തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കാൻ അർഹരായ 8 പേരും ആ പദവി ഏറ്റെടുക്കാൻ സമ്മതമറിയിച്ചതോടെ പ്രതിസന്ധിയിലാകുന്നത് സംസ്ഥാന സർക്കാർ. സംസ്ഥാന സർക്കാർ പട്ടിക കേന്ദ്രത്തിന് അയച്ചു. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള 3 ഡിജിപിമാരും സംസ്ഥാനത്തുള്ള 5 പേരുമാണു പട്ടികയിൽ ഉള്ളത്. കേന്ദ്രത്തിന് താൽപ്പര്യമുള്ളവർക്ക് ഡിജിപിയാകാനുള്ള സാധ്യതയാണ് തെളിയുന്നത്.

കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥരായ സിആർപിഎഫ് സ്‌പെഷൽ ഡയറക്ടർ നിധിൻ അഗർവാൾ, ഇന്റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറ്കടർമാരായ ഹരിനാഥ് മിശ്ര, രവാഡ എ.ചന്ദ്രശേഖർ എന്നിവർ നേരത്തേ സമ്മതം അറിയിച്ചിരുന്നു. ഇവർക്കൊപ്പം സംസ്ഥാനത്തെ 5 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ.പത്മകുമാർ, ക്രൈംബ്രാഞ്ച് എഡിജിപി ഷേയ്ക്ക് ദർവേഷ് സാഹിബ്, സപ്ലൈകോ സിഎംഡി സഞ്ജീവ് കുമാർ പട്‌ജോഷി, ഇന്റലിജൻസ് മേധാവി എഡിജിപി ടി.കെ.വിനോദ് കുമാർ, ബവ്‌കോ എംഡി യോഗേഷ് ഗുപ്ത എന്നിവരുടേത് ഉൾപ്പെടെ 8 പേരുകളാണു കേന്ദ്ര സർക്കാരിനു നൽകിയത്.

സിആർപിഎഫ് സ്‌പെഷൽ ഡയറക്ടർ നിധിൻ അഗർവാൾ, ഇന്റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറക്ടർമാരായ ഹരിനാഥ് മിശ്ര, രവാഡ എ.ചന്ദ്രശേഖർ എന്നിവരാണു കേന്ദ്രത്തിലേക്ക് അയയ്ക്കുന്ന പട്ടികയിൽ ഉൾപ്പെടുത്താൻ സമ്മതമറിയിച്ചത്. സാധാരണ കേന്ദ്ര സർവ്വീസിലുള്ളവർ സമ്മതം നൽകാറില്ല. എന്നാൽ ഇത്തവണ അത് മാറി. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ളവരുടെ സമ്മതം പൊലീസ് ആസ്ഥാനത്തു ലഭിച്ചത് പരിഗണിച്ചാണ് തീരൂമാനം. കേന്ദ്ര സർവ്വീസിലുള്ളവരെ ഒഴിവാക്കാനുള്ള കേരളത്തിന്റെ താൽപ്പര്യമാണ് പൊളിയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ ഓഫീസിനും പത്മകുമാറിനെ പൊലീസ് മേധാവിയാക്കാനാണ് കൂടുതൽ ഇഷ്ടം. എന്നാൽ യുപി എസ് സി നൽകുന്ന മൂന്ന് പേരുടെ പട്ടികയിൽ പത്മകുമാർ ഉണ്ടാകുമോ എന്നതാണ് നിർണ്ണായകം. 30 വർഷം സർവീസ് പൂർത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണു കൈമാറുക. സംസ്ഥാന പൊലീസ് മേധാവിയായി പരിഗണിക്കാൻ കുറഞ്ഞത് 6 മാസത്തെ സർവീസും ബാക്കിയുണ്ടാകണം. യുപിഎസ് സി ചെയർമാൻ ഉൾപ്പെടുന്ന 5 അംഗ സമിതി ഈ 8 പേരിൽ നിന്നു യോഗ്യരായ 3 പേരുകൾ സംസ്ഥാന സർക്കാരിനു കൈമാറും. അതിൽ നിന്ന് ഒരാളെ സംസ്ഥാന സർക്കാരിനു പൊലീസ് മേധാവിയായി നിയമിക്കാം. മിക്കവാറും ആ മൂന്നു പേരും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ളവരാകാനാണ് സാധ്യത. അങ്ങനെ വന്നാൽ ഡിജിപിയാകാൻ ചരടു വലിക്കുന്ന കേരളത്തിലെ ഉദ്യോഗസ്ഥർക്ക് തിരിച്ചടിയാകും.

