തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിലെ പ്രസവത്തിന് അടിയന്തര സൗകര്യം ഒരുക്കിയ ജീവനക്കാരെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. ബുധനാഴ്ച തൃശ്ശൂരിൽ നിന്നും തൊട്ടിൽപ്പാലത്തേക്ക് പോയ ടേക്ക് ഓവർ സർവ്വീസിൽ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെട്ടു. തുടർന്ന് അവസരോചിതമായ തീരുമാനം കൈകൊണ്ട് അടിയന്തരമായി യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. ബസിനുള്ളിൽ യുവതിക്ക് സുഖപ്രസവത്തിന് സൗകര്യമൊരുക്കിയ കെഎസ്ആർടിസി തൊട്ടിൽപാലം യൂണിറ്റിലെ ഡ്രൈവർ എ.വി.ഷിജിത്ത്, കണ്ടക്ടർ ടി.പി അജയൻ എന്നിവരെ മന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

ഏറ്റവും അഭിനന്ദനാർഹവും മാതൃകാപരവുമായി സേവനമനുഷ്ഠിച്ച രണ്ട് ജീവനക്കാർക്കും ഗതാഗത വകുപ്പ് മന്ത്രിയുടെയും ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെയും അഭിനന്ദന പത്രവും കെഎസ്ആർടിസിയുടെ സത്സേവനാ രേഖയും നൽകുമെന്നും ഗതാഗത വകുപ്പുമന്ത്രി അറിയിച്ചു.

ബസിനുള്ളിൽ പിറവിയെടുത്ത കുഞ്ഞിന് മന്ത്രി കെ ബി ഗണേശ് കുമാർ സമ്മാനവും നൽകി. ഇന്ന് ഉച്ചക്ക് രണ്ടിന് അമല ആശുപത്രിയിലെത്തി കെഎസ്ആർടിസി അധികൃതരാണ് സമ്മാനം കൈമാറിയത്.

സമയോചിതമായി ഈ വിഷയത്തിൽ ഇടപെട്ട കെഎസ്ആർടിസി ജീവനക്കാരെയും ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും അനുമോദിക്കുന്നതിനായി തൃശ്ശൂർ അമല ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഒരു അനുമോദന യോഗം സംഘടിപ്പിച്ചിരുന്നു. യുവതിയുടെയും കുഞ്ഞിന്റെയും തുടർ ചികിത്സ അമല ആശുപത്രി സൗജന്യമാക്കിയിട്ടുണ്ട്.

തിരുനാവായ സ്വദേശിനിയായ 36കാരിയാണ് കെ എസ് ആർ ടി സി ബസിൽ പ്രസവിച്ചത്. തൃശൂർ അമല മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെയാണ് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് അമല മെഡിക്കൽ കോളേജിന്റെ ഐസിയുവിന് മുന്നിലേക്ക് വന്നു നിന്നത്. അഞ്ച് മിനിറ്റ് മുമ്പ് സന്ദേശം ലഭിച്ചതിനാൽ ആശുപത്രിയിലെ ജീവനക്കാർ സജ്ജമായിരുന്നു.

അങ്കമാലിയിൽ നിന്ന് തൊട്ടിൽ പാലത്തേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരി സെറീനയ്ക്ക് ആണ് പ്രസവ വേദന അനുഭവപ്പെട്ടത്. യാത്രക്കിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെയാണ് ബസ് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. തുടർന്നാണ് അമല മെഡിക്കൽ കോളേജിലേക്ക് ഫോൺ വിളിച്ച് വിവരം അറിയിച്ചത്. ബസ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു എന്നായിരുന്നു ഫോൺ കോൾ. ബസ് വന്ന് നിന്നതും ഡോക്ടർമാരും നഴ്‌സുമാരും ബസ്സിനുള്ളിലേക്ക് കയറി. യുവതിയെ പുറത്തെടുക്കാനുള്ള സ്ട്രക്ചറും തയാറാക്കി പുറത്ത് നിർത്തി. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ ബസിൽ വെച്ചുള്ള പരിശോധിച്ചപ്പോൾ പ്രസവം തുടങ്ങിയിരുന്നു. ഇതോടെ യാത്രക്കാരെയിറക്കി പെട്ടന്ന് തന്നെ കെഎസ്ആർടി ബസ് പ്രസവ മുറിയാക്കി.

ആശുപത്രിയിലെ നഴ്‌സുമാരും ഡോക്ടറും ബസിനുള്ളിൽ കയറി ആവശ്യമായ കാര്യങ്ങൾ ചെയ്തു. അരമണിക്കൂറിനുള്ളിൽ കുഞ്ഞിനെ പുറത്തെടുത്ത് പൊക്കിൾ കൊടി അറുത്തു. ബസിലെ പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും ഐസിയുവിലേക്ക് മാറ്റി. യുവതിക്ക് നല്ല ധൈര്യവും ആത്മവിശ്വാസവും ഉണ്ടായിരുന്നുവെന്നും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നിരീക്ഷണത്തിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പ്രസവ മുറിയായി മാറിയ ബസ് പിന്നീട് തൊട്ടിൽ പാലത്തേക്കുള്ള യാത്ര തുടർന്നു. ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലാണ് യുവതിക്ക് തുണയായത്.