- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'2003-ല്‍ അനന്യ ഭട്ട് എന്ന ഒരു പെണ്‍കുട്ടി കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ പഠിച്ചിട്ടില്ല; സുജാത ഭട്ട് അര്‍ബന്‍ നക്സലൈറ്റ്; മകളുടെ ചിത്രം പോലും വ്യാജം'; ഗുരുതര ആരോപണവുമായി വിശ്വാസികള്‍; മകളുടെ അസ്ഥിയെങ്കിലും തരൂ എന്ന് വിലപിച്ച് എത്തിയ അമ്മ എവിടെ? ധര്‍മ്മസ്ഥലയില്‍ ട്വിസ്റ്റ് തുടരുന്നു
ധര്‍മ്മസ്ഥലയില്‍ ട്വിസ്റ്റ് തുടരുന്നു
ബെംഗളൂരു: കര്‍ണ്ണാടകയിലെ പ്രശസ്തമായ ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്ത്രിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസിലെ പ്രഹേളികകള്‍ തുടരുകയാണ്. അരക്കോടിയിലേറെ ചെലവിട്ട് നേത്രാവതി നദിക്കരയില്‍ കുഴിച്ചിട്ടും ഒന്നും കിട്ടിയില്ലെന്നും അതിനാല്‍ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളിയെ അറസ്റ്റ്ചെയ്യണമെന്നും ആവശ്യപ്പെട്ട്, വിശ്വാസികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതേ കാര്യം ഉന്നയിച്ച് കന്നഡ മീഡിയയിലും കാമ്പയിന്‍ നടന്നിരുന്നു. അതിനുശേഷം പ്രശ്നങ്ങള്‍ വഷളാക്കിയത് ലോറിക്കാരന്‍ മനാഫ് ആണെന്നും അയാളുടെ താല്‍പ്പര്യങ്ങള്‍ അന്വേഷിക്കണമെന്നുമാണ് ആവശ്യമുയര്‍ന്നത്. അതിനിടെ കര്‍മ്മം ചെയ്യാന്‍ എന്റെ മകളുടെ അസ്ഥിയെങ്കിലും വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ സുജാത ഭട്ടിനെതിരെയും ആരോപണമുണ്ട്. ഇവര്‍ എവിടെയാണെന്നുപോലും ഇപ്പോള്‍ ആര്‍ക്കും അറിയില്ല.
സുജാത ഭട്ട് അര്‍ബന്‍ നക്സലൈറ്റ്
ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥിയായ മകള്‍ അനന്യഭട്ടിനെ കാണാനില്ലെന്ന പരാതി നല്‍കിയ സുജാത ഭട്ട് മാവോയിസ്റ്റ് പ്രവര്‍ത്തകയാണെന്നാണ് ധര്‍മ്മസ്ഥലയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇവര്‍ നക്‌സല്‍ വിരുദ്ധ സേന തയ്യാറാക്കിയ അര്‍ബന്‍ നക്‌സലുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായി പറയുന്നു. ക്ഷേത്രം നിലകൊള്ളുന്ന ബെല്‍തങ്ങാടി, കലാസ എന്നീ പ്രദേശങ്ങളില്‍ എത്തിയ സുജാതാ ഭട്ടിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നെന്ന് നക്‌സല്‍ വിരുദ്ധ സേനയുടെ വക്താക്കള്‍ പറഞ്ഞതായാണ് ചില കന്നഡ മാധ്യമങ്ങള്‍ പറയുന്നത്.
സുജാതാഭട്ടിനെ മാവോയിസ്റ്റ് ആശയങ്ങളെ പിന്തുണയ്ക്കുന്ന പല ഗ്രൂപ്പുകളും ഒപ്പം കണ്ടിട്ടുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ രാമചന്ദ്ര ഭട്ട് പറഞ്ഞതും വാര്‍ത്തയായി. 2003-ല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളെജില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ മകള്‍ അനന്യഭട്ടിനെ കൂട്ടുകാരികള്‍ക്കൊപ്പം ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രം സന്ദര്‍ശിച്ചശേഷം കാണാതായി എന്ന് ദക്ഷിണ കന്നട എസ് പി ഓഫീസില്‍ നേരിട്ട് സന്ദര്‍ശിച്ച് സുജാത ഭട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം കസ്തൂര്‍ബ മെഡിക്കല്‍ കോളെജില്‍ നേരിട്ട് സന്ദര്‍ശിച്ച് തേടിയപ്പോള്‍ 2003ല്‍ അവിടെ അനന്യ ഭട്ട് എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥിനി പഠിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടാണ് കസ്തൂബ മെഡിക്കല്‍ കോളെജ് നല്‍കിയത് എന്നാണ് ധര്‍മ്മസ്ഥലയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. സുജാതാ ഭട്ട് മകള്‍ അനന്യ ഭട്ട് എന്ന പേരില്‍ ഉപയോഗിച്ച ചിത്രം വാസന്തി എന്ന മറ്റൊരു പെണ്‍കുട്ടിയുടേതാണെന്നും പറയപ്പെടുന്നു.
