- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'അമേരിക്കയില്‍ എത്തിയത് 45 ലക്ഷം രൂപ ചെലവഴിച്ച്; മാതാപിതാക്കള്‍ ഭൂമി വിറ്റും ബന്ധുക്കളില്‍ നിന്ന് പണം കടം വാങ്ങിയുമാണ് പണം തന്നത്; മെക്സിക്കോയിലൂടെ യു എസ് അതിര്‍ത്തി കടന്ന് രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ പിടിയിലായി; വേറെ വരുമാനമാര്‍ഗമില്ല; ഇന്ത്യന്‍ സര്‍ക്കാര്‍ സഹായിക്കണം'; ജീവിതം വഴിമുട്ടിയെന്ന് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ പഞ്ചാബ് സ്വദേശി
ജീവിതം വഴിമുട്ടിയെന്ന് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ പഞ്ചാബ് സ്വദേശി
ഛണ്ഡീഗഢ്: നാട്ടിലെ സ്വത്തുക്കള്‍ നഷ്ടപ്പെട്ടതോടെ വേറെ വരുമാന മാര്‍ഗമില്ലെന്നും ജീവിതം വഴിമുട്ടിയെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും അനധികൃത കുടിയേറ്റത്തിന് പിടിയിലായി അമേരിക്കയില്‍ നിന്നും നാടുകടത്തപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയ പഞ്ചാബ് സ്വദേശിയായ യുവാവ്. അമേരിക്കയില്‍ നിന്നുള്ള 119 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള രണ്ടാം ഘട്ടം ഇന്നലെ അമൃത്സറില്‍ എത്തിയിരുന്നു. ഈ സംഘത്തില്‍ ഉള്‍പ്പെട്ട പഞ്ചാബ് സ്വദേശിയായ സൗരവാണ് ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നത്.
45 ലക്ഷം രൂപ ചെലവഴിച്ചാണ് സൗരവ് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചത്. നാട്ടിലെ ഭൂമി വിറ്റും ലോണ്‍ എടുത്തുമാണ് സൗരവിനെ കുടുംബം അമേരിക്കയിലേക്ക് അയച്ചിരുന്നത്. എങ്ങനെയും അമേരിക്കയിലെത്തുക, കിട്ടുന്ന എന്ത് ജോലിയും ചെയ്ത് പണം സമ്പാദിക്കുക, എങ്ങനെയും ജീവിതത്തില്‍ വിജയിക്കുക എന്നതായിരുന്നു സ്വപ്നം. എന്നാല്‍ അനധികൃത കുടിയേറ്റത്തിന് പിടിക്കപ്പെട്ട് നാട്ടിലേക്ക് തിരിച്ചയച്ചതോടെ ഇന്ത്യന്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ് സൗരവ്.
''ജനുവരി 27 ന് ഞാന്‍ അമേരിക്കയില്‍ പ്രവേശിച്ചു,'' ഫിറോസ്പൂര്‍ നിവാസിയായ സൗരവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. മെക്സിക്കോ വഴിയാണ് താന്‍ യുഎസിലേക്ക് കടന്നതെന്ന് സൗരവ് പറയുന്നു. അതിര്‍ത്തി ഒരു പര്‍വതപ്രദേശത്തായിരുന്നുവെന്നും, സംഘം യുഎസിലേക്ക് കടക്കാന്‍ രണ്ടോ മൂന്നോ ദിവസമെടുത്തുവെന്നും സൗരവ് പറയുന്നു. ബോര്‍ഡര്‍ കടന്നതും രണ്ട് മണിക്കൂറിനുള്ളില്‍ അമേരിക്കന്‍ അധികൃതര്‍ ഇവരെ പിടികൂടിയെന്ന് യുവാവ് പറയുന്നു.
''യുഎസില്‍ പ്രവേശിച്ച് 2-3 മണിക്കൂറിനുള്ളില്‍ ഞങ്ങളെ പോലീസ് പിടികൂടി. അവര്‍ ഞങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, 2-3 മണിക്കൂര്‍ കഴിഞ്ഞ് ഞങ്ങളെ ഒരു ക്യാമ്പിലേക്ക് കൊണ്ടുപോയി. അവര്‍ ഞങ്ങളുടെ ഫോട്ടോകളും വിരലടയാളങ്ങളും എടുത്തു. ഞങ്ങള്‍ 15-18 ദിവസം ക്യാമ്പില്‍ താമസിച്ചു. രണ്ട് ദിവസം മുമ്പ്, ഞങ്ങളെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയാണെന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ വിമാനത്തില്‍ കയറിയപ്പോഴാണ് ഇന്ത്യയിലേക്ക് തിരിച്ചയക്കുകയാണെന്ന് ഞങ്ങളോട് പറഞ്ഞത്'' സൗരവ് പറയുന്നു.
