- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതശൈലി രോഗങ്ങളുടെ കേന്ദ്രമായി കേരളം; പ്രമേഹം നിയന്ത്രിക്കാൻ മാത്രം കേരളത്തിലെ രോഗികൾ ഒരുവർഷം വാങ്ങിയത് 2,000 കോടിയുടെ മരുന്നുകൾ; സംസ്ഥാനത്ത് വിൽപനയിൽ രണ്ടാംസ്ഥാനത്തുള്ളത് പ്രമേഹ നിയന്ത്രണ മരുന്നുകൾ; ജീവിതരീതി തിരുത്തിയില്ലെങ്കിൽ താമസിയാതെ പ്രമേഹമെത്തും
കണ്ണൂർ: കേരളത്തിൽ ജീവിതശൈലി രോഗങ്ങൾ നാൾക്കുനാൾ കൂടി വരികയാണ്. ഇത് ശരിവെക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. പ്രമേഹം നിയന്ത്രിക്കാൻ വേണ്ടി കേരളം മുടക്കിയ മരുന്നുകളുടെ കണക്കുകൾ പുറത്തുവരുമ്പോൾ മലയാളികൾ സ്വന്തം ജീവിതശൈലി മാറ്റേണ്ട കാര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. പ്രമേഹം നിയന്ത്രിക്കാൻ മാത്രം കേരളത്തിലെ രോഗികൾ ഒരുവർഷം വാങ്ങിയത് 2,000 കോടിയുടെ മരുന്നുകളാണെന്നാണ് കണക്കുകൾ.
ഇൻസുലിനും ഗുളികകളും ഉൾപ്പെടെയാണിത് ഇത്രയും ഉയർന്ന തുക വരുന്നത്. 15,000 കോടി രൂപയുടെ വിവിധ മരുന്നുകളാണ് സംസ്ഥാനത്ത് വിൽക്കുന്നതെന്നാണ് കഴിഞ്ഞ സാമ്പത്തികവർഷത്തെ ശരാശരി കണക്ക്. അതിൽ 15 ശതമാനത്തോളം പ്രമേഹനിയന്ത്രണ ഔഷധങ്ങളാണ്. ദേശീയതലത്തിൽ ഇത് 10 ശതമാനത്തോളമാണ്. സംസ്ഥാനത്ത് വിൽപനയിൽ രണ്ടാംസ്ഥാനത്ത് ഇപ്പോൾ പ്രമേഹനിയന്ത്രണ മരുന്നുകളാണ്. ഹൃദ്രോഗമരുന്നുകളാണ് ഒന്നാമത്. കേരളത്തിൽ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് പ്രമേഹ സങ്കീർണതയാണെന്നത് മറ്റൊരു വസ്തുത. ഓരോ വർഷവും പ്രമേഹമരുന്ന് വിൽപന വലിയതോതിൽ വർധിക്കുന്നതായി ഓൾ കേരള കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ വിലയിരുത്തുന്നു.
ഇന്ത്യയിൽ 1.76 ലക്ഷം കോടിയുടെ മരുന്നുവിൽപനയാണ് മൊത്തം നടന്നത്. കഴിഞ്ഞ 10 വർഷംകൊണ്ടാണ് പ്രമേഹമരുന്ന് വില്പന കുതിച്ചുയർന്നത്. സമാന്തര ചികിത്സച്ചെലവ് ഇതിൽപ്പെടില്ല. ഇന്ത്യയിലെ മരുന്നുവില്പന കോടിരൂപയിൽ-ഹൃദ്രോഗം (23.11), ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ രോഗങ്ങൾ (20.8), പ്രമേഹം (16.51).
അതേസമയം കേരളം ഉൾപ്പെടെ രാജ്യത്തെമ്പാടും പ്രമേഹമരുന്ന് വിൽപന വരുംവർഷങ്ങളിൽ കൂടുമെന്നാണ് ഗവ. ഏജൻസികളും ഫാർമ കമ്പനികളും വിലയിരുത്തുന്നത്. 10 ശതമാനം വർധന ഓരോവർഷവും പ്രതീക്ഷിക്കുന്നു. 7.5 കോടിയിലധികം പ്രമേഹരോഗികൾ ഇപ്പോഴുണ്ട്. അതിന്റെ മൂന്നിരട്ടിയോളം ആളുകൾ പ്രമേഹ പൂർവാവസ്ഥയിലുമുണ്ട്. ജീവിതരീതി തിരുത്തിയില്ലെങ്കിൽ താമസിയാതെ ഇവരിലും പ്രമേഹമെത്തുമെന്നതാണ് വില്പനയുടെ പ്രവചനത്തിന് അടിസ്ഥാനം. കോവിഡിന് ശേഷം പലവിധത്തിലുള്ള രോഗങ്ങൾ മലയാളികളെ പിടികൂടുന്നുണ്ട്.
ആധുനിക ശ്രേണിയിൽപ്പെട്ട രണ്ടുതരം ഇൻസുലിനുകൾ, മെറ്റ്‌ഫോർമിൻ+ഗ്ലിമെപിരൈഡ്, മെറ്റ്‌ഫോർമിൻ+വിൽഡഗ്ലിപ്റ്റിൻ, മെറ്റ്‌ഫോർമിൻ+സിറ്റഗ്ലിപ്റ്റിൻ എന്നീ സംയുക്ത ഗുളികകൾ എന്നിവയാണ് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന അഞ്ച് ഔഷധങ്ങൾ. അതേസമയം പ്രമേഹം പൂർണമായി മാറ്റാനാകുന്ന ഒന്നല്ല. എന്നാൽ ഫലപ്രദമായി നിയന്ത്രിക്കാനാകും. മരുന്നുകൾക്കായി വൻതുക ചെലവഴിക്കുമ്പോഴും നമ്മുടെ നാട്ടിൽ 80 ശതമാനം രോഗികളിലും പ്രമേഹം നിയന്ത്രണത്തിലല്ല. ഇതിന് പല കാരണങ്ങളാണ്.
മറുനാടന് മലയാളി ബ്യൂറോ