ന്യൂഡല്‍ഹി: രാജ്യം ഏകീകൃത സിവില്‍ കോഡിലേക്ക് മാറാന്‍ സമയമായില്ലേ എന്ന ചോദ്യവുമായി ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് കേസെടുത്തുതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. ഇസ്ലാമിക വ്യക്തി നിയമവും രാജ്യത്തെ ശിക്ഷാനിയമങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ചോദ്യം. അത് തര്‍ക്കങ്ങള്‍ ഇല്ലാതാക്കുമെന്നും കോടതി നിരീക്ഷിച്ചു.

'വ്യക്തി നിയമങ്ങള്‍ക്കോ ആചാരപരമായ നിയമങ്ങള്‍ക്കോ ദേശീയ നിയമങ്ങളെ മറികടക്കാന്‍ കഴിയാത്ത ഒരൊറ്റ ചട്ടക്കൂട് ഉറപ്പാക്കുന്ന ഏകീകൃത സിവില്‍ കോഡിലേക്ക് മാറാന്‍ സമയമായി' ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയില്‍ ഓരോ പൗരനും മൗലികാവകാശമായി ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെ ഏകീകൃത സിവില്‍കോഡ് ഇല്ലാതാക്കുമെന്ന് യുസിസിയുടെ എതിരാളികള്‍ ചൂണ്ടിക്കാണിക്കുമെന്നതില്‍ സംശയമില്ല. എന്നിരുന്നാലും, വ്യക്തികളെ ക്രിമിനല്‍ ബാധ്യതയിലേക്ക് നയിക്കുന്ന ആചാരങ്ങളിലേക്ക് അത്തരം സ്വാതന്ത്ര്യം വ്യാപിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

ജനന രേഖകളിലും എഫ്‌ഐആറിലും പ്രായപൂര്‍ത്തിയാകാത്തവളായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, തനിക്ക് പ്രായപൂര്‍ത്തിയായെന്നും ഇസ്ലാമിക നിയമപ്രകാരം സാധുവായ വിവാഹ സര്‍ട്ടിഫിക്കറ്റോടെ സ്വമേധയാ ഹര്‍ജിക്കാരനെ വിവാഹം കഴിച്ചതാണെന്നും അതിജീവിത അവകാശപ്പെട്ടു. ജാമ്യാപേക്ഷയില്‍ അതിജീവിത ഹര്‍ജിക്കാരനെ പിന്തുണയ്ക്കുകയും ചെയ്തു.

ഇസ്ലാമിക വ്യക്തിനിയമം പെണ്‍കുട്ടികള്‍ക്ക് 15 വയസ്സില്‍ ഋതുമതിയാകുമ്പോള്‍ വിവാഹത്തിന് അനുമതി നല്‍കുമ്പോള്‍, ഐപിസി/ബിഎന്‍എസ്, പോക്സോ നിയമങ്ങള്‍ മതപരമായ ആചാരങ്ങള്‍ പരിഗണിക്കാതെ പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള വിവാഹമോ ലൈംഗിക ബന്ധമോ നിരോധിക്കുകയും അത്തരം പ്രവൃത്തികളെ ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്യുന്നുവെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് കോടതി ഹര്‍ജിക്കാരന് ജാമ്യം അനുവദിക്കുകയും ചെയ്തു.