ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളിലേക്കാണ് രാജ്യം കടക്കുന്നത്. പാർലമെന്റിൽ സ്വകാര്യ ബില്ലായി ഇത് സംബന്ധിച്ച വിഷയം ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ കോടതി വഴിയും ഏകീകൃത സിവിൽ കോഡ് ചർച്ചകളിലേക്കാണ് രാജ്യം കടക്കുന്നത്. ഡൽഹി ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച നിർണായക തുടക്കമായിട്ടുണ്ട്. ഒരു രാജ്യം, ഒരു നിയമം എന്നത് ഇന്ത്യയെപ്പോലുള്ള ഏതൊരു സോഷ്യലിസ്റ്റ്- ജനാധിപത്യ രാജ്യത്തിന്റെയും അടിസ്ഥാനമാണെന്ന് കാട്ടി, ഏകീകൃത സിവിൽ കോഡിന്റെ കരട് രൂപം തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുസ്ലിം യുവാവ് കോടതിയിൽ ഹർജി സമർപ്പിച്ചു. ഈ ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച നോട്ടീസ് അയച്ചു.

ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് പുറപ്പെടുവിച്ചത്. അതോടൊപ്പം തീർപ്പാക്കാത്ത സമാനമായ ഹർജികൾക്കൊപ്പം ഈ വിഷയത്തെ കൂട്ടിവായിക്കണമെന്ന് സൂചന നൽകുകയും ചെയ്തു. ലിംഗനീതി, ലിംഗ സമത്വം, സ്ത്രീകളുടെ അന്തസ്സ് എന്നിവയടങ്ങുന്ന ഇന്ത്യൻ ഭരണഘടനാ ഭാഗങ്ങളാണ് ആർട്ടിക്കിൾ 14, 15, 21 എന്നിവ. ഏകീകൃത സിവിൽ കോഡ് ഇല്ലാതെ ഇവ നടപ്പിലാക്കാൻ കഴിയില്ലെന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

ഏകീകൃത സിവിൽ കോഡിന്റെ കരട് രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഈ ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ അശ്വിനി ഉപാധ്യായ കോടതിയെ അറിയിച്ചു. ഡാനിഷ് ഇക്‌ബാൽ എന്ന മുസ്ലിം യുവാവാണ് ഹർജിക്കാരൻ. വിവാഹപ്രായം, വിവാഹമോചനം, ജീവനാംശം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ ഇവയെല്ലാം ലിംഗ സമത്വത്തിന്റെ അടിസ്ഥാന ഘടകങ്ങളാണെന്നും ഇവ നേടാനായി ആർട്ടിക്കിൾ 44 പ്രകാരമുള്ള എകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതാണ് ഉചിതമെന്നുമാണ് ഇക്‌ബാലിന്റെ വാദം.

നിലവിൽ ബഹുഭാര്യത്വം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 494-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. എന്നാൽ ഇവിടെ ഒന്നിലധികം വിവാഹങ്ങൾ കഴിക്കാൻ ആളുകൾ മതം മാറാൻ വരെ തയ്യാറാണ്. പാക്കിസ്ഥാൻ, തുർക്കി പോലുള്ള ഇസ്ലാമിക രാജ്യങ്ങളിൽ വരെ മറ്റൊരു വിവാഹം കഴിക്കാൻ ഭാര്യയുടെ സമ്മതം അനിവാര്യമാണെന്നിരിക്കെയാണ് ഇവിടെ ഇതെല്ലാം സംഭവിക്കുന്നതെന്നും ഇക്‌ബാൽ ഹർജിയിൽ പറഞ്ഞു.

20 വയസ്സിന് മുമ്പ് പെൺകുട്ടികൾ ഗർഭം ധരിക്കുന്നത് മാരക രോഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും എന്ന് ലോകാരോഗ്യ സംഘടന വരെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ അതേസമയം ഇവിടെ മുസ്ലിം മാതാപിതാക്കൾക്ക് കൗമാരാക്കാരായ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാം എന്ന സ്ഥിതിയും നിലനിൽക്കുന്നുണ്ടെന്നും ഇക്‌ബാൽ പറയുന്നു.

കൂടാതെ തലാഖ് വിഷയത്തെപ്പറ്റിയും ഇക്‌ബാൽ വിശദമായി തന്നെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മുത്തലാഖ് ഉൾപ്പടെ വാമൊഴി രൂപത്തിലുള്ള എല്ലാ തലാഖുകളും ഭരണഘടന വിരുദ്ധമാണെന്ന് കോടതി തന്നെ വിധിച്ചിട്ടുള്ളതാണ്. എന്നാൽ തലാഖ്-ഇ-ഹസൻ, തലാഖ്-ഇ-അഹ്സൻ, എന്നിവ ഇപ്പോഴും നിലവിലുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകൾ ഇപ്പോഴും സുരക്ഷിതരല്ല എന്ന് വേണം ഇതിൽ നിന്ന് അനുമാനിക്കാൻ എന്നും ഇക്‌ബാൽ പറയുന്നു.

സ്ത്രീധനം എന്ന സമ്പ്രദായത്തിന്റെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു സമൂഹമാണ് മുസ്ലിം സ്ത്രീകൾ. വിവാഹ സമയത്ത് പെൺകുട്ടി ഭർതൃഗൃഹത്തിലേക്ക് കൊണ്ടുവരുന്ന എല്ലാ വസ്തുക്കളും വിവാഹമോചന സമയത്ത് ആ പെൺകുട്ടിക്ക് തിരികെ ലഭിക്കുന്നില്ല. അവയെല്ലാം ഭർത്താവും അയാളുടെ വീട്ടുകാരുമാണ് ഉപയോഗിച്ച് വരുന്നതെന്നും ഇക്‌ബാൽ നൽകിയ ഹർജിയിൽ പറയുന്നു.

അതുകൊണ്ട് തന്നെയാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നതെന്നും അതിലൂടെ ലിംഗ സമത്വം ഉറപ്പാക്കാനും, വിദ്വേഷ പ്രവണതകൾ ഇല്ലാതാക്കാൻ കഴിയുമെന്നും ഹർജിയിൽ പറയുന്നു. ദേശീയ ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കാനും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിലൂടെ കഴിയുമെന്നും ഇക്‌ബാൽ കൂട്ടിച്ചേർത്തു.