ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്‌തെന്ന ക്ഷേത്രം മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ നടത്തിയ അന്വേഷണത്തില്‍ വമ്പന്‍ ട്വിസ്റ്റ്. വ്യാജ വെളിപ്പെടുത്തല്‍ നടത്തിയ ക്ഷേത്രം മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റിലായി. തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നല്‍കിയെന്ന് ആരോപിച്ചാണ് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇയാള്‍ നടത്തിയത് വ്യാജ വെളിപ്പെടുത്തലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എന്‍ ചിന്നയ്യ ആണ് ധര്‍മസ്ഥലയിലെ പരാതിക്കാരന്‍. ഇയാള്‍ക്കുള്ള എവിഡന്‍സ് പ്രൊട്ടക്ഷന്‍ സംരക്ഷണം പിന്‍വലിച്ചു. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെല്‍ത്തങ്കടി എസ്‌ഐടി ഓഫീസിലാണ് ഇയാള്‍ നിലവില്‍ ഉള്ളത്.

നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്‌തെന്നായിരുന്നു ശുചീകരണ തൊഴിലാളിയാണ് സി എന്‍ ചിന്നയ്യയുടെ വെളിപ്പെടുത്തിയത്. ധര്‍മ്മസ്ഥലയിലെ 13 ഇടങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടിക്കാണിച്ച് നല്‍കിയത്. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും വെളിപ്പെടുത്തലിന് അനുസരിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

1995 - 2014 കാലഘട്ടത്തില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങള്‍ ഭീഷണിക്കു വഴങ്ങി ധര്‍മസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു മുന്‍ ശുചീകരണ തൊഴിലാളി ധര്‍മസ്ഥല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കാര്യമായ അന്വേഷണം നടക്കാതായതോടെ ഇയാള്‍ കോടതിയില്‍ നേരിട്ട് ഹാജരായി മൊഴിയും തെളിവും നല്‍കി. ഈ കാലയളവില്‍ ധര്‍മസ്ഥലയില്‍ ശൂചീകരണ തൊഴിലാളിയായി ജോലി ചെയ്തയാളാണ് പരാതിക്കാരന്‍. ഈ കാലഘട്ടത്തില്‍ കൊലപാതകം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ ഇരകളെന്ന് ആരോപിക്കപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നിര്‍ബന്ധിതനായെന്ന് കാണിച്ച് ജൂലൈ മൂന്നിന് പരാതി നല്‍കി. ജൂലൈ 11-ന്, അദ്ദേഹം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകുകയും മൊഴി രേഖപ്പെടുത്തുകയും, താന്‍ തന്നെ കുഴിച്ചെടുത്തതാണെന്ന് പറഞ്ഞ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു.

കണ്ടെടുത്ത അവശിഷ്ടങ്ങള്‍ ഒരു സ്ത്രീയുടേതാണെന്നാണ് അയാള്‍ ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍, പിന്നീട് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എടഘ) റിപ്പോര്‍ട്ടില്‍ ഇത് പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ, കള്ളസാക്ഷി പറഞ്ഞതിന് അന്വേഷണ സംഘം അയാള്‍ക്കെതിരെ കേസെടുത്തു. പരാതി നല്‍കിയതുമുതല്‍ ഇദ്ദേഹം വിറ്റ്നസ് പ്രൊട്ടക്ഷന്‍ പ്രോഗ്രാമിലായിരുന്നു. എന്നാല്‍, ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പ് വെള്ളിയാഴ്ച രാത്രിയോടെ ഈ സംരക്ഷണം പിന്‍വലിച്ചു. ശനിയാഴ്ച അയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി.

ധര്‍മ്മസ്ഥലയില്‍ ഒട്ടേറെ മൃതദേഹങ്ങള്‍ രഹസ്യമായി കുഴിച്ചിട്ടിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളിയുടെ ആരോപണത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ 17 വ്യത്യസ്ത സ്ഥലങ്ങളില്‍ ഖനനം നടത്തി. ഇതില്‍ ആറാം നമ്പര്‍ സ്ഥലത്തുനിന്നും, പതിനൊന്നാം നമ്പര്‍ സ്ഥലത്തിനടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടില്‍നിന്നും മാത്രമാണ് അവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായത്.

മുന്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍...