അമേരിക്കയിലെത്താന്‍ 45 ലക്ഷം രൂപ സ്വരൂപിക്കാനായി മാതാപിതാക്കള്‍ ഭൂമി വിറ്റും ബന്ധുക്കളില്‍ നിന്ന് പണം കടം വാങ്ങിയെന്നും സൗരവ് പറഞ്ഞു. ''ഞാന്‍ ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ചു. എന്റെ മാതാപിതാക്കള്‍ ഞങ്ങളുടെ ഭൂമി വിറ്റ്, ബന്ധുക്കളില്‍ നിന്ന് പണം കടം വാങ്ങി. എനിക്ക് സര്‍ക്കാരില്‍ നിന്ന് സഹായം വേണം, കാരണം എന്റെ മാതാപിതാക്കള്‍ ഞങ്ങളുടെ സ്ഥലം വിറ്റ് വായ്പയെടുത്തു, പക്ഷേ അതെല്ലാം വെറുതെയായി'' സൗരവ് പറഞ്ഞു. സൗരവിന് ഇന്ത്യയില്‍ നിന്ന് യുഎസിലെത്താന്‍ ഏകദേശം ഒന്നര മാസമെടുത്തു.
'ക്യാമ്പിലെത്തിയ ഉടന്‍ അവിടുത്തെ ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ ഫോട്ടോയെടുത്തു, വിലരടയാളം രേഖപ്പെടുത്തി. 18 ദിവസത്തോളമാണ് ആ ക്യാമ്പില്‍ കഴിച്ചുകൂട്ടിയത്. അവിടെ ആരും ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഞങ്ങള്‍ പറയുന്ന ഒന്നിനും അവര്‍ ചെവിതരുന്നുണ്ടായിരുന്നില്ല. രണ്ടുദിവസം മുമ്പ് ഉദ്യോഗസ്ഥരെത്തി ഞങ്ങളെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയാണ് എന്ന് പറഞ്ഞു. വിമാനത്തില്‍ കയറിയ ശേഷമാണ്, വേറെ ക്യാമ്പിലേക്കല്ല ഇന്ത്യയിലേക്ക് തന്നെ തിരിച്ചയയ്ക്കുകയാണ് എന്ന കാര്യം ഞങ്ങളോട് പറയുന്നത്. വിമാനത്തിനുള്ളില്‍ ഞങ്ങളുടെ കൈകാലുകള്‍ ബന്ധിക്കപ്പെട്ടു. ഒടുവില്‍ ഞങ്ങള്‍ ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തപ്പെട്ടു', സൗരവ് പറയുന്നു.
'യു.എസ്. സര്‍ക്കാരിനോട് ഞങ്ങള്‍ എന്ത് പറയാനാണ്, നിയമപരമായി എന്താണോ ചെയ്യേണ്ടത് അതേ അവര്‍ ചെയ്തിട്ടുള്ളൂ. പക്ഷേ എന്റെ മാതാപിതാക്കള്‍ അവരുടെ വസ്തുവകകള്‍ വിറ്റും കടംവാങ്ങിയും സ്വരൂപിച്ച രൂപയാണ്. ഞങ്ങള്‍ക്കിപ്പോള്‍ വേറെ വരുമാനമാര്‍ഗമില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഞങ്ങളെ സഹായിക്കണം. വേറെ ആരോടും ഞങ്ങള്‍ക്ക് സഹായമഭ്യര്‍ഥിക്കാനില്ല,' സൗരവ് നിസ്സഹായനായി പറയുന്നു. എങ്ങനെയെങ്കിലും യു.എസ്. അതിര്‍ത്തി കടന്നുകിട്ടിയാല്‍ പിന്നെ രക്ഷപ്പെടാം എന്ന സ്വപ്നവുമായാണ് മിക്ക യുവാക്കളും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്.
