ചെന്നൈ: തമിഴ്സിനിമാ ലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെതായ ഇടം കണ്ടെത്തിയ നടനാണ് ധനുഷ്.ഒരു താരത്തിന് വേണ്ട ശരീര ഭാഷകളൊന്നുമില്ലാതെയെത്തി തന്റെ സ്വതസിദ്ധമായ അഭിനയ രീതികളിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത് തമിഴ് സൂപ്പര്‍ താര നിരയിലേക്ക് ധനുഷ് നടന്നുകയറിയത് വളരെ വേഗത്തിലായിരുന്നു. പിന്നീട് ധനുഷിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. നടനെന്ന നിലയില്‍ കഴിവ് തെളിയിച്ചതോടെ സാക്ഷാല്‍ രജനീകാന്തിന്റെ മരുമകനെന്ന വിലാസവും ധനുഷിനെത്തേടിയെത്തി.ഇന്ന് അഭിനയത്തിന് പുറമെ ഗായകന്‍, ഗാനരചയിതാവ്, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ ധനുഷ് തന്റെ കയ്യൊപ്പ് ചാര്‍ത്തി കഴിഞ്ഞു.

രജനീകാന്തിന്റെ മൂത്തമകള്‍ ഐശ്വര്യയെ വിവാഹം കഴിച്ചതോടെ തമിഴ്സിനിമാ ലോകത്ത് ധനുഷിന്റെ ഖ്യാതി വീണ്ടും ഉയര്‍ന്നു.ഒരുവശത്ത് വിജയത്തിന്റെ മധുരം നുണയുമ്പോഴും മറുവശത്ത് വിവാദങ്ങളുടെ കൈയ്പ്പുനീരും ധനുഷിന് രുചിക്കേണ്ടി വന്നു.രക്ഷിതാക്കളെ സംബന്ധിച്ചുള്ള വിവാദം,വിവിധ നടിമാരുമായുള്ള ഗോസിപ്പ്. സുചി ലീകസ് സുചിത്രയുടെ വെളിപ്പെടുത്തല്‍,ശിവകാര്‍ത്തികേയനുമായുള്ള ശീതയുദ്ധം,വിവാഹമോചനം,ഒടുവിലിപ്പോഴിത നയന്‍താരയുടെ തുറന്നുപറച്ചിലും. എത്രയൊക്കെ വിജയം കൊയ്തോ അത്ര തന്നെ വിവാദത്തിലും ധനുഷ് ചെന്നു പെട്ടിട്ടുണ്ട്.

കരിയറിന്റെ ഉയര്‍ച്ചയെ പിടിച്ചുലച്ച രക്ഷിതാക്കള്‍ വിവാദം

ധനുഷിന്റെ മാതാപിതാക്കളെന്ന അവകാശവുമായി വൃദ്ധ ദമ്പതികള്‍ രംഗത്ത് വന്നത് കോളിവുഡിലെ തന്നെ വലിയ വിവാദമായിരുന്നു. മധുരൈയിലുള്ള കതിരേശനും മീനാക്ഷിയുമാണ് ധനുഷ് തങ്ങളുടെ ഇളയമകനാണെന്ന അവകാശവാദവുമായി കോടതിയിലെത്തിയിരുന്നത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ടുപോയതാണെന്നുമായിരുന്നു ദമ്പതികളുടെ വാദം. 1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും ദമ്പതികള്‍ അവകാശപ്പെടുന്നു. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നാവശ്യപ്പെട്ടാണു കോടതിയെ സമീപിച്ചത്. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കി.

ഒടുവില്‍ ഡിഎന്‍എ ടെസ്റ്റിനുവരെ ദമ്പതികള്‍ വെല്ലുവിളി നടത്തിയെങ്കിലും നിയമപോരാട്ടത്തില്‍ ധനുഷ് വിജയം കാണുകയായിരുന്നു. മധുരൈയിലെ കോടതിയിലാണ് ദമ്പതികള്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍, പിന്നീട് ഹൈക്കോടതി കേസ് തള്ളിയിരുന്നു.ധനുഷിന്റെ ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ പരിശോധിച്ചായിരുന്നു മദ്രാസ് ഹൈക്കോടതി കേസ് തള്ളിയത്. പിന്നീട്, മധുരൈ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച കതിരേശന്‍ ധനുഷിന്റെ പിതാവ് കസ്തൂരി രാജ വ്യാജ രേഖകളാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന വാദിച്ചു. എന്നാല്‍ 2020 ല്‍ ഈ കേസും കോടതി തള്ളി.