ഗുരതരമായ ആരോപണങ്ങളാണ് സുജാത ഭട്ടിനെതിരെ വിശ്വാസി കുട്ടായ്മകളില്‍ പ്രചരിക്കുന്നത്-'അനന്യ ഭട്ടിന്റെ ഒരു ഫോട്ടോയോ എസ്എസ്എല്‍സി അല്ലെങ്കില്‍ പിയുസി മാര്‍ക്ക് കാര്‍ഡുകളോ കോളേജ് പ്രവേശന കത്തുകളോ തിരിച്ചറിയല്‍ രേഖകളോ പോലുള്ള അനുബന്ധ രേഖകളോ പോലും നിലവില്ല. അനില്‍ ഭട്ടിന്റെ മകളാണെന്ന് പറയുന്ന അനന്യ ഭട്ടിന്റെ അമ്മയായി സുജാത സ്വയം പരിചയപ്പെടുത്തുന്നുണ്ടെങ്കിലും, അത്തരമൊരു വിവാഹത്തിന് ഒരു രേഖാമൂലമുള്ള ഒരു തെളിവുമില്ല. മാത്രവുമല്ല അവര്‍ 1999 നും 2005 നും ശിവമോഗയിലെ റിപ്പണ്‍പേട്ടില്‍ പ്രഭാകര്‍ ബാലിഗ എന്ന വ്യക്തിയുമായി അവള്‍ ലിവ്-ഇന്‍ ബന്ധത്തിലുമായിരുന്നു. അവര്‍ക്ക് കുട്ടികളും ഇല്ലായിരുന്നു. ഇവര്‍ മക്കള്‍ക്ക് പകരം നായ്ക്കളെ യാണ് വളര്‍ത്തിയിരുന്നത്. 2003-ല്‍ കന്നട പ്രാദേശിക മാസികയില്‍ അവരുടെ ഫോട്ടോ ഉള്‍പെടെ ഒരു ലേഖനവും ഉണ്ടായിരുന്നു.''- ഇങ്ങനെയാണ് അവര്‍ക്കെതിരെ പ്രചാരണം കൊഴുക്കുന്നത്. എന്നാല്‍ എസ്ഐടിയാവട്ടെ ഇത് ശരിയാണോ തെറ്റാണോ എന്ന് പറയുന്നില്ല. സുജാതാ ഭട്ട് എവിടെയാണെന്നും വിവരമില്ല.
സുജാതഭട്ട് പറഞ്ഞത്
ഹിന്ദുമത ആചാരപ്രകാരം കര്‍മ്മം ചെയ്യാന്‍ തന്റെ മകളുടെ അസ്ഥിയെങ്കിലും തിരിച്ചുതരണം എന്ന ആവശ്യവുമായാണ്, സുജാത ഭട്ട് ധര്‍മ്മസ്ഥലയില്‍ എത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ പത്മനാഭനഗര്‍ നിവാസിയും, സിബിഐ യില്‍ നിന്ന് വിരമിച്ച സ്റ്റെനോഗ്രാഫറുമാണ് സുജാത ഭട്ട്. 2003-ല്‍, മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ മകള്‍ അനന്യ, സുഹൃത്തുക്കള്‍ക്കൊപ്പമാണ് ധര്‍മ്മസ്ഥല ക്ഷേത്രത്തിലേക്ക് യാത്ര പോയത്. പിന്നെ കുട്ടിയുടെ വിവരമൊന്നുമില്ല. സഹപാഠിയായ രശ്മിയില്‍ നിന്ന് സുജാതയ്ക്ക് ഫോള്‍കോള്‍ വരുമ്പോഴാണ് അനന്യയെ കാണാനില്ലെന്ന വിവരം അമ്മ സുജാത അറിയുന്നത്. കോളേജ് ഹോസ്റ്റലുമായി ബന്ധപ്പെട്ടപ്പോള്‍, രണ്ടോ മൂന്നോ ദിവസമായി അനന്യയെ കാണാനില്ലെന്ന് അവരും പറഞ്ഞു.
