തിരുവനന്തപുരം: ബാധ്യത മറച്ചുവെച്ച് ഡിജിപി ഭൂമി വില്‍പ്പനക്ക് ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നതായി പരാതിക്കാരന്‍ ഉമര്‍ ഷെരീഫിന്റെ വെളിപ്പെടുത്തല്‍ ഉയര്‍ത്തുന്നത് നിരവധി ചോദ്യങ്ങള്‍. പരാതി ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയതായി അറിയിപ്പ് വന്നെങ്കിലും തുടര്‍നടപടി ഒന്നും ഉണ്ടായില്ലെന്നും പരാതിക്കാരന്‍. ഡിജിപിക്കെതിരെ വഞ്ചനാ കേസ് എടുക്കേണ്ട സാഹചര്യമുണ്ട്. എന്നിട്ടും കേസെടുത്തില്ല. ഇത് സര്‍ക്കാരിനേയും വെട്ടിലാക്കുന്നതാണ്. മുതിര്‍ന്ന ഐപിഎസുകാരും പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.

അഞ്ചു ലക്ഷം രൂപ ഡിജിപിക്ക് നേരിട്ട് കൈമാറിയെന്നും പറയുന്നു. ഇതും നിയമവിരുദ്ധമാണ്. രണ്ടു ലക്ഷത്തിന് മുകളിലുള്ളത് അക്കൗണ്ടു വഴി മാത്രമേ കൈകാര്യം ചെയ്യാവൂ എന്നതാണ് നിയമം. അതുകൊണ്ട് തന്നെ കള്ളപ്പണ ഇടപാടിന്റെ പരിധിയില്‍ ഈ ഇടപാടും വരും. അതുകൊണ്ട് തന്നെ ഗുരുതരമായ കേസുകള്‍ ഇതില്‍ എടുക്കേണ്ടി വരും. അഞ്ചു ലക്ഷം രൂപയുടെ സ്രോതസ്സ് അടക്കം കൈമാറിയ ആളും കാണിക്കേണ്ടി വരും. ഭൂമി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കാനും ശ്രമമുണ്ടായി എന്നാണ് അഞ്ചു ലക്ഷത്തിന്റെ കൈമാറ്റ പരാതി മുമ്പോട്ട് വയ്ക്കുന്നത്.

അതുകൊണ്ട് തന്നെ ബാധ്യത മറച്ചുവച്ച് ഭാര്യയുടെ പേരിലുള്ള ഭൂമി വില്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 10.8 സെന്റ് ഭൂമി ജപ്തി ചെയ്തുകൊണ്ടുള്ള കോടതിവിധി സംസ്ഥാന പോലീസ് മേധാവിക്ക് കുരുക്കാകും. അഡ്വാന്‍സ് തുകയില്‍ 25 ലക്ഷം ഭാര്യയുടെ അക്കൗണ്ടിലും അഞ്ചുലക്ഷം പണമായുമാണു വാങ്ങിയത്. ആദായനികുതി നിയമപ്രകാരം ഒരാള്‍ ഒരുദിവസം രണ്ടുലക്ഷം രൂപയില്‍ കൂടുതല്‍ പണമായി കൈകാര്യം ചെയ്യാന്‍ പാടില്ല. അഞ്ചുലക്ഷം രൂപ ഡി.ജി.പി. ആവശ്യപ്പെട്ടതുപ്രകാരം ഓഫീസില്‍ എത്തിച്ചുനല്‍കിയെന്നാണു പരാതിക്കാരന്‍ പറയുന്നത്. ഭൂമിക്കു ബാധ്യതയില്ലെന്നു വാക്കാല്‍ പറയുക മാത്രമല്ല, കരാറിന്റെ എട്ടാം ഖണ്ഡികയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത് വഞ്ചനാക്കുറ്റത്തിന്റെ പരിധിയില്‍വരും.

