കൊച്ചി: ധ്യാന്‍ ശ്രീനിവാസന്റെ പരിപാടിയോ അഭിമുഖമോ ആണെന്ന് അറിഞ്ഞാല്‍ അവിടെ ആളുകൂടും. ആളുകളെ രസിപ്പിക്കുന്ന രീതിയില്‍, തുറന്നടിച്ച് പറയുമ്പോഴും, കാമ്പുള്ള വിഷയങ്ങളില്‍ ക്യത്യമായ അഭിപ്രായം രേഖപ്പെടുത്താനും ധ്യാന്‍ മറക്കാറില്ല. ഇന്റര്‍വ്യൂ സ്റ്റാര്‍ എന്നുവരെ ധ്യാനിനെ പലരും വിശേഷിപ്പിക്കാറുണ്ട്. ചെയ്യുന്ന സിനിമകളുടെ എണ്ണത്തിന്റെ കാര്യത്തിലും ധ്യാന്‍ മുന്‍പന്തിയിലാണ്. സാധാരണഗതിയില്‍ വളരെ ശാന്തനായി മറുപടി പറയാറുള്ള നടന്‍ 'ആപ് കൈസേ ഹോ' സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ പതിവില്ലാതെ പൊട്ടിത്തെറിച്ചു.

നിര്‍മാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണോ ധ്യാന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ് ധ്യാന്‍ ശ്രീനിവാസനെ ചൊടിപ്പിച്ചത്. ധ്യാന്‍ പറഞ്ഞത് ഇങ്ങനെ: 'എന്ത് പ്രൂഫ് ഉണ്ട് നീ പറയുന്നതിന്? ഈ താഴെ യൂട്യൂബില്‍ കമന്റ് ഇടുന്നവര്‍ യാതൊരു തെളിവുമില്ലാതെ പറയുന്നത് കേട്ട് ചോദ്യങ്ങള്‍ ചോദിക്കരുത്. അറിയാത്ത കാര്യങ്ങള്‍ മിണ്ടരുത്. അപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കാതെയിരിക്കുക. ചോദിക്കുന്നത് നിര്‍ത്തുക.

ഞാന്‍ നിനക്ക് ഒരു കാര്യം പറഞ്ഞു തരാം. അത് നീ കേട്ടോ. എന്തുകൊണ്ടാണ് എനിക്ക് ഇത്ര സിനിമ എന്നറിയാമോ? ആള്‍ക്കാരെ വെറുപ്പിക്കാതിരിക്കുക. വെറുപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചാല്‍ സിനിമ ഉണ്ടാവില്ല. ഇവിടെ വേണ്ടത് സ്‌ക്രിപ്റ്റ് പഠനം ചെയ്യുകയൊന്നുമല്ല. അച്ചടക്കവും മര്യാദയും വേണം. എവിടെ എന്ത് സംസാരിക്കാനാണെങ്കിലും വെറുപ്പിക്കാതിരിക്കുക. നീ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. നിനക്ക് ഞങ്ങളെ ഒരു വിലയും ഇല്ലല്ലോ. ഒരു വാഗ്വാദത്തിനു വന്നതുമല്ലല്ലോ ഇവിടെ. പിന്നെ, ഞാന്‍ ചൂടാവാണോ സീരിയസ് ആവണോ എന്നൊന്നും നീ എനിക്ക് പറഞ്ഞുതരികയും വേണ്ട.'

ധ്യാനിനെ കള്ളപ്പണം 'വെളുപ്പിക്കല്‍ സ്റ്റാര്‍' എന്ന പേരിട്ടു വിളിക്കുന്നു എന്നതിനും മറുപടിയുണ്ടായി: 'ആയിക്കോട്ടെ. അതുകൊണ്ട് അവര്‍ക്ക് ഗുണം ഉണ്ടാകുന്നുണ്ടെങ്കില്‍ നല്ലതല്ലേ? എനിക്ക് അതുകൊണ്ട് എന്ത് ഗുണം? നീ നിന്റെ ജോലിയെ ഗൗരവമായി കാണുന്നതുപോലെ തന്നെയാണ് ഞാനും. പെരിഫെറല്‍ ആയിട്ടുള്ള കാര്യം കേട്ടിട്ട് സിനിമയെ വിലയിരുത്തരുത്. ഞാന്‍ എങ്ങനെ ജീവിക്കണം എന്നും, എന്റെ സിനിമയോടുള്ള കാഴ്ചപ്പാടും നീ പറഞ്ഞു തരേണ്ടതില്ല.'

അതേസമയം, സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ നിയന്ത്രിക്കപ്പെടണമെന്ന് നടന്‍ രമേശ് പിഷാരടി അഭിപ്രായപ്പെട്ടു. ക്രൈം ഗ്ലോറിഫൈ ചെയ്യപ്പെടുന്നു. കൊലപാതകം നോര്‍മലൈസ് ചെയ്യുന്നു. പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് പറയുന്ന ആരും ഈ വിഷയം സംസാരിക്കുന്നില്ല. തന്റെ സിനിമയില്‍ ഒരു തുള്ളി ചോര കാണിച്ചില്ലെന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു. വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്ക് കാരണം സിനിമ മാത്രമല്ലെന്നായിരുന്നു നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ അഭിപ്രായം. മാര്‍ക്കോ കണ്ട് നോര്‍മല്‍ ആയ ആരും കൊല ചെയ്യാന്‍ പോകില്ലെന്നും താരം പറഞ്ഞു.