ധര്‍മ്മസ്ഥല: ഹോളിവുഡ് സിനിമകളെപ്പോലം അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു, കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. കൈയും കാലും വെട്ടിയതും മാനംഭംഗം ചെയ്യപ്പെട്ടതുമായ പെണ്‍കുട്ടികളുടെതടക്കം നൂറോളം മൃതദേഹങ്ങള്‍ താന്‍ അടക്കം ചെയ്തുവെന്ന് ക്ഷേത്രത്തിലെ മുന്‍ ശുചീകരണത്തൊഴിലാളി ചിന്നയ്യ വെളിപ്പെടുത്തിയപ്പോള്‍, ഇന്ത്യ നടുങ്ങി. ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ അധികൃതരാണ് തനിക്ക് ഇവ അടക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നത് എന്ന് ചിന്നയ്യ വെളിപ്പെടുത്തിയിരുന്നു. താന്‍ കുഴിച്ചിട്ട ഒരു തലയോട്ടിയുമായാണ് അയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്്. ഇതിന് തൊട്ടുപിന്നാലെ സുജാത് ഭട്ട് എന്ന സ്ത്രീയും തന്റെ മകള്‍ ധര്‍മ്മസ്ഥലയില്‍ വച്ച് കൊല്ലപ്പെട്ടുവെന്നും, കര്‍മ്മം ചെയ്യാനെങ്കിലും മകളുടെ അസ്ഥിയെങ്കിലും എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ശുചീകരണത്തൊഴിലാളി പറഞ്ഞ് സ്ഥലത്ത് കുഴിക്കലും ആരംഭിച്ചിരുന്നു.

പക്ഷേ രണ്ട് കോടിയോളം രൂപ ചെലവിട്ട് രണ്ടാഴ്ചയോളം നേത്രാവതി നദിക്കരയില്‍ കുഴിച്ചില്‍ നടത്തിയിട്ടും ആകെ രണ്ട് അസ്ഥികൂടങ്ങള്‍ മാത്രമാണ് കിട്ടിയത്. അതും ശുചീകരണത്തൊഴിലാളി ചിന്നയ്യ പറഞ്ഞ സ്ഥലത്തുനിന്നായിരുന്നില്ല. അയാള്‍ പെണ്‍കുട്ടിയുടെത് എന്ന് പറഞ്ഞ് ഹാജരാക്കിയ തലയോട്ടി ഒരു പുരുഷന്റെതാണ് എന്ന് തെളിഞ്ഞു. സുജാതഭട്ടിനാവട്ടെ അനന്യഭട്ട് എന്ന ഒരു മകള്‍പോലും ഇല്ല എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതോടെയാണ്, കേരളത്തിലെ ലോറിക്കാരന്‍ മനാഫ് അടക്കം പൊലിപ്പിച്ചുകൊണ്ടുവന്ന കേസ് വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ മനാഫിനെയടക്കം പൊലീസ് ചോദ്യം ചെയ്തിരുന്നു. തിമ്മയ്യ അറസ്റ്റിലായി. ഇപ്പോള്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍, വാദികള്‍ എല്ലാം പ്രതിയായി മാറിയിരിക്കയാണ്.

വാദികള്‍ മൊത്തം പ്രതികള്‍

ധര്‍മ്മസ്ഥല കൂട്ടക്കുഴിമാടം കേസ് ഇപ്പോള്‍ ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസായി മാറിയിരിക്കയാണ്. ആദ്യഘട്ടത്തിലെ വാദികളെ മൊത്തം പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി കോടതിയിലാണ് എസ്.ഐ.ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുഴുവന്‍ കേസും പ്രതികള്‍ കെട്ടിചമച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ധര്‍മ്മസ്ഥല ക്ഷേത്ര അധികൃതര്‍ക്ക് എസ്.ഐ.ടി ക്ലീന്‍ ചിറ്റ് നല്‍കി. വ്യാജ ആരോപണങ്ങളും അവയുടെ പശ്ചാത്തലവും അടക്കം സമഗ്രമായ അന്വേഷണത്തിനൊടുവില്‍ 3,900 പേജുള്ള റിപ്പോര്‍ട്ടാണ് എസ്.ഐ.ടി കോടതിയില്‍ സമര്‍പ്പിച്ചത്.

