- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എല്ലാ പരിശോധനയും അതിജീവിച്ച് 5 ലക്ഷവുമായി പോലീസ് മേധാവിയുടെ മുറിയില്‍ എത്തിയ ഉമര്‍ ഷെരീഫ്; ഐപിഎസുകാര്‍ അതൃപ്തിയില്‍
തിരുവനന്തപുരം: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബിനും ഭാര്യയ്ക്കും എതിരായ കോടതി വിധിയും ബന്ധപ്പെട്ട പരാതിയും സര്‍ക്കാരിന് തലവേദനയാകുന്നു. വിഷയത്തില്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടി വരുമെന്ന വിലയിരുത്തലും സജീവം. അങ്ങനെ വന്നാല്‍ പോലീസ് മേധാവിയോട് സ്ഥാനം ഒഴിയാനും ആവശ്യപ്പെടേണ്ട സാഹചര്യമുണ്ടാകും. 74 ലക്ഷം രൂപയ്ക്കു ഭൂമി വില്‍ക്കാന്‍ സമ്മതിക്കുകയും മുന്‍കൂറായി 30 ലക്ഷം വാങ്ങുകയും ചെയ്ത ശേഷം ഡിജിപിയും ഭാര്യയും കരാര്‍ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച്, കരാറില്‍ ഉള്‍പ്പെട്ട വ്യക്തി മുഖ്യമന്ത്രിക്ക് കഴിഞ്ഞ മാസം ഓണ്‍ലൈനായി പരാതി നല്‍കിയിരുന്നു.
ഇത് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി പരിശോധിക്കുമെന്ന മറുപടിയാണു ലഭിച്ചത്. ഇതേ ആവശ്യവുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയേയും സമീപിച്ചു. അതായത് എല്ലാം സര്‍ക്കാരിന് അറിയാമായിരുന്നു. എന്നാല്‍ കേസെടുത്തില്ല. ഇതിനൊപ്പം പോലീസ് മേധാവിക്ക് കാലാവധി നീട്ടി നല്‍കുകയും ചെയ്തു. ഇതില്‍ മുതിര്‍ന്ന ഐപിഎസുകാരില്‍ ചിലര്‍ അതൃപ്തിയിലാണ്. ദര്‍വേസ് സാഹിബിനേക്കാള്‍ സീനിയോറിട്ടിയുള്ളവര്‍ അമര്‍ഷം പരോക്ഷമായി പ്രകടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. ഡിജിപിയുടെ ഭാര്യ എസ്.ഫരീദ ഫാത്തിമയുടെ പേരില്‍ പേരൂര്‍ക്കട വില്ലേജില്‍ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരത്ത് ഉള്ള 10.8 സെന്റ് ഭൂമി വില്‍ക്കാനാണ് 2023 ജൂണ്‍ 22ന് വഴുതക്കാട് ഡിപിഐ ജംക്ഷനു സമീപം ടി.ഉമര്‍ ഷെരീഫുമായി കരാര്‍ ഒപ്പിട്ടത്.
ഇതില്‍ 2 സാക്ഷികളിലൊരാള്‍ ഡിജിപിയാണ്. അസ്സല്‍ ആധാരം ലഭിക്കാതെ വന്നതോടെ, 26 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യത ഉണ്ടെന്നു മനസ്സിലാക്കി കരാര്‍ ലംഘനം ആരോപിച്ച് പണം തിരികെ ചോദിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നുവെന്ന് ഉമര്‍ ഷെരീഫ് പറയുന്നു. തുടര്‍ന്നാണു വ്യവസ്ഥകളോടെ ഭൂമി ജപ്തി ചെയ്യാന്‍ തിരുവനന്തപുരം അഡീഷനല്‍ സബ് കോടതി മേയ് 25ന് ഉത്തരവിട്ടത്. ഡിജിപി അഞ്ചു ലക്ഷം രൂപ നേരിട്ട് കൈപ്പറ്റിയെന്ന ആരോപണം സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ്. പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷമായിരുന്നു ഇത്. പോലീസ് ആസ്ഥാനത്തായിരുന്നു ഈ പണം വാങ്ങല്‍. അഞ്ചു ലക്ഷം രൂപയുമായി ഒരാള്‍ പോലീസ് ആസ്ഥാനത്ത് പരിശോധനകള്‍ എല്ലാം അതിജീവിച്ചെത്തിയെന്നതും ഞെട്ടിക്കുന്നതാണ്.
കരാര്‍ ഒപ്പിട്ട ദിവസമാണ് ആദ്യ അഡ്വാന്‍സായി 15 ലക്ഷം രൂപ ബാങ്ക് വഴി നല്‍കിയതെന്നും വീണ്ടും ആവശ്യപ്പെട്ടതോടെ 4 ദിവസത്തിനു ശേഷം 10 ലക്ഷം രൂപ കൂടി ഇങ്ങനെ നല്‍കിയെന്നും പരാതിക്കാരന്‍ പറയുന്നു. മൂന്നാമത് പണം ചോദിച്ചപ്പോള്‍ 2023 ജൂലൈ ഒന്നിന് ഡിജിപിക്ക് നേരിട്ട് 5 ലക്ഷം രൂപ നല്‍കിയത് അദ്ദേഹത്തിന്റെ ഔദ്യോഗിക ചേംബറിലാണെന്ന ആരോപണവും മുഖ്യമന്ത്രിക്കുള്ള പരാതിയിലുണ്ട്. പണവുമായി ഒരാള്‍ പോലീസ് ആസ്ഥാനത്ത് കയറിയെന്നത് വലിയ സുരക്ഷാ വീഴ്ചയാണ്. ഇതെല്ലാം പരിശോധിക്കേണ്ടി വന്നാല്‍ ആരോപണം പുതിയ തലങ്ങളിലേക്ക് എത്തിക്കും. പോലീസിലെ മുതിര്‍ന്ന ഐപിഎസുകാരും കേസ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു തന്റെ ഭാഗത്തു തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും തനിക്കാണു നഷ്ടം സംഭവിച്ചതെന്നുമുള്ള നിലപാടിലാണ് ഡിജിപി എസ്.ദര്‍വേഷ് സാഹിബ്. കൃത്യമായ കരാറോടെയാണ് വില്‍പനയില്‍ ഏര്‍പ്പെട്ടത്. ഭൂമിക്കു വായ്പ ഉണ്ടായിരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നു. മുഴുവന്‍ പണവും നല്‍കിയ ശേഷം പ്രമാണം എടുത്തു നല്‍കാമെന്നായിരുന്നു ധാരണ. മൂന്നു മാസം കഴിഞ്ഞിട്ടും പണം നല്‍കാതെ അഡ്വാന്‍സ് തിരികെ ചോദിച്ചു. നിയമപരമായി മുന്നോട്ടുപോകാനാണ് ഡിജിപിയുടെ തീരുമാനം. അടുപ്പമുള്ളവര്‍ വഴിയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അതിനിടെ കരാറില്‍ വസ്തുവിന് നിയമ ബാധ്യതയൊന്നുമില്ലെന്ന വരിയുണ്ടെന്ന് പരാതിക്കാരനും പറയുന്നു. ഇതും ഇടപാടിന്റെ ദുരൂഹത കൂട്ടുന്നു.