ശേഷം ദമ്പതികള്‍ക്കെതിരെ ധനുഷ് മാനനഷ്ടക്കേസ് നല്‍കി.തന്റെ പിതാവ് കസ്തൂരി രാജയോട് മാപ്പ് ചോദിക്കണമെന്നും ഭാവിയില്‍ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കരുതെന്നും ആവശ്യപ്പെട്ടാണ് ധനുഷ് നോട്ടീസ് നല്‍കിയത്. അഭിഭാഷകന്‍ ഹാജ മൊഹിദ്ദീന്‍ ഗിസ്തിയാണ് ധനുഷിന് വേണ്ടി നോട്ടീസ് അയച്ചത്. ഇതിനു നല്‍കിയ മറുപടിയില്‍ ധനുഷ് നോട്ടീസ് പിന്‍വലിക്കണമെന്നാണ് ദമ്പതികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ധനുഷിന്റെ മാതാപിതാക്കളാണെന്ന അവകാശവാദം പിന്‍വലിക്കില്ലെന്നും ധനുഷിന്റെ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും കതിരേശന്‍ അഭിഭാഷകന്‍ മുഖേന അറിയിച്ചു. ഇതോടെയാണ് ഈ വിവാദത്തിന് താല്‍ക്കാലിക തിരശ്ശീല വീണത്.

സുചിലീക്സും ഫോട്ടോകളും സ്വവര്‍ഗ്ഗാനുരാഗിയെന്ന ആക്ഷേപവും

2017 മുതലാണ് ധനുഷ് നിരന്തരം വിവാദ വാര്‍ത്തകളില്‍ നിറഞ്ഞത്.സുചി ലീക്ക്‌സ് എന്ന പേരില്‍ ട്വിറ്ററിലൂടെ ഗായിക സുചിത്ര പുറത്ത് വിട്ട താരങ്ങളുടെ സ്വകാര്യ ദൃശ്യങ്ങളായിരുന്നു വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ധനുഷിനൊപ്പമുള്ള അമല പോളിന്റെയും തൃഷ അടക്കമുള്ള പ്രമുഖ നടിമാരുടെ ദൃശ്യങ്ങളും ഇത്തരത്തില്‍ പുറത്ത് വന്നു. എന്നാല്‍ തന്റെ ഭര്‍ത്താവായ കാര്‍ത്തിക് കുമാറും ധനുഷും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു സുചിത്രയുടെ പ്രധാന ആരോപണം.

കാര്‍ത്തിക്കുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായിട്ടും കുട്ടികളില്ലാതെ വന്നതോടെ ഡോക്ടറെ കാണാന്‍ പോയിരുന്നു. അപ്പോഴാണ് കാര്‍ത്തിക്കിന് കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടര്‍ പറയുന്നത്.മാത്രമല്ല കാര്‍ത്തിക്ക് ഒരു ഗേ ആണെന്ന സംശയം തനിക്ക് നേരത്തെ തോന്നിയിരുന്നു.രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഇടയ്ക്കിടെ അദ്ദേഹം ഒരുമിച്ച് കൂടാറുണ്ടായിരുന്നു.അവര്‍ ബോയ്ഫ്രണ്ട്‌സായിരുന്നെന്ന് പിന്നീടാണ് എനിക്ക് മനസിലായത്.

