- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 'സ്വകാര്യം'; പൊതുതാല്‍പ്പര്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ഡല്‍ഹി സര്‍വകലാശാല; പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി; വിവരാവകാശ കമ്മിഷന്‍ ഉത്തരവ് റദ്ദാക്കി
പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടേണ്ട എന്ന് ഡല്‍ഹി ഹൈക്കോടതി. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡല്‍ഹി സര്‍വകലാശാലയോട് നിര്‍ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. സിഐസി ഉത്തരവിനെ ചോദ്യം ചെയ്ത് ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സച്ചിന്‍ ദത്ത വിധി പുറപ്പെടുവിച്ചത്.
മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ (ആര്‍ടിഐ) അപേക്ഷകന് നല്‍കണമെന്ന് കമ്മിഷന്‍ 2017-ലാണ് സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ചത്. ഇത് ചോദ്യം ചെയ്ത് ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച അപ്പീലിലാണ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്.
ഈ വിഷയത്തില്‍ വാദം പൂര്‍ത്തിയാക്കിയ ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരി 27-ന് വിധി പറയാന്‍ മാറ്റുകയായിരുന്നു. അപരിചിതരായ ആളുകളെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാണിക്കാനാകില്ല എന്ന നിലപാടാണ് ഡല്‍ഹി സര്‍വകലാശാല കോടതിയില്‍ സ്വീകരിച്ചത്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹാജരായത്. ഡല്‍ഹി സര്‍വകലാശാലയുടെ വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി, മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമായി തന്നെ തുടരണമെന്ന് നിര്‍ദേശിച്ചു.
'കേന്ദ്ര വിവരാവകാശ കമ്മിഷന്‍ ഉത്തരവ് റദ്ദാക്കുന്നു' എന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയില്‍ പറയുന്നത്. പ്രധാനമന്ത്രി മോദി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് 1978-ല്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയെന്നാണ് പറയപ്പെടുന്നത്. 1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദം നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് വിവരാവകാശ അപേക്ഷകന്‍ ആവശ്യപ്പെട്ടിരുന്നത്.
2016-ല്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പ്രധാനമന്ത്രി മോദിയോട് വിദ്യാഭ്യാസ യോഗ്യതകള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഈ വിഷയം പൊതുശ്രദ്ധയിലേക്ക് വരുന്നത്. 1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിഎ ബിരുദം നേടിയതായി പ്രധാനമന്ത്രി മോദി തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
കെജ്രിവാള്‍ രംഗത്തെത്തുന്നതിന് ഒരു വര്‍ഷം മുന്‍പ്, ഡല്‍ഹി സര്‍വകലാശാല 1978-ല്‍ നല്‍കിയ എല്ലാ ബിഎ ബിരുദങ്ങളുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് നീരജ് ശര്‍മ്മ എന്നയാള്‍ ഒരു വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 'സ്വകാര്യമാണെന്നും' അതിന് 'പൊതുതാല്‍പ്പര്യവുമായി യാതൊരു ബന്ധവുമില്ലെന്നും' ചൂണ്ടിക്കാട്ടി സര്‍വകലാശാല അത് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.
2016-ല്‍ സര്‍വകലാശാലയുടെ മറുപടിക്കെതിരെ നീരജ് ശര്‍മ്മ കേന്ദ്ര വിവരാവകാശ കമ്മിഷനെ സമീപിച്ചു. തുടര്‍ന്ന് 1978-ല്‍ ബിഎ പാസായ വിദ്യാര്‍ത്ഥികളുടെ പട്ടിക അടങ്ങിയ രജിസ്റ്റര്‍ പരസ്യമാക്കാന്‍ ഡല്‍ഹി സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ചുകൊണ്ട് വിവരാവകാശ കമ്മിഷണര്‍ പ്രൊഫ. എം ആചാര്യലു ഉത്തരവിറക്കി.
2017-ല്‍ വിവരാവകാശ കമ്മിഷണറുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സര്‍വകലാശാല ഹൈക്കോടതിയെ സമീപിച്ചു. ഉത്തരവിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും, രാജ്യത്തെ സര്‍വകലാശാലകള്‍ കോടിക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ബിരുദ വിവരങ്ങള്‍ വിശ്വാസപരമായ നിലയില്‍ സൂക്ഷിക്കുന്നവയാണെന്നുമുള്ള സോളിസിറ്റര്‍ ജനറല്‍ (എസ്ജി) തുഷാര്‍ മേത്തയുടെ വാദങ്ങള്‍ പരിഗണിച്ച്, 2017- ജനുവരിയില്‍ കോടതി നീരജ് ശര്‍മ്മയ്ക്ക് നോട്ടീസ് അയക്കുകയും ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.