ബെയ്‌റൂത്ത്: ഹിസ്ബുള്ളയുടെ റദ്വാന്‍ സേന ഉപമേധാവി മുസ്തഫ അഹമദ് ഷാഹ്ദി കൊല്ലപ്പെട്ടതായി അവകാശപ്പെട്ട് ഇസ്രയേല്‍. ഹിസ്ബുള്ളയുടെ റദ്വാന്‍ സേനയുടെ ഡപ്യൂട്ടി കമാന്‍ഡറായിരുന്നു ഇസ്രയേലിന് എതിരെ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് ഷാഹ്ദി. തെക്കന്‍ ലെബനനില്‍ ഐഡിഎഫ് സൈനികര്‍ക്ക് നേരേയുള്ള ആക്രമണങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചു. 2012-2017 കാലത്ത് സിറിയയിലെ പോരാട്ടത്തില്‍ റദ്വാന്‍ സേനയെ നയിച്ചതും മുസ്തഫ അഹമദ് ഷാഹ്ദി ആയിരുന്നു.

ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയിലെ ജനവാസകേന്ദ്രങ്ങളെയും ഐഡിഎഫിനെയും ലാക്കാക്കിയുള്ള റദ്വാന്‍ സേനയുടെ ഭീകരാക്രമണ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഷാഹ്ദിയുടെ വധം വഴിതെളിക്കുമെന്ന് ഇസ്രയേല്‍ കണക്കുകൂട്ടുന്നു.

തെക്കന്‍ ലെബനനിലെ നബാതിയെയില്‍ പോര്‍വിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മുസ്തഫ അഹമദ് ഷാഹ്ദി കൊല്ലപ്പെട്ടത്. വടക്കന്‍ ഇസ്രയേലിനെ കീഴടക്കാന്‍ ഷാഹ്ദിയും റദ്വാന്‍ സേനയും ആസൂത്രണം ചെയ്തിരുന്നുവെന്നാണ് ഇസ്രേയല്‍ ആരോപിക്കുന്നത്.

അതേസമയം, ഹിസ്ബുള്ളയുടെ പുതിയ മേധാവി നയിം ഖാസിമിന്റേത് താല്‍ക്കാലിക നിയമനമാണെന്നും അധികകാലം വാഴില്ലെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ ഭീഷണി. കൗണ്ട്ഡൗണ്‍ ആരംഭിച്ചുവെന്നും അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു. ഖാസിമിന്റെ ഫോട്ടോയൊടൊപ്പമായിരുന്നു ഹീബ്രുവിലുള്ള പോസ്റ്റ്.

കഴിഞ്ഞ മാസം ലെബനനിലെ ബെയ്റൂട്ടില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹസന്‍ നസ്റള്ളയുടെ പിന്‍ഗാമിയായാണ് ഉപമേധാവി നയിം ഖാസിമിയെ തെരഞ്ഞെടുത്തത്. ഈ മാസം ആദ്യം, ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തലവന്‍ ഹാഷിം സഫീദ്ദീന്‍ കൊല്ലപ്പെട്ടിരുന്നു.

പുതിയ മേധാവിയെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇസ്രയേല്‍ പ്രതികരണം. 1953-ല്‍ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ അതിര്‍ത്തിയിലുള്ള കഫാര്‍ ഫില ഗ്രാമത്തിലാണ് ഖാസിം ജനിച്ചത്. 1982-ല്‍ ഹിസ്ബുള്ളയുടെ സ്ഥാപകരില്‍ ഒരാളാണ്. 1991 മുതല്‍ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ്.