ശുചീകരണ തൊഴിലാളി ചിന്നയ്യ , മഹേഷ് ഷെട്ടി തിമ്മറോഡി, ഗിരീഷ് മട്ടന്നനവര്‍, ജയന്ത്, വിത്തല്‍ ഗൗഡ, സുജാത ഭട്ട് എന്നിവരാണ് വ്യാജ വെളിപ്പെടുത്തല്‍ കേസിലെ പ്രതികള്‍. ആറുപേരെയും അറസ്റ്റ് ചെയ്യാന്‍ എസ്.ഐ.ടി കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. വ്യാജ വെളിപ്പെടുത്തല്‍ നടത്താന്‍ ചിന്നയ്യയ്ക്ക് പണം നല്‍കുകയും മൊഴികള്‍ നല്‍കാന്‍ പരീശീപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിമ്മറോഡിയുടെ വസതിയില്‍ ഗൂഢാലോചന നടന്നത്. ഇത് തെളിയിക്കുന്ന വീഡിയോ ക്ലിപ്പുകള്‍, ബാങ്ക് ഇടപാട് തെളിവുകള്‍, ഇലക്ട്രോണിക് ഡാറ്റ, സാക്ഷി മൊഴികള്‍ എന്നിവയും എസ്.ഐ.ടി ഹാജരാക്കിയിട്ടുണ്ട്.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎല്‍എസ്എസ്) സെക്ഷന്‍ 215 പ്രകാരം ബെല്‍ത്തങ്ങാടി കോടതിയിലാണ് റിപ്പോട്ട് സമര്‍പ്പിച്ചത്. 3,900 പേജുകളുള്ളതാണ് കുറ്റപത്രം. വ്യാജ രേഖ ചമയ്ക്കല്‍, വ്യാജ തെളിവുകള്‍ നല്‍കല്‍, മറ്റ് കുറ്റകൃത്യങ്ങളടക്കം പ്രതികള്‍ക്കെതിരെ ചുമത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.കഴിഞ്ഞ നാല് മാസത്തിനിടെ സംഭവങ്ങളുടെ ക്രമം നിര്‍ണയിച്ച്, സംഭവത്തില്‍ ഉള്‍പ്പെട്ടെന്നു കരുതുന്ന ഓരോ വ്യക്തിയുടേയും പങ്ക് വ്യക്തമാക്കുന്നതിനുമായി എസ്ഐടി സാക്ഷി മൊഴികളും ഡിജിറ്റല്‍, സാഹചര്യത്തെളിവുകളും പരിശോധിച്ചു. പല തവണകളായി ചോദ്യം ചെയ്യലുകളും നടത്തി. സാങ്കേതിക, ശാസ്ത്രീയ തെളിവുകള്‍ക്കായി അന്വേഷണ സംഘം ഫോറന്‍സിക് ഏജന്‍സികളെ സമീപിച്ചിട്ടുണ്ട്. ഇതടക്കം കിട്ടിയ ശേഷം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അതേസമയം, ആറുപേരില്‍ മാത്രം ഒതുങ്ങതല്ല കേസെന്നും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട അര്‍ബന്‍ നക്‌സലുകള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുപ്പമുള്ളവരാണെന്നും ബിജെപി നേതാവ് ബി വൈ വിജയേന്ദ്ര നിയമസഭയില്‍ പറഞ്ഞു. ധര്‍മ്മസ്ഥലയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ബുറുഡെ ഗ്യാങിനെ പേര് ഇപ്പോള്‍ എസ്ഐടിയുടെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെ കുറിച്ച് എസ്.ഐ.ടി വിശദമായി അന്വഷിച്ചിട്ടില്ല. ഗൂഢാലോചന മുഴുവന്‍ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ സുജാതഭട്ടിന്റെ അറസ്റ്റും ഉടന്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. കേസിന്റെ വിചാരണ ഡിസംബര്‍ 7ന് തുടങ്ങിയിട്ടുണ്ട്.

ചിന്നയ്യക്ക് മനോരോഗം

അതിനിടെ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളി ചിന്നയ്യ, മാനസിക വിഭ്രാന്തിയുള്ളയാണെന്നും സംശയമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ അങ്ങനെ മൊഴി നല്‍കിയിട്ടുണ്ട്. ചിന്നയ്യയുടെ വാക്കുകേട്ട് നടത്തിയ കുഴിക്കലിനിടെ രണ്ട് അസ്ഥികൂടങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇവിടം ശ്മാശാന ഭൂമിയാണെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. ധര്‍മ്മസ്ഥല ക്ഷേത്രപരിസരത്ത് വച്ച് മരിക്കുന്ന യാചകരെയും, ഉപേക്ഷിക്കപ്പെട്ടവരെയുമെല്ലാം ഇവിടെയാണ് സംസ്‌ക്കരിച്ചത് എന്നാണ് പറയുന്നത്.

ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റി അംഗം ജയന്ത് ടി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറയുന്നത് ഇവിടെ നൂറുകണക്കിന് കൊലപാതകങ്ങള്‍ നടന്നുവെന്നാണ്. ഈ ജയന്തും കേസില്‍ പ്രതിയാണ്. ധര്‍മ്മസ്ഥല ക്ഷേത്രവുമായി ഭൂമിസംബന്ധമായ കേസുള്ള, ജയന്തും തിമ്മറോഡിയുമൊക്കെ കെട്ടിച്ചമച്ചതാണ് കേസ് എന്നും പറയുന്നു. 1987-ല്‍ പത്മലത എന്ന 17കാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവവുമായി ബന്ധപ്പെട്ട് വലിയൊരു പ്രതിഷേധ പ്രകടനം നടന്നു. 2012-ല്‍ സൗജന്യ എന്ന പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം കര്‍ണാടകത്തിലാകമാനം പ്രതിഷേധങ്ങളുയര്‍ത്തിയിരുന്നു. പക്ഷേ ഇതെല്ലാം വേറെ വേറെ സംഭവങ്ങളാണെന്നും ധര്‍മ്മസ്ഥല കൂട്ടക്കുഴിമാട കേസുമായി ഇതിന് ബന്ധമില്ലെന്നുമാണ് എസ്‌ഐടി പറയുന്നത്. ഒറ്റക്ക് ജീവിക്കുന്ന സജാത ഭട്ടിന്റെ വിരക്തി മുതലെടുത്ത് അവരെ ധര്‍മ്മസ്ഥലക്കെതിരെ, റിയല്‍ എസ്റ്റേറ്റ് സംഘം തിരിക്കയായിരുന്നുവെന്നാണ് എസ്‌ഐടി പറയുന്നത്. ഇവര്‍ക്ക് പണം കൊടുത്തതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.