''ഞാന്‍ 1994 മുതല്‍ 2014 വരെ ധര്‍മസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിന് കീഴില്‍ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്നയാളാണ്. കടുത്ത കുറ്റബോധമാണ് എന്നെ ഇവിടെ എത്തിച്ചത്. ഞാന്‍ മറവ് ചെയ്ത സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ നൂറുകണക്കിന് മൃതദേഹം എന്നെ വേട്ടയാടുന്നു. പറഞ്ഞത് ചെയ്തില്ലെങ്കില്‍ അവരിലൊരു മൃതദേഹമായി ഞാനും മണ്ണില്‍ മൂടപ്പെട്ട് പോയേനെ എന്നത് കൊണ്ട് മാത്രമാണ് ഞാനത് ചെയ്തത്. നേത്രാവതി നദിക്കരയിലടക്കം പലയിടങ്ങളിലായി കണ്ട മൃതദേഹം പലതും ആത്മഹത്യകളോ മുങ്ങി മരണമോ ആണെന്നാണ് ഞാന്‍ കരുതിയത്. പിന്നീടാണ് ഇതില്‍പ്പലതിലും ലൈംഗികാതിക്രമത്തിന്റെ പാടുകളും മുറിവുകളും ഞാന്‍ കണ്ടത്. ഇവയൊന്നും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

2010-ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍ പമ്പിനടുത്ത് ഞാന്‍ കണ്ട, പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന, ഒരു കൊച്ചു പെണ്‍കുട്ടിയുടെ മൃതദേഹമുണ്ട്. സ്‌കൂള്‍ യൂണിഫോമിലുള്ള, എന്നാല്‍ അടിവസ്ത്രങ്ങളില്ലാതിരുന്ന ഒരു മൃതദേഹം. അത് കുഴിച്ചുമൂടേണ്ടി വന്ന ഓര്‍മ എന്നെ വിട്ട് പോകുന്നില്ല. ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു യുവതിയുടെ മുഖം ആസിഡൊഴിച്ച് കരിച്ച് ഡീസലൊഴിച്ച് എനിക്ക് കത്തിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ കുടുംബത്തിലെ ഒരു കുട്ടിക്ക് തന്നെ ധര്‍മസ്ഥലയിലെ ഉന്നതരില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടപ്പോഴാണ് ഞാനും എന്റെ കുടുംബവും ഇവിടെ നിന്ന് രക്ഷപ്പെട്ടത്. ഇപ്പോള്‍ കുറ്റബോധം കൊണ്ടാണ് തിരിച്ച് വന്നത്. എനിക്ക് സംരക്ഷണം വേണം. ആ മൃതദേഹം മറവ് ചെയ്ത ഇടം മുഴുവന്‍ ഞാന്‍ കാട്ടിത്തരാം. ഇതില്‍ സമഗ്രമായ അന്വേഷണം വേണം''

സുജാത ഭട്ടും സത്യം പറഞ്ഞു

മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയ സുജാത ഭട്ട് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതും കേസില്‍ നിര്‍ണായകമായി. മകളെ കാണാന്നില്ലെന്ന് പറഞ്ഞത് ഭീഷണിക്ക് വഴങ്ങിയാണെന്നാണ് സുജാത ഭട്ടിന്റെ പുതിയ വെളിപ്പെടുത്തല്‍. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് ധര്‍മസ്ഥലയില്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. സുജാത ഭട്ടിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്‌ഐടി ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. അതേസമയം, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുജാത ഭട്ട് എസ്‌ഐടി സംഘത്തെ അറിയിച്ചു. സുഖമില്ലാത്തതിനാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് സുജാത ഭട്ട് അറിയിച്ചിരിക്കുന്നത്.

'ഗിരീഷ് മട്ടന്നവറും ടി. ജയന്തും പറഞ്ഞതുകൊണ്ടാണ് താന്‍ കള്ളം പറഞ്ഞത്. ദയവായി എന്നോട് ക്ഷമിക്കണം, എനിക്കൊരു തെറ്റുപറ്റി. ധര്‍മസ്ഥലയോടും കര്‍ണാടകയിലെ ജനങ്ങളോടും രാജ്യത്തെ ജനങ്ങളോടും താന്‍ ക്ഷമ ചോദിക്കുന്നു. ഈ വിവാദം അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളോട് ഞാന്‍ കള്ളം പറഞ്ഞു. ദയവായി ഈ വിവാദത്തില്‍ നിന്ന് ഒഴിവാക്കണം.'- ഇവര്‍ പറഞ്ഞു.

സുജാതയ്ക്ക് മകളില്ലെന്നും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും സഹോദരന്‍ പറഞ്ഞു. അവര്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട് വിട്ട് പോയതാണ്. നാല്‍പ്പത് വര്‍ഷത്തിനിടയില്‍ അത്യപൂര്‍വ്വമായി ഞങ്ങളെ സന്ദര്‍ശിച്ചിട്ടുണ്ട്. കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ഒരു വര്‍ഷത്തിന് മുന്‍പ് വീട്ടില്‍ വന്നു. ബെംഗളൂരുവിലാണ് താമസമെന്നും ഇപ്പോള്‍ കോടീശ്വരിയാണെന്നും പറഞ്ഞു. അപ്പോള്‍ പോലും മകളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) സുജാത ഭട്ടിന് നോട്ടീസ് നല്‍കിയിരുന്നു. ബെല്‍ത്തങ്ങാടിയിലെ എസ്ഐടി ഓഫീസില്‍ ഹാജരാകാനും മകള്‍ അനന്യ ഭട്ടുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനും എസ്ഐടി അവരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.

