- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ദേഹത്ത് ചോരപ്പാടുമായി ഓടിയ നഗ്‌നയായ സ്ത്രീ; യുവതിയോട് കാര്യം തിരക്കിയ ലോറി ഡ്രൈവറെ വിരട്ടി വിട്ടത് ഇന്‍ഡികാ കാറിലെത്തിയവര്‍; ആ ഇരയുടെ മൃതദേഹം മൂന്നാം പക്കം പൊങ്ങിയത് ചീഞ്ഞളിഞ്ഞ നിലയില്‍ പുതുബെട്ടിലെ തോട്ടില്‍! 'ബാഹുബലി'യുടെ നാട്ടില്‍ 2009 ഡിസംബറില്‍ ഒരുനാള്‍ സംഭവിച്ചത് തുറന്നു പറഞ്ഞ് മലയാളി ഡ്രൈവര്‍ ബെന്നിയും; നേത്രാവദിക്കരയിലെ കൂട്ടക്കുരുതി പുതിയ തലത്തില്‍; ധര്‍മ്മസ്ഥലയില്‍ അന്വേഷണം മാത്രമില്ല
ധര്‍മ്മസ്ഥല: കര്‍ണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ബെല്‍ത്തങ്ങടി താലൂക്കില്‍ നേത്രാവതി നദിക്ക് സമീപമായുള്ള ഒരു ക്ഷേത്രനഗരമാണ് ധര്‍മ്മസ്ഥല . ധര്‍മ്മസ്ഥലയിലെ ശ്രീമഞ്ജുനാഥ ക്ഷേത്രം പ്രശസ്തമായ ഒരു തീര്‍ത്ഥാടന കേന്ദ്രം. 800 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവനാണ്. ഗോമതേശ്വര (ബാഹുബലി) പ്രതിമയാണ് ധര്‍മ്മസ്ഥലയിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഈ ക്ഷേത്ര നഗരത്തെയാണ് കൂട്ട കൊലപാതകത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രതിസ്ഥാനത്താക്കുന്നത്. 1995 മുതല്‍ 2014 വരെ നൂറിലധികം സ്ത്രീകളുടെ മൃതദേഹം സംസ്‌കരിച്ചുവെന്നാണ് ധര്‍മസ്ഥലയിലെ ക്ഷേത്രം മുന്‍ ജീവനക്കാരന്‍ കഴിഞ്ഞ മൂന്നിന് വെളിപ്പെടുത്തിയത്. പ്രത്യേകസംഘത്തെ വച്ച് അന്വേഷണം സജീവമാക്കണമെന്ന മുതിര്‍ന്ന അഭിഭാഷകരുടെ ആവശ്യവും ചര്‍ച്ചകളിലുണ്ട്. അതിനിടെ പുതിയൊരു വെളിപ്പെടുത്തലുമായി എത്തുകായണ് മലയാളി. പത്തു വര്‍ഷം മുമ്പ് ധര്‍മസ്ഥലയില്‍ നിരവധി സ്ത്രീകളെ കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ എത്തുന്ന പുതിയ മൊഴിയ്ക്കും പ്രധാന്യം ഏറെയാണ്. ധര്‍മസ്ഥല നെല്യാടിയിലെ ബെന്നി ജോസഫാണ് 16 വര്‍ഷംമുമ്പുള്ള പാതിരാവില്‍ താന്‍ കണ്ട ഭീകരത വെളിപ്പെടുത്തുന്നത്. മലയാളി ലോറി ഡ്രൈവറുടെ ഈ മൊഴി ധര്‍മസ്ഥലയിലെ ക്രൂരതയ്ക്ക് പുതിയ തലം നല്‍കുന്നു.
മംഗളൂരു- സുബ്രഹ്‌മണ്യ റെയില്‍വെ ലൈനിനായി കരിങ്കല്ല് ഇറക്കുന്ന ടിപ്പര്‍ ലോറി ഡ്രൈവറാണ് ബെന്നി. 2009 ഡിസംബറില്‍ ഒരുനാള്‍ പുലര്‍ച്ചെ മൂന്നിന് ഗുരുവാനിക്കരയിലെ സാന്നിധ്യ ക്രഷറില്‍നിന്ന് കല്ലുമായി സുബ്രഹ്‌മണ്യയിലേക്ക് പോയതാണ്. ധര്‍മസ്ഥലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ കഴിഞ്ഞ് പുതുമ്പെട്ട് ക്രോസിലെത്തിയപ്പോള്‍, ഒരു പെണ്‍കുട്ടി റോഡിലൂടെ ഓടി വരുന്നു. നഗ്‌നയായ അവളുടെ ദേഹത്താകെ ചോര പൊടിയുന്നുണ്ടായിരുന്നു. ലോറി നിര്‍ത്തി. എന്തുപറ്റിയെന്ന് കന്നഡയില്‍ ചോദിച്ചെങ്കിലും കിതപ്പോടെ, ലോറിയുടെ പിറകുവശത്തേക്ക് ഓടിപ്പോയി. പിന്നാലെ മഞ്ഞ ഇന്‍ഡിക്ക കാറില്‍, വെള്ളമുണ്ടും വെള്ള ഷാളും ധരിച്ച ഷര്‍ട്ടിടാത്ത നാലു പേര്‍ ചാടിയിറങ്ങി. ലോറി റോഡില്‍ നിര്‍ത്തിയിട്ടതില്‍ ചീത്ത വിളിച്ചു. ഉടന്‍ സ്ഥലം വിടണമെന്ന് ഭീഷണിപ്പെടുത്തി. ഭയന്നുപോയ താന്‍, ഉടന്‍ ലോറിയുമായി സ്ഥലം വിട്ടതായി ബെന്നി പറഞ്ഞു. മൂന്നാം നാള്‍, അതേ പെണ്‍കുട്ടിയുടെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയില്‍ പുതുബെട്ടിലെ തോട്ടില്‍ പൊങ്ങി. മൃതദേഹം കരയില്‍ എടുത്തിട്ട്, സമീപത്തുളളവരോട്, തിരിച്ചറിയാന്‍ പറ്റുമോ എന്നൊക്കെ പൊലീസ് ചോദിക്കുന്നുണ്ടായിരുന്നു. അതേ റൂട്ടില്‍ ലോറിയുമായി പോയ താനും ആ ശരീരം കണ്ടു. വീട്ടുകാരോട് അന്നുതന്നെ ഇക്കാര്യം പറഞ്ഞു. ഇപ്പോള്‍ ധര്‍മസ്ഥലയിലെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍, അതിനൊപ്പം ചേരണമെന്ന് തോന്നിയതിനാലാണ്, പഴയ സത്യം ഇപ്പോള്‍ പറയുന്നത്. പുതിയ അന്വേഷണം വന്നാല്‍ ഏത് കോടതിയിലും മൊഴിനല്‍കുമെന്ന് ബെന്നി പറഞ്ഞു. ദേശാഭിമാനിയാണ് ബെന്നിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വിടുന്നത്.
