- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2020ല്‍ ഡയാലിസിന് എത്തിയത് 43,740 പേര്; 2023ല്‍ വന്നത് 1,93,281 പേര്; വൃക്ക രോഗികളില്‍ മൂന്ന് കൊല്ലത്തിനിടെ ഉണ്ടായത് 341 ശതമാനം ഉയര്‍ച്ച; ജിവിത ശൈലീ രോഗങ്ങളുടെ ആധിക്യത്തിനൊപ്പം ഞെട്ടിക്കുന്ന കണക്കായി കിഡ്നി പ്രശ്നങ്ങളും; ഡയാലിസിസ് കേന്ദ്രങ്ങള്‍ തികയാത്ത സാഹചര്യത്തിലേക്ക് ആരോഗ്യ കേരളം
തിരുവനന്തപുരം: ആരോഗ്യ കേരളത്തിന് ഞെട്ടലായി വൃക്ക രോഗ ബാധിതരുടെ എണ്ണം. ഡയാലിസിന് വിധേയരാകാന്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ അതിഭയാനകമായ രീതിയിലാണ് ഉയര്‍ച്ച. 2020ല്‍ കേരളത്തില്‍ 43,740 പേരാണ് ഡയാലിസിസിന് വിധേയമായത്. ഇത് 2023ല്‍ 1,93,281 ആയി. അതായത് 341 ശതമാനം വര്‍ദ്ധന. 2021ല്‍ 91,759ഉം 2022ല്‍ 1,30633ഉം ആയിരുന്നു. അതായത് മൂന്ന് കൊല്ലത്തിനിടെ ക്രമാതീതമായി വൃക്കരോഗികളുടെ എണ്ണം കൂടുന്നു. സണ്‍ഡ് എക്‌സ്പ്രസില്‍ ഷാജു ഫിലിപ്പിന്റേതാണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ജീവിത ശൈലീ രോഗങ്ങളുടെ വര്‍ദ്ധനവാണ് ഈ സാഹചര്യത്തിന് സുപ്രധാന കാരണം.
വൃക്കപരാജയത്തിന് പ്രധാന കാരണമായി മാറുന്നത് അനിയന്ത്രിതമായ രക്തസമ്മര്‍ദവും പ്രമേഹവുമാണ്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ കണ്ടത് 18 വയസ്സിനുമുകളില്‍ മൂന്നിലൊരാള്‍ക്ക് അമിത ബി.പി.യുണ്ട്, അഞ്ചിലൊരാള്‍ക്ക് പ്രമേഹമുണ്ടെന്നാണ്. വര്‍ഷത്തില്‍ 350 രൂപ ചെലവാക്കി രക്തവും മൂത്രവും പരിശോധിച്ചാല്‍ ആയിരക്കണക്കിനാളുടെ കാര്യത്തില്‍ ഭാവിയിലെ ഡയാലിസിസ് ഒഴിവാക്കാനാകുമെന്ന വിലയിരുത്തലുണ്ട്. വൃക്കരോഗത്തിന്റെ ആദ്യ സ്റ്റേജില്‍ ലക്ഷണമൊന്നും ഉണ്ടാകില്ല. വൈകിയേ പ്രത്യക്ഷപ്പെടൂ. റിസ്‌ക് ഘടകങ്ങളുള്ളവര്‍ ചെലവുകുറഞ്ഞ പരിശോധന വര്‍ഷത്തിലൊരിക്കല്‍ നടത്തിയാല്‍ തന്നെ അനവധിയാളുകളുടെ ഭാവിയിലെ ഡയാലിസിസ് ഒഴിവാക്കാനാകുമെന്നാണ് വിദഗ്ധ ഉപദേശം. ജന്മനാ ഉണ്ടാകുന്ന പ്രശ്നങ്ങളും പാരമ്പര്യഘടകങ്ങളും ഒന്നും ചെയ്യാനാകില്ല. നേരത്തെ രോഗം കണ്ടുപിടിക്കാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്‌നം.
സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന ബി.പി.യും പ്രമേഹവുമായി എന്‍.സി.ഡി. ക്ലിനിക്കുകളിലെത്തുന്ന എല്ലാ രോഗികള്‍ക്കും വൃക്കരോഗവും പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ എന്‍.സി.ഡി. ക്ലിനിക്കുകളിലും ക്രിയാറ്റിനും ആല്‍ബുമിനും പരിശോധിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. രോഗികള്‍ക്ക് വീട്ടില്‍തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതിയും കേരളത്തിലുണ്ട്. ശരീരത്തിനുള്ളില്‍ തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്ന രീതിയാണ് പെരിറ്റോണിയല്‍ ഡയാലിസിസ്. ആശുപത്രികളില്‍ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകളുമുള്ള ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ വരെ പ്രതിമാസം 36,000 മുതല്‍ 39,000 വരെ ഡയാലിസിസുകളാണ് നടത്തുന്നത്. താലൂക്ക്, ജനറല്‍, ജില്ലാ ആശുപത്രികളിലും ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡയാലിസിസ് നടത്തുന്നുണ്ട്.
വൃക്ക രോഗികള്‍ക്ക് സശ്രയിക്കാന്‍ പറ്റുന്ന വളരെ മികച്ച ചികിത്സ മാര്‍ഗമാണ് പെരിറ്റോണിയല്‍ ഡയാലിസിസ് . ഹീമോ ഡയാലിസിസ് താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറഞ്ഞ രീതിയില്‍ മെച്ചപ്പെട്ട അതിജീവനം പെരിറ്റോണിയല്‍ ഡയാലിസിസിലൂടെ സാധ്യമാവുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് ആശുപത്രികളിലും 2025 മാര്‍ച്ച് മാസത്തോടെ ഡയാലിസിസ് സൗകര്യം എര്‍പ്പെടുത്തും.
എന്താണ് പെരിറ്റോണിയല്‍ ഡയാലിസിസ്?
രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഹീമോ ഡയാലിസിസും പെരിറ്റോണിയല്‍ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തി വിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. എന്നാല്‍ പെരിറ്റോണിയല്‍ ഡയാലിസിസ് രോഗിയുടെ ഉദരത്തില്‍ ഒരു സുഷിരമുണ്ടാക്കി അതിലൂടെ ഒരു കത്തീറ്റര്‍ കടത്തി വിടുകയും ഉദരത്തിനുള്ളില്‍ (പെരിറ്റോണിയം) പെരിറ്റോണിയല്‍ ഡയാലിസിസ് ദ്രാവകം നിറക്കുകയുമാണ് ചെയ്യുന്നത്. ഒരിക്കല്‍ കത്തീറ്റര്‍ പ്രവേശിപ്പിച്ച് കഴിഞ്ഞാല്‍ പിന്നീട് രോഗിക്ക് വീട്ടില്‍ വെച്ചുന്നെ തന്നെ ഡയാലിസിസ് ദ്രാവകം ഈ കത്തീറ്ററിലൂടെ പെരിറ്റോണിയത്തില്‍ നിറയ്ക്കാന്‍ സാധിക്കുന്നതാണ്. നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യങ്ങള്‍ ഈ പെരിറ്റോണിയല്‍ ദ്രാവകത്തിലേക്ക് വലിച്ചെടുക്കപ്പടുകയും ആ ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യുന്നു.
ഏകദേശം ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഈ പ്രക്രിയ രോഗിയുടെ അസുഖത്തിന്റെ കാഠിന്യമനുസരിച്ച് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ദിവസം രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കേണ്ടി വരും. ഇതിലൂടെ ഹീമോഡയാലിസിസില്‍ നിന്ന് ലഭിക്കുന്ന അതേ പ്രയോജനം തന്നെ രോഗിക്ക് ലഭിക്കുന്നു. ചികിത്സിക്കുന്ന വൃക്കരോഗ വിദഗ്ദ്ധരാണ് ഒരു രോഗിക്ക് ഹീമോഡയാലിസിസ് വേണമോ പെരിറ്റോണിയല്‍ ഡയാലിസിസ് വേണമോ എന്ന് നിശ്ചയിക്കുന്നത്.