സൗരവ് കഴിഞ്ഞവര്‍ഷം ഡിസംബര്‍ 17നാണ് ഇന്ത്യ വിട്ടത്. ആദ്യം മലേഷ്യയിലേക്ക് പോയി, അവിടെ ഒരാഴ്ച താമസിച്ചു. പിന്നീട് അടുത്ത വിമാനത്തില്‍ മുംബൈയിലേക്ക് എത്തി. അവിടെ ഞാന്‍ 10 ദിവസം താമസിച്ചു. മുംബൈയില്‍ നിന്ന് ഞാന്‍ ആംസ്റ്റര്‍ഡാമിലേക്കും പിന്നീട് പനാമയിലേക്കും ടപാചുലയിലേക്കും പിന്നീട് മെക്‌സിക്കോ സിറ്റിയിലേക്കും പോയി. മെക്‌സിക്കോ സിറ്റിയില്‍ നിന്ന് അതിര്‍ത്തി കടക്കാന്‍ 3-4 ദിവസമെടുത്തുവെന്ന് സൗരവ് പറയുന്നു. അതേസമയം സൗരവിനെ അനധികൃതമായി യുഎസിലേക്ക് കടക്കാന്‍ സഹായിച്ച ഏജന്റിന്റെ പേര് വെളിപ്പെടുത്താന്‍ സൗരവിന്റെ കുടുംബം വിസമ്മതിച്ചു.
കൈകളും കാലുകളും ബന്ധിക്കപ്പെട്ട നിലയില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കപ്പെട്ടവരില്‍ ചിലര്‍ പങ്കുവെച്ച അനുഭവകഥകളാണ് ഇപ്പോള്‍ വാര്‍ത്താമാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും പുറത്തുവരുന്നത്.
ഇത്തരത്തില്‍ അനധികൃതമായി അതിര്‍ത്തി കടന്ന് രക്ഷപ്പെട്ടവരുടെ കഥകളുമായി എത്തുന്ന ഏജന്റുമാരാല്‍ സ്വാധീനിക്കപ്പെട്ട് സകലതും നഷ്ടപ്പെട്ട് നില്‍ക്കുമ്പോഴും അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ഇരകള്‍ തയ്യാറാകുന്നില്ല എന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. അതേസമയം, ഔദ്യോഗികമായി യു.എസില്‍ എത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് ചതിക്കപ്പെട്ടവരും ഇത്തരം ഏജന്റുമാരുടെ ചതിക്കുഴിയില്‍പെടുന്നുണ്ട്. പഞ്ചാബിലെ ഹോഷിയാര്‍പുര്‍ ജില്ലയില്‍ നിന്നുള്ള ദല്‍ജിത് സിങിന്റെ കഥ അങ്ങനെ ഒന്നാണ്.
നാട്ടില്‍ തന്നെയുള്ള ട്രാവല്‍ ഏജന്റ് വഴിയാണ് ദല്‍ജിത്ത് യു.എസിലേക്ക് പോകാന്‍ ശ്രമിച്ചത്. യു.എസിലേക്ക് നേരിട്ടുള്ള വിമാനത്തില്‍ എത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത ഏജന്റ് ഒടുവില്‍ മെക്സിക്കോയിലെ ഏറ്റവും അപകടം പിടിച്ച, 'ഡോങ്കി റൂട്ട്' എന്ന വഴിയിലൂടെയാണ് ദല്‍ജിത്തിനെ യു.എസ്. അതിര്‍ത്തിയിലേക്ക് കൊണ്ടുപോയത്. ഒടുവില്‍ പോലീസ് പിടിച്ച് കുറ്റവാളിയെപ്പോലെയാണ് ദല്‍ജിത്ത് നാട്ടിലേക്ക് തിരിച്ചെത്തിയത്. തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നു എന്നും ഇത്തരം ഏജന്റുമാരെ കണ്ടെത്തി അവര്‍ക്കെതിരെ പോലീസ് കടുത്ത നടപടി സ്വീകരിക്കണമെന്നും ദല്‍ജിത്തിന്റെ ഭാര്യ കമല്‍പ്രീത് കൗര്‍ ആവശ്യപ്പെട്ടു.
ശനിയാഴ്ച രാത്രി ഇന്ത്യയിലെത്തിച്ചവരില്‍ മിക്കവരും 18-നും 30-നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ പഞ്ചാബില്‍ നിന്ന് 65 പേര്‍, ഹരിയാനയില്‍ നിന്ന് 33 പേര്‍, ഗുജറാത്തില്‍ നിന്ന് എട്ടുപേര്‍. ഉത്തര്‍പ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതം, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ വീതവുമാണ് ഉള്ളത്. അനധികൃതമായി യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ച് പിടിയിലായ ഇന്ത്യക്കാരില്‍ മൂന്നാമത്തെ സംഘം ഞായറാഴ്ച വൈകിട്ടോടെ അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തും. 157 പേരാണ് ഈ വിമാനത്തില്‍ ഉണ്ടാവുക.