കൊല്‍ക്കത്തയില്‍ നിന്ന് ധര്‍മ്മസ്ഥലയിലേക്ക് ഓടിയെത്തിയ സുജാത, മകളുടെ ഫോട്ടോ നാട്ടുകാര്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും കാണിച്ചുകൊടുത്ത് അന്വേഷണം ആരംഭിച്ചു. അനന്യയുടെ വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു യുവതിയെ ക്ഷേത്ര ജീവനക്കാര്‍ അകമ്പടി സേവിക്കുന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടതായി നിരവധി നാട്ടുകാര്‍ അവരോട് പറഞ്ഞു. പക്ഷേ, ബെല്‍ത്തങ്ങാടി പോലീസ് അതൊന്നും അംഗീകരിച്ചില്ല.'എന്റെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയും മകള്‍ ഒളിച്ചോടിയതായി ആരോപിക്കുകയും ചെയ്തു. എന്നെ അധിക്ഷേപിച്ചാണ് അവര്‍ സ്റ്റേഷനില്‍ നിന്ന് പുറത്താക്കിയത്''- സുജാത് ഭട്ട് മാധ്യമങ്ങളോട് പറയുന്നു. തുടര്‍ന്ന് സുജാത ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഗഡെയെ സമീപിച്ചു. പക്ഷേ ഫലമുണ്ടായില്ല. പക്ഷേ തുടര്‍ന്ന് അതിഭീകരമായ അനുഭവമാണ് ആ അമ്മക്ക് ഉണ്ടായത്. ആ രാത്രിയില്‍, നിരാശയോടെ ക്ഷേത്രത്തിന് പുറത്ത് ഇരിക്കുമ്പോള്‍, വെള്ള വസ്ത്രം ധരിച്ച ചില പുരുഷന്മാര്‍ തങ്ങള്‍ക്ക് ചില വിവരം ഉണ്ടെന്ന് അവകാശപ്പെട്ട് അവരെ കൂട്ടിക്കൊണ്ടുപോയി.
സുജാതയെ കെട്ടിയിട്ട് വായ മൂടിക്കെട്ടി, ക്ഷേത്രത്തിനടുത്തുള്ള ഒരു ഇരുണ്ട മുറിയില്‍ രാത്രി മുഴുവന്‍ തടങ്കലില്‍ വച്ചു. 'മിണ്ടാതിരിക്കാന്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തി, ആക്രമിച്ചു, ഒടുവില്‍ എന്റെ തലയില്‍ അടിച്ചു'- സുജാത പറഞ്ഞു. അതോടെ അവരുടെ ബോധം പോയി. മൂന്ന് മാസത്തോളം സുജാത കോമയില്‍ തുടര്‍ന്നു. ഓര്‍മ്മവരുമ്പോള്‍ ബംഗളൂരുവിലെ ഒരു ആശുപത്രിയിലാണ്. എങ്ങനെ അവിടെ എത്തിയെന്ന് ഓര്‍മ്മയില്ലായിരുന്നു. ഐഡി, ബാങ്ക് രേഖകള്‍, സ്വകാര്യ വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു. ആ ആക്രമണത്തില്‍ അവളുടെ തലയില്‍ എട്ട് തുന്നലുകള്‍ വേണ്ടിവന്നു. സുജാതയെന്ന ഒറ്റയാളിന്റെ മൊഴിയില്‍ നിന്നുതന്നെ ക്ഷേത്ര ജീവനക്കാര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന് വ്യക്തമാണ്. ഇപ്പോള്‍, പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തന്റെ മകളുടെ ഒരു അസ്ഥിയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ആ അമ്മ ധര്‍മ്മസ്ഥലയില്‍ എത്തിയത്. പക്ഷേ ധര്‍മ്മസ്ഥലയിലെ കുഴിക്കലില്‍ കാര്യമായി ഒന്നും കിട്ടാതെ ആയതോടെ സുജാതയുടെ ഭാഗത്തുനിന്ന് തുടര്‍ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.