തിരുവനന്തപുരം: ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സിനിമയില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് സഹ സംവിധായികയും നടിയുമായ ദേവകി ഭാഗി. അന്ന് അഭിനയിക്കാന്‍ വിളിച്ച സിനിമയുടെ സഹ സംവിധായകന്‍ മോശമായി പെരുമാറിയതോടെ അഭിനയിക്കാതെ പിന്മാറി. പിന്നീട് പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ വീണ്ടും സിനിമയിലേക്ക് അവസരം വന്നു. അപ്പോഴും സംവിധായകന്‍ മോശമായി സംസാരിച്ചു. കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും ഓഡിഷന്‍ കഴിയുമ്പോള്‍ പേടി മാറുമെന്നും സംവിധായകന്‍ പറഞ്ഞെന്നും ദേവകി ഭാഗി പറയുന്നു. ഇതാണ് ഇപ്പോഴും സിനിമ മേഖലയില്‍ തുടരുന്നതെന്നും ഭാഗി വ്യക്തമാക്കി.

സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന വ്യക്തിയില്‍നിന്നാണ് ദുരനുഭവമുണ്ടായതെന്നും കോഴിക്കോട്ട് നടന്ന ഒരു പരിപാടിയില്‍ അവര്‍ പറഞ്ഞു.

''ഏഴാം ക്ലാസില്‍ പഠിക്കുന്ന ചെറിയൊരു കുട്ടിക്ക് അങ്ങനെയൊരു അനുഭവമുണ്ടാകുകയെന്ന് പറഞ്ഞാല്‍ മനസ്സിലാക്കേണ്ടത് സിനിമയില്‍ അത്തരം ക്രിമിനല്‍ മനസ്സുള്ള ഒരു ഗ്രൂപ്പുണ്ടെന്ന് തന്നെയാണ്. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ സിനിമയില്‍ വീണ്ടും അവസരം ലഭിച്ചു. അന്നു സംവിധായകനാണ് മോശമായി പെരുമാറിയത്. അന്ന് സംവിധായകന്‍ പറഞ്ഞത് സിനിമയിലെ എല്ലാ സ്ത്രീകളും കാസ്റ്റിങ് കൗച്ചിലൂടെ കടന്നുവന്നിട്ടുള്ളതാണെന്നാണ്. മോളുടെ പേടിയൊക്കെ സ്‌ക്രീന്‍ ടെസ്റ്റ് കഴിയുമ്പോ മാറുമെന്നും അയാള്‍ പറഞ്ഞു.

പിന്നീട് ആ സിനിമയില്‍ താല്‍പര്യമില്ലെന്ന് അയാളെ വിളിച്ചുപറയുകയാണുണ്ടായത്. എന്നിട്ടും വീണ്ടും വീണ്ടും സംവിധായകന്‍ വീട്ടുകാരെ വിളിച്ച് ശല്യം ചെയ്തു. പിന്നീട് ദേഷ്യപ്പെട്ടു പറഞ്ഞപ്പോഴാണ് ശല്യം അവസാനിച്ചത്.'' ദേവകി പറഞ്ഞു.

ഈ അടുത്തകാലത്ത് 'ആഭാസം' എന്ന സിനിമയില്‍ അഭിനയിച്ച പുതിയ കുട്ടികളെ പരിചയപ്പെട്ടപ്പോള്‍ മനസസ്സിലായത് ഇപ്പോഴും സിനിമയുടെ ഈ ഭീകരവശം ശക്തമായി മുന്നോട്ടുപോകുന്നുണ്ടെന്നാണെന്നും അവര്‍ പറഞ്ഞു.