കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന് സർപ്രൈസ് ജന്മദിനാഘോഷം ഒരുക്കി മോട്ടോർ വാഹന വകുപ്പ്. കേരളാ മോട്ടോർ വാഹന വകുപ്പിന്റെ താങ്ക്സ് സോറി പ്ലീസ് ക്യാംപെയിൻ ഉദ്ഘാടനത്തിനായി എത്തിയ ജസ്റ്റിസിന് ട്രാൻസ് പോർട്ട് കമ്മീഷ്ണർ എ.ഡി.ജി.പി എസ് ശ്രീജിത്തിന്റെയും നടി മഞ്ജു വാര്യരുടെയും സാന്നിധ്യത്തിൽ മധ്യമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷ്ണർ ഷാജി മാധവൻ പൊന്നാടയണിയിക്കുകയും മധുരം നൽകി ആഘോഷിക്കുകയുമായിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ അപ്രതീക്ഷിതമായ ജന്മദിനാഘോഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ ഏറെ ഞെട്ടിച്ചു.

തന്റെ ജന്മദിനമാണെന്ന് ആരോടും പറഞ്ഞിരുന്നില്ല എന്നും അത് കണ്ട് പിടിച്ച് തനിക്ക് ആഘോഷം ഒരുക്കിയ മോട്ടോർ വാഹന വകുപ്പിന് അദ്ദേഹം നന്ദിയും പറഞ്ഞു.ഉദ്യോഗസ്ഥർ നൽകിയ മിഠായി ജസ്റ്റിസ് ദേവൻ രാമചന്ദ്രന് തന്നെ മറ്റുള്ളവർക്ക് വിതരണം ചെയ്തു. കൂടാതെ മറ്റുള്ളവർക്കൊപ്പം സെൽഫി ഫോട്ടോയ്ക്കും പോസ് ചെയ്തു. മാർച്ച് 19 നാണ് ജന്മദിനം. ഇക്കാര്യം മനസ്സിലാക്കിയ സംഘാടകർ വളരെപെട്ടെന്ന് അദ്ദേഹത്തിന് സർപ്രൈസ് കൊടുക്കുകയായിരുന്നു.

കളമശ്ശേരി രാജ ഗിരി ഹയർസെക്കണ്ടറി സ്‌ക്കൂളിൽ ഇന്ന് വൈകിട്ടായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ താങ്ക്സ് സോറി പ്ലീസ് ക്യാംപെയിൻ. ഈ പരിപാടിയുടെ ഉദ്ഘാടകനായാണ് അദ്ദേഹം എത്തിയിരുന്നു. പരിപാടിയിൽ ലോഗോ പ്രകാശനം നടി മഞ്ജുവാര്യരായിരുന്നു. ഉദ്ഘാടന പ്രസംഗവും ലോഗോ പ്രകാശനവും കഴിഞ്ഞ ശേഷമായിരുന്നു ജന്മദിനാഘോഷം നടത്തിയത്.