ന്യൂഡൽഹി: വിമാനത്തിനുള്ളിലെ സഹയാത്രികരോട് മോശമായി പെരുമാറുന്നത് അടക്കം അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികൾക്ക് നിർദ്ദേശം നൽകി വ്യോമയാന മന്ത്രാലയം. മോശമായി പെരുമാറുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചത്.

വിമാനം ലാൻഡ് ചെയ്യുന്ന ഉടൻ കേസെടുക്കാനുള്ള നടപടികൾ സ്വീകരിക്കണം. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർ പരാതി നൽകിയിട്ടും കൃത്യമായ നടപടികളെടുക്കാത്ത ജീവനക്കാരുടെ നിലപാട് വ്യോമയാന മേഖലയുടെ പ്രതിച്ഛായ തകർത്തു. സംഭവങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്ത് നടപടിയുണ്ടായില്ലെങ്കിൽ പൈലറ്റ് ഇൻ കമാൻഡ് അടക്കമുള്ളവർക്കെതിരെ കർശന നടപടി വേണമെന്നും നിർദ്ദേശിച്ചു.

വിമാനത്തിനുള്ളിൽ യാത്രക്കാർ മോശമായി പെരുമാറി പ്രശ്നമുണ്ടാക്കിയാൽ സാഹചര്യം നിയന്ത്രിക്കുന്നതിന് ആവശ്യമെങ്കിൽ കെട്ടിയിടാമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് മാർഗനിർദ്ദേശം നൽകി.

വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന സമീപനങ്ങളും ഫലംകാണാതെ വന്നാൽ ആവശ്യമെങ്കിൽ മോശമായി പെരുമാറുന്ന യാത്രക്കാരെ ക്യാമ്പിൻ ക്രൂ അംഗങ്ങൾക്ക് കെട്ടിയിടാമെന്നാണ് ഡിജിസിഎ നിർദേശിച്ചത്. എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികരുടെ ദേഹത്ത് യാത്രക്കാരൻ മൂത്രമൊഴിച്ച രണ്ട് സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഡി.ജി.സി.എയുടെ കർശന നിർദ്ദേശം.

വിമാനത്തിനുള്ളിൽ യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കുന്നതിൽ വിമാനത്തിലെ പൈലറ്റ്, ക്യാമ്പിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെ പരാജയപ്പെട്ടു. ഈ സംഭവങ്ങളിൽ കൃത്യമായ നടപടികൾ സ്വീകരിക്കാതിരുന്നത് വിമാന യാത്രയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും ഡി.ജി.സി.എ ചൂണ്ടിക്കാണിച്ചു.

യാത്രക്കാരുടെ സുരക്ഷയും വിമാനത്തിനകത്തെ അച്ചടക്കവും പൈലറ്റിന്റെ ഉത്തരവാദിത്തമാണ്. യാത്രക്കാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കാൻ ക്യാമ്പിൻ ക്രൂ അംഗങ്ങൾക്ക് സാധിച്ചാലും സാഹചര്യം പെട്ടെന്നുതന്നെ വിലയിരുത്തി കൂടുതൽ നടപടികൾക്കായി എയർലൈൻ സെൻട്രൽ കൺട്രോളിനെ വിഷയം അറിയിക്കേണ്ടതും പൈലറ്റിന്റെ ഉത്തരവാദിത്വമാണെന്നും ഡിജിസിഎ മാർഗനിർദേശത്തിൽ പറയുന്നു. വിമാനക്കമ്പനികൾ നിർദേശങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകി.

നവംബർ 26ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലായിരുന്നു അപമാനകരമായ സംഭവം ഉണ്ടായത്. വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ മദ്യപിച്ചെത്തിയ ഒരാൾ എഴുപതുകാരിയുടെ നേരെ മൂത്രമൊഴിക്കുകയായിരുന്നു. ക്യാബിൻ ക്രൂ സംഭവത്തെ നിസ്സാരവത്കരിച്ചുവെന്ന് കാണിച്ച് തന്റെ നിരാശ പ്രകടിപ്പിച്ച് വനിതാ യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സംഭവം പരാതിപ്പെട്ട സ്ത്രീയ്ക്ക് ക്യാബിൻ ക്രൂ അംഗങ്ങൽ ഒരു ജോടി പൈജാമയും സ്ലിപ്പറുകളും നൽകി മടക്കി അയച്ചു. എന്നാൽ കുറ്റവാളിക്കെതിരെ ഒരു നടപടിയും അവർ സ്വീകരിച്ചില്ല. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് സ്വീകരിച്ചതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചിരുന്നു. മദ്യലഹരിയിലായിരിക്കെ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചതിന് എയർലൈൻ 30 ദിവസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തി.

നവംബർ 26-ന് എയർ ഇന്ത്യ വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷം, പാരീസ്-ഡൽഹി സെക്ടറിൽ മദ്യപിച്ച് ലക്കുകെട്ട ഒരു പുരുഷ യാത്രക്കാരൻ ഒരു സ്ത്രീ യാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചതിന്റെ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇയാൾ ഇയാൾ രേഖാമൂലം ക്ഷമാപണം നടത്തിയതിനാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നായിരുന്നു വിമാനത്താവള ഉദ്യോഗസ്ഥർ അറിയിച്ചത്.

പ്രതി മദ്യലഹരിയിലായിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെൽസ് ഫാർഗോ എന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റാണ് ശങ്കർ മിശ്ര. ശങ്കർ മിശ്രയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ അദ്ദേഹം മുംബൈയിലെ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായി ഇന്ത്യടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി പുറത്താക്കി. ഇയാൾക്കെതിരായ അന്വേഷണവുമായി സഹകരിക്കുമെന്ന് കമ്പനി അറിയിച്ചു.

കേസിൽ പ്രതിയായ ശങ്കർ മിശ്രയ്ക്ക് മുംബൈയിലും ബെംഗളൂരുവിലും ഓഫീസ് ഉള്ളതിനാൽ ഈ രണ്ട് നഗരങ്ങളിലും ഡൽഹി പൊലീസ് റെയ്ഡ് നടത്തുന്നുണ്ട്. ഈ രണ്ട് നഗരങ്ങളിലേക്കും പ്രതി പതിവായി സഞ്ചരിക്കുന്നത് കണക്കിലെടുത്താണ് നീക്കം. ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിയാണെങ്കിലും പ്രതി, ഡൽഹിയിലോ ബംഗളൂരുവിലോ ആകാം ഒളിവിലിരിക്കുന്നത് എന്നാണ് പൊലീസിന്റെ നിഗമനം

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (ലൈംഗിക പീഡനം), 294 (പൊതുസ്ഥലത്ത് അശ്ലീലം), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ), 510 (മദ്യപിച്ചെത്തി പൊതുസ്ഥലത്ത് മോശമായി പെരുമാറുക) എന്നീ വകുപ്പുകൾ പ്രകാരം ശേഖറിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിനിടെ എയർ ഇന്ത്യയ്ക്ക് ഡിജിസിഎ നോട്ടീസ് അയച്ചിരുന്നു. ന്യൂയോർക്ക്-ഡൽഹി വിമാനത്തിലെ എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കും ക്യാബിൻ ക്രൂവിനുമാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ജീവനക്കാരുടെ പെരുമാറ്റം പ്രൊഫഷണൽ അല്ലെന്നും പ്രശ്നക്കാരായ യാത്രക്കാരെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്നും പ്രഥമദൃഷ്ട്യാ വ്യക്തമായതായി ഡിജിസിഎ പറഞ്ഞിരുന്നു.