- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികുതി കൂട്ടി ജനങ്ങളെ പിഴിയുന്നത് ക്ഷേമപെൻഷൻ നൽകാനെന്ന് ന്യായീകരണം; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുണ്ടുമുറുക്കി ഉടുക്കാൻ ജനത്തോട് ആഹ്വാനം ചെയ്യുമ്പോഴും മന്ത്രിസഭാ വാർഷികത്തിന്റെ പേരിൽ തിയേറ്റർ പരസ്യത്തിന് 45.56 ലക്ഷം പൊടിച്ചു
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ബജറ്റിൽ, ക്ഷേമപെൻഷനുകൾ കൂട്ടാതെയും, ഇന്ധന സെസ് അടക്കം കനത്ത നികുതികൾ അടിച്ചേൽപ്പിച്ചും, സർക്കാർ ജനങ്ങളെ വരിഞ്ഞുമുറുക്കുമ്പോഴും പഴിക്കുന്നത് കേന്ദ്രസർക്കാരിനെയാണ്. ക്ഷേമ പെൻഷൻ നൽകാൻ വേണ്ടി നികുതി കൂട്ടിയെന്നാണ് ധനമന്ത്രി പറഞ്ഞത്. കേന്ദ്രം കടപരിധി കുറച്ചു, ജിഎസ്ടി കുടിശിക കിട്ടിയില്ല അങ്ങനെ പല കാരണങ്ങൾ നിരത്തി ധനമന്ത്രി അടക്കമുള്ളവർ ന്യായീകരിക്കുമ്പോഴും, അനാവശ്യ ചെലവുകൾക്ക് കുറവില്ല എന്നതാണ് വിമർശനം. അതുശരിവച്ചുകൊണ്ട് സർക്കാർ വാർഷിക ആഘോഷത്തിന്റെ ഭാഗമായി തിയേറ്റർ പരസ്യം നൽകിയതിന് രണ്ട് പരസ്യ ഏജൻസികൾക്ക് സർക്കാർ 45.5 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു.
പരസ്യ ഏജൻസികളായ ക്യൂബ് സിനിമാ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിന് 24,44,974 രൂപയും യുഎഫ് ഒ മൂവീസിന് 21,11,892 രൂപയും ചേർത്ത് ആകെ 45,56,866 രൂപയാണ് അനുവദിച്ചത്. സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾക്ക് പോലും പണം തികയാത്ത സാഹചര്യത്തിൽ ഇത് ധൂർത്താണെന്ന് പറഞ്ഞാലും ധനമന്ത്രി സമ്മതിക്കില്ല. മന്ത്രിമാർക്ക് കാറ് വാങ്ങുന്നതോ, മന്ത്രി മന്ത്രിരം മോടി പിടിപ്പിക്കുന്നതോ, ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് ലക്ഷങ്ങൾ പൊടിക്കുന്നതോ ഒന്നും ധൂർത്തല്ല എന്നാണ് കെ എൻ ബാലഗോപാൽ ന്യായീകരിക്കാറുള്ളത്.
അതേസമയം, സാമ്പത്തിക പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ രണ്ടുദിവസം മുമ്പ് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ധന വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറിനൽകരുതെന്നാണ് നിർദ്ദേശം. നിയന്ത്രണം നടപ്പാക്കുന്നതിനായി സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തണമെന്ന് ട്രഷറി ഡയറക്ടർക്ക് ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. ഇതുപ്രകാരം ബിൽ ഇൻഫർമേഷൻ ആൻഡ് മാനേജ്മെന്റ് (ബിംസ്) സോഫ്റ്റ്‌വെയറിൽ ബിൽ പരിധി ഉടൻ കുറച്ചേക്കും. ബിംസ് സോഫ്റ്റ്‌വെയർ വഴിയാണ് ട്രഷറിയിലേക്ക് ബിൽ സമർപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നതാണ് പുതിയ നിയന്ത്രണം.
ദൈനംദിന ചെലവിന് അനുമതിയുണ്ടായിരുന്ന ഒരു കോടി രൂപയാണ് ഇപ്പോൾ പത്ത് ലക്ഷമായി വെട്ടിക്കുറച്ചത്. നടപ്പുസാമ്പത്തിക വർഷം തുടക്കത്തിലും സർക്കാർ സമാനമായ രീതിയിൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അന്ന് നിയന്ത്രണത്തിന്റെ പരിധി 25 ലക്ഷമായിരുന്നു. ഒന്നാം പിണറായി സർക്കാറിന്റെ അവസാന കാലത്ത് പ്രതിസന്ധി കടുത്തപ്പോൾ അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറുന്നതിന് ധന വകുപ്പിന്റെ അനുമതി നിർബന്ധമാക്കിയിരുന്നു.
നിയന്ത്രണം നിലവിൽ വരുന്നതോടെ സർക്കാർ ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള കാര്യങ്ങളിൽ ധന വകുപ്പിന്റെ ഇടപെടൽ ആവശ്യമായി വരും. നിശ്ചിത കാലത്തേക്കാണ് നിയന്ത്രണമെന്ന് ധന വകുപ്പ് അധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും എത്രനാളത്തേക്കാണെന്ന് കൃത്യമായി വിശദീകരിച്ചിട്ടില്ല. സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ട്രഷറി നിയന്ത്രണമേർപ്പെടുത്താനുള്ള ധന വകുപ്പിന്റെ നടപടി സർക്കാറിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും അടിസ്ഥാന വികസന പ്രവർത്തനങ്ങളെയുമുൾപ്പെടെ ബാധിച്ചേക്കും.
അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ, മന്ത്രിസഭാ വാർഷികത്തിന്റെ തിയേറ്റർ പരസ്യത്തിന് 45.56 ലക്ഷം അനുവദിച്ചതിനെ യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ് നായർ പരിഹസിച്ചു.
വീണയുടെ പോസ്റ്റ് ഇങ്ങനെ
ക്ഷേമ പെൻഷൻ നൽകാൻ എന്ന പേരിൽ ജനങ്ങളെ പിഴിയണം
പക്ഷെ, മന്ത്രിസഭ വാർഷികം , തീയേറ്റർ പരസ്യത്തിന് 45.56 ലക്ഷം അനുവദിച്ച് പിണറായി ; ഉത്തരവിറക്കി
നമിച്ചു...നിങ്ങൾ ഒരു പ്രത്യേക ജനുസാണ്
മറുനാടന് മലയാളി ബ്യൂറോ