കാര്‍ത്തിക്കിന്റെ ആ സുഹൃത്തെന്ന് സുചിത്ര പറഞ്ഞത് നടന്‍ ധനുഷിനെയായിരുന്നു.ധനുഷും തന്റെ മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാറും സ്വവര്‍ഗാനുരാഗികള്‍ ആണ്.കാര്‍ത്തിക് എപ്പോഴും ധനുഷിനൊപ്പം അടച്ചിട്ട മുറിയിലാണെന്നും അവര്‍ക്കിടയില്‍ മറ്റ് ചില ബന്ധങ്ങളുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.ഇതിനുപുറമെ തൃഷ,അമല പോള്‍ തുടങ്ങിയവരുടെ വ്യക്തി ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളില്‍ ധനുഷിന്റെ പേര് നേരത്തെ ഉയര്‍ന്ന് വന്നിരുന്നു.വ്യവസായി വരുണ്‍ മന്യനെ 2015 ല്‍ വിവാഹം ചെയ്യാനിരുന്നതാണ് തൃഷ.ഇരുവരും പ്രണയത്തിലായിരുന്നു.എന്നാല്‍ വിവാഹ നിശ്ചയത്തിന് പിന്നാലെ ഇവര്‍ ബന്ധത്തില്‍ നിന്ന് പിന്മാറി. അന്ന് ധനുഷിനെ ചേര്‍ത്ത് ചില ഗോസിപ്പുകള്‍ വന്നു.




സിനിമാ ലോകവുമായി ബന്ധമുള്ളയാളാണ് വരുണ്‍ മന്യന്‍. ധനുഷും വരുണ്‍ മന്യനും തമ്മില്‍ അത്ര സ്വര ചേര്‍ച്ചയില്‍ ആയിരുന്നില്ല. വിവാഹ നിശ്ചയത്തിന് ധനുഷ് എത്തി.തൃഷയുടെ ക്ഷണ പ്രകാരമായിരുന്നു വരവ്.എന്നാല്‍ ഇത് വരുണിന് ഇഷ്ടപ്പെട്ടില്ലെന്നും വിവാഹ നിശ്ചയ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട് തൃഷയും വരുണും തമ്മില്‍ പ്രശ്നമുണ്ടായെന്ന് അന്ന് അഭ്യൂഹങ്ങള്‍ വന്നു.സിനിമാ ലോകവുമായുള്ള ബന്ധം ഉപേക്ഷിക്കാനും കരിയര്‍ വിടാനും നടി തയ്യാറായിരുന്നില്ല. ഇതാണ് ഇവര്‍ ബന്ധം വേണ്ടെന്ന് വെക്കാന്‍ കാരണമായതെന്നാണ് അഭ്യൂഹം.

നടി അമല പോളും സംവിധായകന്‍ എഎല്‍ വിജയും വിവാഹ മോചിതരായപ്പോഴും ധനുഷിന്റെ പേര് ഉയര്‍ന്ന് വന്നു.ധനുഷിനൊപ്പം വിഐപി എന്ന സിനിമയില്‍ അഭിനയിച്ച ശേഷമായിരുന്നു അമല പോളിന്റെ വിവാഹം. വിവാഹ ശേഷം സിനിമാ രംഗം വിടാന്‍ അമല തീരുമാനിച്ചതാണ്. എ എല്‍ വിജയ്ക്കും വീട്ടുകാര്‍ക്കും ഇത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം അമലയ്ക്ക് അമ്മക്കണക്ക് എന്ന സിനിമയില്‍ അവസരവുമായി ധനുഷ് എത്തി. ധനുഷാണ് ഈ സിനിമ നിര്‍മ്മിച്ചത്. അമല സിനിമയില്‍ അഭിനയിക്കാനും തയ്യാറായി.ഇത് എഎല്‍ വിജയുമായുള്ള വിവാഹ ജീവിതത്തില്‍ പ്രശ്നമായി.എല്‍ വിജയുടെ പിതാവ് എഎല്‍ അഴകപ്പന്‍ ഇക്കാര്യം അന്ന് ഒരു അഭിമുഖത്തില്‍ തുറന്ന് പറയുകയും ചെയ്തു.

2014 ല്‍ വിവാഹിതരായ എഎല്‍ വിജയും അമല പോളും 2017 ലാണ് വേര്‍പിരിഞ്ഞത്.ധനുഷും അമല പോളും പ്രണയത്തിലാണെന്ന് അക്കാലത്ത് ഗോസിപ്പ് വന്നിരുന്നു.എന്നാല്‍ അമല പോള്‍ ഇത് നിഷേധിച്ചു.രണ്ട് നടിമാരുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ ധനുഷ് കാരണക്കാരനായെന്നാണ്് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ചകള്‍.