പൊലീസ് ആസ്ഥാനത്തു നിന്നു രണ്ടാഴ്ച മുൻപു പൊതുഭരണ വകുപ്പിനു പട്ടിക കൈമാറിയിരുന്നു. ഇന്റലിജൻസ്, വിജിലൻസ് ക്ലിയറൻസുകൾക്കു ശേഷമാണു പട്ടിക അയച്ചത്. 30 വർഷം സർവീസ് പൂർത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണു കൈമാറിയത്. സംസ്ഥാന പൊലീസ് മേധാവിയായി പരിഗണിക്കാൻ കുറഞ്ഞത് 6 മാസത്തെ സർവീസും ബാക്കിയുണ്ടാകണം. നിയമിക്കുന്ന പൊലീസ് മേധാവിക്കു കുറഞ്ഞതു 2 വർഷമോ അല്ലെങ്കിൽ അതിനു ശേഷവും സർവീസ് ഉണ്ടെങ്കിൽ വിരമിക്കുന്നതു വരെയോ തുടരാം.

കഴിഞ്ഞ പ്രാവശ്യം പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാൻ പട്ടിക കേന്ദ്രത്തിലേക്കു ചെന്നപ്പോൾ അതിലെ ആദ്യ സ്ഥാനക്കാരായിരിന്ന ടോമിൻ തച്ചങ്കരിക്കും സുധേഷ് കുമാറിനുമെതിരെ ഒട്ടേറെ ആരോപണങ്ങൾ ഇരുവരെയും അനുകൂലിക്കുന്ന വിഭാഗങ്ങൾ കേന്ദ്ര ആഭ്യന്തര വകുപ്പിനും യുപിഎസ്‌സിക്കും വെവ്വേറെ അയച്ചിരുന്നു. തുടർന്നാണു ചുരുക്കപ്പട്ടിക കേന്ദ്രത്തിൽ നിന്നു വന്നപ്പോൾ അനിൽ കാന്തിനു നറുക്കു വീണത്.

ഇത്തവണ പട്ടികയിലെ 8 പേരിൽ ആദ്യ 3 സ്ഥാനക്കാരായ നിധിൻ അഗർവാൾ, പത്മകുമാർ, ഷേയ്ക്ക് ദർവേഷ് സാഹിബ് എന്നിവരുടെ ചുരുക്കപ്പട്ടികയാകും കേന്ദ്രം സംസ്ഥാനത്തിനു കൈമാറുക എന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ. ഇതിൽ മുഖ്യമന്ത്രിക്കു താൽപര്യമുള്ള വ്യക്തിയെയാകും പദവിയിലേക്കു നിയോഗിക്കുക. എന്നാൽ കേന്ദ്ര സർക്കാർ അട്ടിമറിയിൽ കേന്ദ്ര ഡെപ്യൂട്ടേഷൻകാർ മാത്രമായാൽ അത് പിണറായി സർക്കാരിന് തിരിച്ചടിയാകും. അങ്ങനെ വന്നാൽ കേന്ദ്ര നോമിനി പൊലീസ് മേധാവിയാകുന്ന സാഹചര്യമുണ്ടാകും.

ഡിജിപിമാരായ അരുൺകുമാർ സിൻഹ, അഗ്‌നിരക്ഷാ സേനാ മേധാവി ബി.സന്ധ്യ, എക്‌സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ എന്നിവർ മേയിൽ വിരമിക്കുന്നതിനാൽ പട്ടികയിൽ ഇല്ല. ഇപ്പോഴത്തെ ഡിജിപി അനിൽ കാന്ത് ജൂണിലും ടോമിൻ തച്ചങ്കരി ജൂലൈയിലും വിരമിക്കും. തച്ചങ്കരിക്കും 6 മാസത്തെ സർവീസ് ബാക്കിയില്ല.