തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന്റെ കാലാവധി നീട്ടും. ഈ മാസം വിരമിക്കേണ്ട സാഹിബിന് ഒരു വർഷം കൂടി സർവ്വീസിൽ തുടരാനാകും. പൊലീസ് മേധാവിമാരുടെ കാലാവധി കുറഞ്ഞത് രണ്ടു വർഷമായിരിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്. ഇതോടെ കേരളാ പൊലീസിലെ മുതിർന്ന ഐപിഎസുകാരനായ കെ പത്മകുമാറിന് പൊലീസ് മേധാവിയാകാനുള്ള സാധ്യത പൂർണ്ണമായും അടഞ്ഞു. പൊലീസ് മേധാവിയായി ദർവേശ് സാഹിബ് ഒരു കൊല്ലം മുമ്പാണ് ചുമതലയേറ്റത്. സംസ്ഥാന പൊലീസ് തലവന് ഒരു വർഷം സർവീസ് നീട്ടാൻ സുപ്രീം കോടതി വിധിപ്രകാരം സർക്കാരിനു കഴിയും.

പൊലീസ് മേധാവിയെ നിയമിക്കാൻ കഴിഞ്ഞ വർഷം തയാറാക്കിയ ചുരുക്കപ്പട്ടികയിൽ അന്നത്തെ ജയിൽ ഡി.ജി.പി: കെ.പത്മകുമാറായിരുന്നു ഒന്നാമത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറക്ടർ ഹരിനാഥ് മിശ്രയും ഉണ്ടായിരുന്നു. പത്മകുമാറിനെ പരിഗണിക്കാതെ ദർവേശ് സാഹിബിനെ പൊലീസ് മേധാവിയാക്കുകയായിരുന്നു. അന്നത്തെ എ.ഡി.ജി.പി: ടി.കെ. വിനോദ് കുമാർ, സഞ്ജീബ് കുമാർ പട്ജോഷി, യോഗേഷ് ഗുപ്ത, നിഥിൻ അഗർവാൾ, ഹരിനാഥ് മിശ്ര, റവാഡ ചന്ദ്രശേഖർ എന്നിവരും പരിഗണനാപ്പട്ടികയിൽ ഉണ്ടായിരുന്നു. ഫയർഫോഴ്സ് ഡയറക്ടറായ കെ. പത്മകുമാർ അടുത്ത വർഷം ഏപ്രിൽ 30നു വിരമിക്കും. അതുകൊണ്ട് തന്നെ ഇപ്പോൾ സാഹിബ് വിരമിച്ചിരുന്നുവെങ്കിൽ പത്മകുമാറിന് ഒരു അവസരം കൂടി വരുമായിരുന്നു. ഇതാണ് സാഹിബിന്റെ കാലാവധി നീട്ടുന്നതിലൂടെ ഇല്ലാതാകുന്നത്.

നിഥിൻ അഗർവാൾ നിലവിൽ ബി.എസ്.എഫ്. ഡയറക്ടർ ജനറലാണ്. ഹരിനാഥ് മിശ്രയും റവാഡ ചന്ദ്രശേഖറും കേന്ദ്ര ഇന്റലിജൻസ് എ.ഡി.ജി.പിമാർ. സഞ്ജീബ് കുമാർ പട്ജോഷി കെ.പി.എച്ച്.സി: എം.ഡി. വിനോദ് കുമാർ വ്യക്തിപരമായ കാരണങ്ങളാലാണ് ദീർഘകാല അവധിക്കു പോകുന്നത്.
റവാഡ ചന്ദ്രശേഖർ ഐ.ബി. ഡയറക്ടറായി നിയമിക്കപ്പെടാനുള്ള സാധ്യതയേറെയാണ്. യോഗേഷ് ഗുപ്തയും വൈകാതെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകും. ഈ സാഹചര്യത്തിൽ അടുത്ത വർഷം വിജയ് സാഖറെ കേരളത്തിന്റെ പൊലീസ് മേധാവിയാകാനാണ് സാധ്യത. എഡിജിപി മനോജ് എബ്രഹാം അടക്കം പരിഗണിക്കപ്പെട്ടേക്കും.

വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാറിന്റെ ദീർഘകാല അവധി അപേക്ഷയിലും സർക്കാർ അനുകൂല തീരുമാനമെടുക്കും. ഇതോടെ പൊലീസ് തലപ്പത്തു വലിയ അഴിച്ചുപണിയും വരും. അടുത്ത മാസം എട്ടിന് എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, ജില്ലാ പൊലീസ് മേധാവി തലത്തിൽ മാറ്റങ്ങളുണ്ടാകും. ഷെയ്ഖിന്റെ പിൻഗാമിയായി വിജയ് സാഖറെ (എൻ.ഐ.എ) പ്രഥമ പരിഗണന പട്ടികയിൽ ഉൾപ്പെടുമെന്നാണു സൂചന. വിനോദ് കുമാർ അവധിയിൽ പോകുന്ന മുറയ്ക്കു യോഗേഷ് ഗുപ്തയ്ക്കു ഡി.ജി.പി. പദവി ലഭിക്കും.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്ന ആറിനു ഡി.ജി.പി: ദർവേഷ് സാഹിബ് മുഖ്യമന്ത്രിയെ കാണും. ജില്ലാ പൊലീസ് മേധാവിമാരുടെ കാര്യത്തിൽ അന്നു തീരൂമാനമെടുത്തേക്കും. തിരുവനന്തപുരം ഡി.സി.പി, എ.ഐ.ജി-2, വയനാട് പൊലീസ് മേധാവി, കോഴിക്കോട് കമ്മിഷണർ, കണ്ണൂർ സിറ്റി, റൂറൽ പൊലീസ് മേധാവിമാർ, തൃശൂർ കമ്മിഷണർ, കാസർഗോഡ് എസ്‌പി. അടക്കം പന്ത്രണ്ടോളം എസ്‌പിമാർക്കു മാറ്റമുണ്ടായേക്കും.

പൊലീസ് മേധാവിയായിരുന്ന അനിൽ കാന്തിന്റെ സർവീസ് കാലാവധി സംസ്ഥാന സർക്കാർ മുമ്പു നീട്ടിനൽകിയിരുന്നു. ദർവേശ് സാഹിബിന്റെ സർവീസ് നീട്ടുന്ന തീരുമാനം കേന്ദ്രസർക്കാരിനെ സംസ്ഥാന സർക്കാർ ഉടൻ അറിയിക്കും. ആന്ധ്രപ്രദേശ് സ്വദേശിയും 1990 ബാച്ചിലെ ഐ.പി.എസ്. ഓഫീസറുമാണ് ഡോ ഷെയ്ഖ് ദർവേശ് സാഹിബ്. വ്യക്തിപരമായ വിവാദങ്ങളിലൊന്നും കുടുങ്ങാത്ത ക്ലീൻ ഇമേജിന് ഉടമയാണ് അദ്ദേഹം. കേരള കേഡറിൽ എ.എസ്‌പിയായി തുടങ്ങിയ അദ്ദേഹം ഗവർണറുടെ എ.ഡി.സിയായും ഐക്യരാഷ്ട്ര സംഘടനയുടെ മിഷന്റെ ഭാഗമായി കൊസോവയിലും പ്രവർത്തിച്ചിട്ടുണ്ട്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുമായിരുന്നു. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലൻസ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അക്കാദമി ഡയറക്ടർ, ജയിൽ മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചു. ഫയർഫോഴ്സ് ഡയറക്ടറുമായിരുന്നു.