ന്യൂഡൽഹി: ആകാശമധ്യേ യാത്രക്കാരൻ, ജീവനക്കാരെ കയ്യേറ്റം ചെയ്തതോടെ, ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹിക്ക് തിരിച്ചുവിട്ടു. ഡൽഹി വിമാനത്താവള പൊലീസിന് മുമ്പാകെ പരാതിപ്പെട്ട എയർലൈൻ അക്രമം കാട്ടിയ യാത്രക്കാരനെ പൊലീസിന് കൈമാറി.

പുലർച്ചെ 6.35 നാണ് എയർ ഇന്ത്യ വിമാനം ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പറന്നത്. അധികം വൈകാതെ തന്നെ അനിഷ്ട സംഭവങ്ങൾ ഉണ്ടായതോടെ, വിമാനം തിരിച്ചുവിടുകയായിരുന്നു.

എയർ ഇന്ത്യ ഫ്‌ളൈറ്റ് എ 111 പറന്നുയർന്ന ഉടൻ തന്നെ യാത്രക്കാരൻ കുഴപ്പങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. മോശം പെരുമാറ്റത്തിന് എതിരെ പലവട്ടം വിമാന ജീവനക്കാർ മുന്നറിയിപ്പ് നൽകിയെങ്കിലും, കേൾക്കാൻ കൂട്ടാക്കിയില്ല. രണ്ട് ജീവനക്കാരൈ കയ്യേറ്റം ചെയ്യാനും മുതിർന്നതോടെ കാര്യങ്ങൾ കൈവിട്ടു. ഇതോടെ ലണ്ടനിലെ ഹീത്രോ വിമാനത്താവളം ലക്ഷ്യമിട്ട് പറന്ന വിമാനം തിരിച്ചിറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. യാത്രക്കാരനെ പൊലീസിന് കൈമാറിയ ശേഷം വിമാനം വീണ്ടും ലണ്ടനിലേക്ക് തിരിച്ചതായി എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.

സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിമാനത്തിൽ സഞ്ചരിക്കുന്ന എല്ലാവരുടെയും സുരക്ഷയും അന്തസും തങ്ങൾക്ക് സുപ്രധാനമാണ്. കയ്യേറ്റം ചെയ്യപ്പെട്ട ക്രൂ അംഗങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്. യാത്രക്കാർക്ക് ഇതുമൂലം ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നതായും എയർ ഇന്ത്യ അറിയിത്തു.

കഴിഞ്ഞ മാസം ലണ്ടൻ-മുംബൈ എയർ ഇന്ത്യ ഫ്‌ളൈറ്റിൽ ലവേറ്ററിയിൽ ഇരുന്ന് പുക വലിച്ച ഒരാളെ പിടികൂടിയിരുന്നു. നവംബറിൽ, ന്യൂയോർക്ക്-ഡൽഹി ഫ്‌ളൈറ്റിൽ ശങ്കർ മിശ്ര എന്ന യാത്രക്കാരൻ മുതിർന്ന ഒരു സ്ത്രീയുടെ മേൽ മദ്യലഹരിയിൽ മൂത്രമൊഴിച്ച സംഭവം എയർ ഇന്ത്യയെ വെട്ടിലാക്കിയിരുന്നു. വേണ്ട നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടെന്ന് കാട്ടി 30 ലക്ഷം രൂപ പിഴ എയർ ഇന്ത്യയുടെ മേൽ ചുമത്തിയിരുന്നു.