ഐശ്വര്യയുമായുള്ള വിവാഹമോചനം

ഗോസിപ്പുകള്‍ അക്കാലത്ത് ധനുഷിന്റെ കുടുംബത്തെ പ്രത്യക്ഷത്തില്‍ ബാധിച്ചില്ലെങ്കിലും പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ധനുഷിന്റെ വിവാഹ ബന്ധവും തകര്‍ന്നു.പൊതുവെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ധനുഷ് എവിടെയും സംസാരിക്കാറില്ല.2005 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. ധനുഷിനെ വെച്ച് ഐശ്യര്യ 3 എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.ധനുഷിന്റെ കരിയറിന് വലിയ പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു ഐശ്വര്യ.

17 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. എന്തിനാണ് പിരിഞ്ഞതെന്ന് ഇപ്പോഴും ഇവര്‍ തുറന്ന് പറഞ്ഞിട്ടില്ല. വിവാഹ ബന്ധം പിരിഞ്ഞെങ്കിലും ഇവര്‍ തമ്മിലുള്ള സൗഹൃദം നിലനില്‍ക്കുന്നുണ്ട്. ധനുഷിനെക്കുറിച്ച് ഐശ്വര്യ അഭിമുഖങ്ങളില്‍ ഇപ്പോഴും സംസാരിക്കാറുണ്ട്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ കാര്യങ്ങളില്‍ രണ്ട് പേരും തുല്യ ഉത്തരവാദിത്വം കാണിക്കുന്നു. ഇതിനിടയില്‍ ഇ കഴിഞ്ഞ മാസം പുതിയൊരു ട്വിസ്റ്റും വന്നിരുന്നു. ഇരുവരുടെ വിവാഹമോചന കേസില്‍ വാദം കഴിഞ്ഞ ഒക്ടോബര്‍ 9നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ധനുഷും ഐശ്വര്യയും ഈ ദിവസം കോടതിയില്‍ ഹാജറായില്ല.

ഇതോടെ ചെന്നൈ പ്രിന്‍സിപ്പല്‍ ഫാമിലി കോര്‍ട്ട് ജഡ്ജ് ശുഭദേവി കേസ് ഒക്ടോബര്‍ 19ലേക്ക് മാറ്റി. കക്ഷികളോട് നിര്‍ബന്ധമായി ഹജറാകാനും ആവശ്യപ്പെട്ടുവെന്നാണ് വിവരം. അതേസമയം ചില തമിഴ് മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പ്രകാരം ഐശ്വര്യ രജനീകാന്തും ധനുഷും വീണ്ടും ഒന്നിക്കാന്‍ പോകുന്നുവെന്നാണ് വിവരം. ഇതിനാലാണ് വിവാഹ മോചനക്കേസ് വാദം ഇരുവരും ഒഴിവാക്കിയത് എന്നാണ് അഭ്യൂഹങ്ങള്‍. ഐശ്വര്യയും ധനുഷും വിവാഹമോചനത്തിനുള്ള തീരുമാനം പുനഃപരിശോധിക്കുകയാണ്. ഇതിലേക്ക് നയിച്ചത് ഐശ്വര്യയുടെ പിതാവ് നടന്‍ രജനികാന്തിന്റെ ആരോഗ്യനിലയും അടുത്തിടെ ഉണ്ടായ ഹൃദയ ചികില്‍സയുമാണ് എന്നാണ് അനുമാനം.

കുടുംബ തര്‍ക്കങ്ങള്‍ രജനികാന്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് വിശ്വസ്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനാല്‍ അച്ഛന്റെ മനസ്സമാധാനത്തിനായി വിവാഹമോചനം പിന്‍വലിക്കുന്നതിനെക്കുറിച്ച് ഐശ്വര്യ ആലോചിക്കുന്നതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു

കൂടാതെ ഐശ്വര്യയുടെയും ധനുഷിന്റെയും മക്കളും അവരുടെ മാതാപിതാക്കള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് വിവരം. ഇത് അവരുടെ പുനര്‍വിചിന്തനത്തെ കൂടുതല്‍ സ്വാധീനിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇതിനിടയിലാണ് പുതിയ വിവാദം

ശിവകാര്‍ത്തികേയന്റെ പ്രസംഗം മുനവച്ചത് ധനുഷിനെയോ?