അങ്ങനെയൊരു വിദ്യാര്‍ഥി പഠിച്ചിട്ടില്ല

തന്റെ മകള്‍ അനന്യ ഭട്ട് മെംഗളൂരുവിലും മണിപ്പാലിലും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു എന്നാണ് സുജാത ഭട്ട് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങളിലെ ഔദ്യോഗിക രേഖകളിലൊന്നും അനന്യ ഭട്ടിന്റെ പേരില്‍ അഡ്മിഷന്‍ രേഖകള്‍ നിലവിലില്ലെന്ന് എസ്ഐടി കണ്ടെത്തി. പാസ്‌പോര്‍ട്ട് വലുപ്പത്തിലുള്ള ഒരു ഫോട്ടോയല്ലാതെ, അവര്‍ ജീവിച്ചിരുന്നു എന്നതിന് മറ്റൊരു തെളിവും ഇതുവരെ ഹാജരാക്കിയിട്ടില്ല.

'ഫോട്ടോയിലുള്ളത് വാസന്തി'

സുജാത ഭട്ട് അവരുടെ കാണാതായ മകളുടേതാണെന്ന് അവകാശപ്പെടുന്ന ഫോട്ടോയിലുള്ളത് അനന്യ ഭട്ടല്ല, മറിച്ച് സുജാത പ്രണയ ബന്ധത്തിലായിരുന്ന രംഗപ്രസാദ് എന്നയാളുടെ മരുമകള്‍ വാസന്തിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2005 വരെ ശിവമോഗയിലെ റിപ്പണ്‍പേട്ടില്‍ പ്രഭാകര്‍ ബാലിഗയ്‌ക്കൊപ്പമാണ് സുജാത താമസിച്ചിരുന്നത്. പിന്നീട്, അവര്‍ ബെംഗളൂരുവിലേക്ക് താമസം മാറി രംഗപ്രസാദ് എന്ന വ്യക്തിയുമായി പ്രണയ ബന്ധത്തിലായി. ബിഇഎല്‍ ജീവനക്കാരനായിരുന്ന രംഗപ്രസാദ്, ഭാര്യ മരിച്ചതിനുശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ശ്രീവത്സ എന്ന മകനും ഒരു മകളും അദ്ദേഹത്തിനുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരുന്നു. രംഗപ്രസാദിന്റെ മകന്‍ ശ്രീവത്സയും മരുമകള്‍ വാസന്തിയും കെങ്കേരിയിലെ അവരുടെ വീട്ടില്‍ താമസിച്ചിരുന്നപ്പോള്‍, സുജാത ഒരു സഹായിയായി രംഗപ്രസാദിന്റെ വീട്ടില്‍ വരികയായിരുന്നു. പിന്നീട് അവര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. രംഗപ്രസാദിന്റെ മുന്നില്‍ വെച്ച് അദ്ദേഹത്തിന്റെ മകന്‍ ശ്രീവത്സനെയും മരുമകളെയും കുറിച്ച് മോശമായി സംസാരിക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭര്‍ത്താവ് ശ്രീവത്സയില്‍നിന്ന് വേര്‍പിരിഞ്ഞ് കുടകിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയ വാസന്തി 2007-ല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചു. ഭാര്യയുടെ മരണശേഷം, മദ്യപാനം മൂലം ശ്രീവത്സയുടെ ആരോഗ്യം ക്ഷയിച്ചു. ഇത് അവരുടെ കുടുംബ സ്വത്തിന്മേല്‍ നിയന്ത്രണം ഉറപ്പിക്കാന്‍ സുജാതയെ സഹായിച്ചു. ഒടുവില്‍ സുജാത ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ വഴി രംഗപ്രസാദിന്റെ വീട് വിറ്റു. കിടപ്പിലായ ശ്രീവത്സ വാടക വീട്ടിലേക്ക് താമസം മാറി, അതേസമയം രംഗപ്രസാദിന് വീടില്ലായിരുന്നു. ശ്രീവത്സ 2015 ല്‍ മരിച്ചു. കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ രംഗപ്രസാദ് ഈ വര്‍ഷം ജനുവരി 12-ന് മരിച്ചു. പിന്നീട് സുജാത 20 ലക്ഷം രൂപയുമായി വീട് മാറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.