത വർഷം ജനുവരി മുതൽ പ്രവർത്തനക്ഷമമാകുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക ഇടനാഴിയുടെ ചില ഭാഗങ്ങളിൽ വന്യജീവി പാസുകളുള്ള പുതിയ എക്സ്പ്രസ് വേ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയാണ് (എൻഎച്ച്എഐ) നിർമ്മിക്കുന്നത്. ഇത് രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിൽ ഡൽഹി-മീററ്റ് എക്സ്പ്രസ് വേയിലൂടെ ഏകദേശം ആറ് മണിക്കൂർ ആണ് യാത്രാസമയം. ഹരിദ്വാർ, മുസാഫർനഗർ, ഷാംലി, യമുനഗർ, ബാഗ്പത്, മീററ്റ്, ബരാൗത്ത് എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതിന് 7 പ്രധാന ഇന്റർചേഞ്ചുകൾ ഉണ്ടാകും.

ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി ഏകദേശം 8,300 കോടി രൂപ ചെലവിൽ നിർമ്മിക്കുന്നത്. 2021 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ ഡൽഹി -ഡെറാഡൂൺ സാമ്പത്തിക ഇടനാഴിക്ക് തറക്കല്ലിട്ടത്. ഇതോടെ 18,000 കോടി രൂപയുടെ പതിനൊന്ന് വികസന പദ്ധതികൾക്കാണ് തുടക്കമായത്.

പദ്ധതിയുടെ ഭാഗമായി, ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ്വേ, ഡൽഹി-മീററ്റ് എക്സ്പ്രസ്വേ എന്നിവ വഴി ഡൽഹിയെയും ഡെറാഡൂണിനെയും ബന്ധിപ്പിക്കുന്ന ഒരു പുതിയ റോഡാണ് വരുന്നത്. ഇതോടെ ഈ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രയ്ക്കുള്ള ദൂരവും സമയവും ഗണ്യമായി കുറയ്ക്കും.

നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ, മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കാൻ സഹായിക്കുന്ന തരത്തിലാണ് എക്സ്‌പ്രസ് വേ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അനിയന്ത്രിതമായ വന്യജീവി സഞ്ചാരത്തിനായി ഹൈവേയുടെ 12 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് ഇടനാഴിയാണ് ഈ എക്സ്പ്രസ് വേയുടെ പ്രധാന ശ്രദ്ധാകേന്ദ്രം.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഡെറാഡൂണിന് സമീപമുള്ള ഹൈവേയുടെ അവസാന 20 കിലോമീറ്റർ ഭാഗത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രാജാജി നാഷണൽ പാർക്കിന്റെ ഇക്കോ സെൻസിറ്റീവ് സോണിലൂടെയാണ് ഇത് കടന്നുപോകുന്നത്. 340 മീറ്റർ ദത്ത് കാലി തുരങ്കം ഉൾപ്പെടുന്ന 12 കിലോമീറ്റർ എലിവേറ്റഡ് വന്യജീവി ഇടനാഴിയാണ് നിർമ്മിക്കുന്നത്. ചുറ്റുമുള്ള വന്യജീവികളെ സംരക്ഷിക്കാനാണ് തുരങ്കം ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി നേരത്തെ അറിയിച്ചിരുന്നു.

2020-ൽ ആണ് ഡൽഹി-ഡെറാഡൂൺ എക്സ്‌പ്രസ് വേക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി) ഡൽഹി-ഡെറാഡൂൺ എക്സ്‌പ്രസ് വേയുടെ നിർമ്മാണത്തിന് അനുമതി നൽകി. ഗണേശ്പൂർ-ഡെറാഡൂൺ റോഡിൽ (NH-72A) സ്ട്രെച്ചിലെ മൃഗങ്ങളുടെ ഇടനാഴിയിൽ പരിസ്ഥിതിക്ക് ഒരു നാശവും സംഭവിക്കില്ലെന്നും ഒരു തടസ്സവും ഉണ്ടാക്കില്ലെന്നും വിലയിരുത്തിയ ശേഷമാണ് ദേശീയ ഹരിത ട്രിബ്യൂണൽ അനുമതി നൽകിയത്.