ഐപിസി വകുപ്പ് 318 (4) പ്രകാരം ആര് പരാതിപ്പെട്ടാലും പോലീസ് കേസെടുക്കേണ്ടിവരും. അഡ്വാന്‍സ് തുക അക്കൗണ്ടില്‍ സ്വീകരിച്ചതിനാല്‍ വഞ്ചനാക്കുറ്റത്തില്‍ ഭാര്യയും കുടുങ്ങുന്ന സാഹചര്യമുണ്ടാകാം. ആദായനികുതി അന്വേഷണമുണ്ടായാല്‍ പണമായി വാങ്ങിയ അഞ്ചുലക്ഷത്തിനും ഉത്തരം പറയേണ്ടിവരും. ഇത് സര്‍ക്കാരിനും പരാതിയായി നല്‍കിയിരുന്നു. കോടതിയുടെ ഉത്തരവ് സഹിതം കഴിഞ്ഞ മാസം 24 മായിരുന്നു പരാതി നല്‍കിയതെന്നും ഉമര്‍ ഷെരീഫ് വ്യക്തമാക്കി. പരാതിയുടെ പകര്‍പ്പ് പുറത്തു വന്നിട്ടുണ്ട്.

ഇതിനിടെ ഡി ജി പി യ്ക്ക് എതിരായ ഭൂമി കേസില്‍ സര്‍ക്കാര്‍ പരിശോധന തുടങ്ങി. മാധ്യമ വാര്‍ത്തകള്‍ വന്നതിനു പിറകെ ആണ് ഇടപാടിനെക്കുറിച്ചുള്ള വസ്തുതന്വേഷണം നടത്തുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാനും ഉന്നതര്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. പണം മുഴുവന്‍ നല്‍കി പ്രശ്‌ന പരിഹാരമാണ് ലക്ഷ്യം. കോടതിയില്‍ അപ്പീല്‍ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഇതെല്ലാം. ഡി.ജി.പിയുടെ ഭാര്യയുടെ പേരില്‍ പേരൂര്‍ക്കടയിലുള്ള ഭൂമി വില്‍ക്കാന്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 22-നാണ് 74 ലക്ഷം രൂപയുടെ കരാറൊപ്പിട്ടത്. 30 ലക്ഷം രൂപ അഡ്വാന്‍സും വാങ്ങി. എന്നാല്‍, ഭൂമി പണയത്തിലാണെന്നു വ്യക്തമായതോടെ പലിശയും ചെലവും ചേര്‍ത്ത് അഡ്വാന്‍സ് മടക്കിയാവശ്യപ്പെട്ട് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

അഡ്വാന്‍സ് തുക മടക്കിനല്‍കിയാല്‍ ജപ്തി നടപടി ഒഴിവാകുമെന്ന ഉപാധിയോടെയാണ് തിരുവനന്തപുരം അഡീഷനല്‍ സബ് കോടതി വിധി. ഡി.ജി.പിയെ സംബന്ധിച്ച് ഇതുമാത്രമാണ് ഏക ആശ്വാസം. വഴുതക്കാട് സ്വദേശിയും പ്രവാസിയുമായ ടി. ഉമര്‍ ഷെരീഫാണു പരാതിക്കാരന്‍. അതേസമയം, കേസില്‍ അപ്പീല്‍ നല്‍കുന്നതു സംബന്ധിച്ച് ഡി.ജി.പി. കൊച്ചിയില്‍ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ചനടത്തി. ഭൂമിക്കു വായ്പയുണ്ടെന്ന വിവരം അറിയിച്ചിരുന്നതാണെന്നും ഇടപാടില്‍നിന്നു പിന്‍വാങ്ങിയിട്ടില്ലെന്നും കൃത്യമായ കരാറുണ്ടെന്നും ഡി.ജി.പി. പറയുന്നു.

കരാര്‍പ്രകാരം മൂന്നുമാസം കഴിഞ്ഞിട്ടും ബാക്കി പണം നല്‍കാതെ അഡ്വാന്‍സ് മടക്കിച്ചോദിക്കുകയായിരുന്നു. മുഴുവന്‍ പണവും നല്‍കിയശേഷം പ്രമാണം എടുത്തുനല്‍കാമെന്നു ധാരണയുണ്ടായിരുന്നു. എന്നാല്‍, ഭൂമിക്കു ബാധ്യതയില്ലെന്നാണു കരാറിലുള്ളതെന്നു പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.