സമീപകാലത്ത് ധനുഷിന്റെ പേര് ചര്‍ച്ചയായ മറ്റൊരു വിവാദമാണ് ശിവകാര്‍ത്തികേയന്റെ പ്രസംഗവുമായി ബന്ധപ്പെട്ടുള്ളത്. ശിവകാര്‍ത്തികേയന്‍ നിര്‍മ്മിച്ച കൊട്ടുകാളി എന്ന ചിത്രത്തിന്റെ ലോഞ്ചിംഗ് ഈവന്റിലായിരുന്നു വിവാദത്തിന്് തിരികൊളുത്തിയ ശിവ കാര്‍ത്തികേയന്റെ സംസാരം. ശിവകാര്‍ത്തികേയന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.




''ഞാന്‍ ആരെയെങ്കിലും കണ്ടെത്തി അവര്‍ക്ക് ഒരു ഐഡന്റിറ്റി നല്‍കിയെന്നോ അവര്‍ക്ക് ജീവിതം നല്‍കി അവരെ നന്നാക്കിയെന്നോ ഞാന്‍ പറയില്ല. കാരണം എന്നെ അങ്ങനെ പറഞ്ഞ് പറഞ്ഞ് കണ്ടീഷന്‍ ചെയ്തതാണ്. ഞാന്‍ അത്തരത്തിലുള്ള ആളല്ല, നിങ്ങള്‍ക്ക് എന്റെ ഒരു സുഹൃത്തിനെ പരിചയപ്പെടുത്തുന്നത് പോലെ ഒരാളെ പരിചയപ്പെടുത്തുന്നതിനുള്ള എന്റെ ശ്രമമാണ് ഇത്. ഒരു നടനെന്ന നിലയില്‍ നിങ്ങള്‍ എനിക്ക് നല്‍കിയ സ്ഥാനത്ത് നിന്ന്, അത് ശരിയായി ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഇത്തരം ശ്രമങ്ങള്‍ തുടരും''

ശിവകാര്‍ത്തികേയന്‍ ആരുടെയും പേര് പരാമര്‍ശിക്കുകയോ എടുത്ത് പറയുകയോ ചെയ്തില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിരവധി നെറ്റിസണ്‍സ് ശിവകാര്‍ത്തികേയന്റെ ഈ പ്രസ്താവനയെ ധനുഷുമായി ബന്ധപ്പെടുത്തിയാണ് വ്യഖ്യാനിച്ചത്. ടെലിവിഷന്‍ പരിപാടികളുടെ അവതാരകനായ ശിവകാര്‍ത്തികേയന്‍ സിനിമയില്‍ എത്തുന്നത് ധനുഷ് നായകനായ മൂന്ന് എന്ന ചിത്രത്തിലെ ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ചാണ്. ആദ്യമായി ശിവകാര്‍ത്തികേയന്‍ നായകനായ എതിര്‍ നീച്ചല്‍ നിര്‍മ്മിച്ചതും ധനുഷാണ്. അത് വന്‍ വിജയവും ആയിരുന്നു.

മുന്‍പ് പല വേദികളിലും ശിവകാര്‍ത്തികേയനെ സിനിമ രംഗത്ത് കൈപിടിച്ച് ഉയര്‍ത്തിയത് ധനുഷാണ് എന്നത് സംസാരമായിട്ടുണ്ട്. ഇതെല്ലാം ഉദ്ദേശിച്ചാണ് 'എന്നെ അങ്ങനെ പറഞ്ഞ് പറഞ്ഞ് കണ്ടീഷന്‍ ചെയ്തതാണ്' എന്ന ശിവകാര്‍ത്തികേയന്റെ വാചകം എന്നാണ് ഉയര്‍ന്ന ചര്‍ച്ച. ഇങ്ങനെ വിവാദങ്ങള്‍ ധനുഷിന്റെ കരിയറില്‍ ഒരു പുതിയ സംഭവമല്ല. ഒരോ തവണ വിവാദങ്ങള്‍ ഉണ്ടായപ്പോഴും സംവിധായകനായോ നടനായോ ഹിറ്റടിച്ചാണ് താരം മറുപടി നല്‍കിയത്.നയന്‍താരയുടെ തുറന്ന കത്തിന് ധനുഷിന്റെ മറുപടി എന്തായിരിക്കുമെന്ന ആകാംഷയിലാണ് കോളിവുഡും സിനിമാ പ്രേമികളും.