ന്യൂഡൽഹി: ഡൽഹിയിലെ ജമാ മസ്ജിദിന്റെ പരിസരത്ത് പെൺകുട്ടികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. നടപടിയും നടപടിക്കാധാരമായ പ്രസ്താവനയും വിവാദമായതിനു പിന്നാലെയാണ് പുതിയ തീരുമാനം.ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേന, ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരിയുമായി നടത്തിയ ചർച്ചയിലാണ് പിൻവലിക്കാനുള്ള തീരുമാനം. നിരോധനം നീക്കാമെന്ന് ലഫ്. ഗവർണർക്ക് ഇമാം ഉറപ്പുനൽകി. സന്ദർശകർ പള്ളിയുടെ പവിത്രത കാത്തുസൂക്ഷിക്കും എന്ന ഉറപ്പിലാണു നടപടി.

ജമാ മസ്ജിദിന്റെ പരിസരത്ത് പെൺകുട്ടികൾ ഒറ്റയ്ക്കും കൂട്ടമായും പ്രവേശിക്കുന്നതു നിരോധിക്കാനായിരുന്നു തീരുമാനം. മസ്ജിദിന്റെ കോമ്പൗണ്ടിനുള്ളിൽ സംഗീതത്തോടുകൂടിയ വിഡിയോകൾ ചിത്രീകരിക്കുന്നതും നിരോധിച്ചിരുന്നു. തീരുമാനത്തെ ഡൽഹി വനിതാ കമ്മിഷൻ (ഡിസിഡബ്ല്യു) ചെയർപഴ്‌സൻ സ്വാതി മലിവാൾ ഉൾപ്പെടെ അപലപിച്ചിരുന്നു. സ്ത്രീകൾ ഒറ്റയ്ക്ക് വരുമ്പോൾ, മതപരമായ സ്ഥലത്ത് 'അനുചിതമായ പ്രവൃത്തികൾ' കാണപ്പെടുന്നെന്നും അത്തരം പ്രവൃത്തികൾ നിർത്തലാക്കാനാണു നിരോധനമെന്നുമായിരുന്നു മസ്ജിദിന്റെ പിആർഒ സബിയുല്ല ഖാന്റെ വിശദീകരണം.

 

ജമാ മസ്ജിദിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്കിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്നു ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു) കേന്ദ്രത്തോടും ഡൽഹി സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ജമാ മസ്ജിദിന്റെ നടപടി ലിംഗ പക്ഷപാതപരവും ആരാധിക്കുന്നതിനുള്ള മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും ഉചിതമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ചെയർപഴ്സൻ രേഖ ശർമ കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും കത്ത് നൽകിയിരുന്നു.

''ജമാ മസ്ജിദ് ഒരു ആരാധനാലയമാണ്. ആളുകളെ പ്രാർത്ഥനയ്ക്കായി സ്വാഗതം ചെയ്യുന്നു. എന്നാൽ പെൺകുട്ടികൾ ഒറ്റയ്ക്കു വന്ന് അവരുടെ ആൺസുഹൃത്തുക്കൾക്കായി കാത്തിരിക്കുകയാണ്. ഇതല്ല ഈ സ്ഥലംകൊണ്ട് അർഥമാക്കുന്നത്. അതുകൊണ്ടാണ് നിയന്ത്രണമേർപ്പെടുത്തിയത്. പള്ളിയോ ക്ഷേത്രമോ ഗുരുദ്വാരയോ ആകട്ടെ, അത് ആരാധനാലയമാണ്. അവിടെ അതിനുവേണ്ടി വരുന്നതിന് ഒരു നിയന്ത്രണവുമില്ല'' എന്നായിരുന്നു ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞത്.

സ്ത്രീകൾ ഒറ്റയ്ക്ക് വരുമ്പോൾ, മതപരമായ സ്ഥലത്ത് 'അനുചിതമായ പ്രവൃത്തികൾ' കാണപ്പെടുന്നുവെന്നും അത്തരം പ്രവൃത്തികൾ നിർത്തലാക്കാനാണു നിരോധനമെന്നും മസ്ജിദിന്റെ പിആർഒ സബിയുല്ല ഖാൻ പറഞ്ഞു. ''മസ്ജിദിൽ സ്ത്രീ പ്രവേശനം നിരോധിക്കില്ല. സ്ത്രീകൾ ഒറ്റയ്ക്കു വരുമ്പോൾ അനുചിതമായ പ്രവൃത്തികൾ കാണുകയും പരിസരത്ത് വിഡിയോകൾ ചിത്രീകരിക്കുകയും ചെയ്യുന്നു. അത്തരം പ്രവൃത്തികൾ തടയാനാണു നിരോധനം. കുടുംബങ്ങൾക്കും വിവാഹിതരായ ദമ്പതികൾക്കും മസ്ജിദ് സന്ദർശിക്കുന്നതിനു യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല'' സബിയുല്ല ഖാൻ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് വിവാദം കൊഴുത്തതും തീരുമാനം പിൻവലിച്ചതും.