പത്തുവര്‍ഷം മുമ്പ് നിരവധി സ്ത്രീകളെ കൊന്ന് കുഴിച്ചിടാന്‍ സഹായിച്ചെന്ന ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വേണമെന്ന സമ്മര്‍ദം ശക്തമാണ്. എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി അന്തിമ തീരുമാനം എടുത്തിട്ടില്ല. പോലീസ് റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകായണ്. കോളിളക്കമുണ്ടായിട്ടും എസ്ഐ തലത്തിലുള്ള ഉദ്യോഗസ്ഥനാണ് ഇപ്പോഴും അന്വേഷിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകരുടെ സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ച് എസ്ഐടി വേണമെന്ന് നിവേദനം നല്‍കി. വന്‍ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളാണ് കുറ്റകൃത്യങ്ങള്‍ ചെയ്തതെന്നാണ് പരാതി. നിഷ്പക്ഷവും കര്‍ശനവുമായ അന്വേഷണം വേണം. സമഗ്ര ഫോറന്‍സിക് പരിശോധന, അതിന്റെ വീഡിയോ ചിത്രീകരണം തുടങ്ങിയ അഞ്ചിന ആവശ്യങ്ങളും സംഘം ഉന്നയിച്ചു. താന്‍ കുഴിച്ചെടുത്തത് എന്നവകാശപ്പെട്ട് എല്ലുകളുമായി പരാതിക്കാരന്‍ കഴിഞ്ഞ 11ന് ബള്‍ത്തങ്ങാടി കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സ്ഥലത്ത് കുഴിച്ച് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഒരാഴ്ചയായിട്ടും നടപടി തുടങ്ങിയിട്ടില്ല.
ക്ഷേത്രത്തില്‍ 1995-2014 കാലത്ത് ജോലിചെയ്തയാളുടേതാണ് ഭയപ്പെടുത്തുന്ന വെളിപ്പെടുത്തല്‍. 'സ്ത്രീകളുടെ മൃതദേഹങ്ങളില്‍ പലതിലും വസ്ത്രമോ അടിവസ്ത്രമോ ഇല്ലായിരുന്നു. ചിലതില്‍ ലൈംഗികാതിക്രമത്തിന്റെ വ്യക്തമായ ലക്ഷണമുണ്ടായിരുന്നു. വിദ്യാര്‍ഥിനികളടക്കം നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും കുഴിച്ചിടുകയും ചെയ്തു' ധര്‍മസ്ഥല പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്വന്തം കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരമറിഞ്ഞ ഇയാള്‍ ധര്‍മസ്ഥലയില്‍നിന്ന് ഒളിച്ചോടി. അയല്‍സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞശേഷം തിരിച്ചെത്തിയായിരുന്നു വെളിപ്പെടുത്തല്‍. പരാതിക്കൊപ്പം ആധാര്‍ കാര്‍ഡും പഴയ ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുമടക്കം പൊലീസില്‍ നല്‍കിയിട്ടുണ്ട്. വെളിപ്പെടുത്തലിന് ശേഷം, മകളുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എംബിബിഎസ് വിദ്യാര്‍ഥി അനന്യ ഭട്ടിന്റെ അമ്മ വീണ്ടും രംഗത്തുവന്നു. 2003-ല്‍ ധര്‍മസ്ഥലയിലെ കോളേജിലേക്കുള്ള യാത്രക്കിടെയാണ് അനന്യയെ കാണാതായത്. സിബിഐയിലെ മുന്‍ സ്റ്റെനോഗ്രാഫറായ അമ്മ സുജാത 11നാണ് പരാതി നല്‍കിയത്.
2012-ല്‍ ധര്‍മസ്ഥലയില്‍ 17കാരിയായ സൗജന്യ എന്ന വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് കര്‍ണാടകത്തെ ഞെട്ടിച്ചിരുന്നു. സിബിഐ അന്വേഷണം നടന്നെങ്കിലും ആരെയും ശിക്ഷിക്കാനായില്ല.