പെരിറ്റോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്‌ളൂയിഡ്, കത്തീറ്റര്‍, അനുബന്ധ സാമഗ്രികള്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി നല്‍കുന്നു. നെഫ്രോളജിസ്റ്റുകള്‍ ഉള്ള ആശുപത്രികളില്‍ കത്തീറ്റര്‍ നിക്ഷേപിപ്പിക്കുന്നതും പെരിറ്റോണിയല്‍ ഡയാലിസിസ് ആരംഭിക്കുന്നതും അതാത് ആശുപത്രികളില്‍ തന്നെയായിരിക്കും. നെഫ്രോളജിസ്റ്റുകള്‍ ഇല്ലാത്ത ജില്ലാ ആശുപത്രികളില്‍ അടുത്തുള്ള മെഡിക്കല്‍ കോളേജുകളില്‍ കത്തീറ്റര്‍ നിക്ഷേപിച്ച ശേഷം തുടര്‍ ചികിത്സയാണ് ജില്ലാ ആശുപത്രികളില്‍ നല്‍കി വരുക. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആരോഗ്യവകുപ്പ് പരിശീലനം നല്‍കുന്നതാണ്. ഒരിക്കല്‍ കത്തീറ്റര്‍ നിക്ഷേപിച്ച് കഴിഞ്ഞാല്‍ രോഗിക്ക് പിന്നീട് ആശുപത്രിയില്‍ വരാതെ തന്നെ വീട്ടില്‍ വച്ച് പെരിറ്റോണിയല്‍ ഡയാലിസിസ് നടത്താവുന്നതാണ്.
പ്രമേഹ കോണ്‍ക്ലേവ് നിര്‍ണ്ണായകമാകും
പ്രമേഹ രോഗവും വൃക്ക രോഗ പ്രതിസന്ധിയ്ക്ക് കാരണമാണ്. ഇത് തിരിച്ചറിഞ്ഞാണ് പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചത്. ഹ്രസ്വകാലവും ദീര്‍ഘകാലവും അടിസ്ഥാനമാക്കിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നത്. പ്രമേഹ രോഗ ചികിത്സയില്‍ റോഡ്മാപ്പ് തയ്യാറാക്കാന്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കും. സംസ്ഥാന തലത്തില്‍ പ്രീ കോണ്‍ക്ലേവ് സംഘടിപ്പിച്ച് അത്കൂടി ഉള്‍ക്കൊണ്ടാണ് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കുക. അന്തര്‍ദേശീയ തലത്തില്‍ പ്രമേഹ രോഗ ചികിത്സയില്‍ വന്നിട്ടുള്ള നൂതന സംവിധാനങ്ങളും, ചികിത്സാ വിധികളും ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി ജനപങ്കാളിത്തത്തോടെയാണ് കോണ്‍ക്ലേവ് നടത്തുക. കോണ്‍ക്ലേവിന് ശേഷം തയ്യാറാക്കുന്ന പ്രമേഹരോഗ ചികിത്സയുടെ റോഡ്മാപ്പിന് അനുസൃതമായിട്ടായിരിക്കും ആരോഗ്യ വകുപ്പിലെ ചികിത്സ ശാക്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
30 വയസിന് മുകളില്‍ പ്രായമായവരിലെ ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ആര്‍ദ്രം ആരോഗ്യം വാര്‍ഷികാരോഗ്യ പരിശോധന ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടം നടത്തി വരികയാണ്. രണ്ടാം ഘട്ട സര്‍വേ പ്രകാരം 14 ശതമാനത്തോളം ആളുകള്‍ക്ക് നിലവില്‍ പ്രമേഹം ഉള്ളതായാണ് കണ്ടെത്തിയത്. കൂടാതെ പ്രമേഹ രോഗ സാധ്യതയുള്ളവരുടെ എണ്ണവും കൂടുതലാണ്. ഇതുള്‍പ്പെടെയുള്ള പഠനങ്ങള്‍ വിലയിരുത്തിയാണ് ആരോഗ്യ വകുപ്പ് നിര്‍ണായകമായ ഇടപെടലിന് ശ്രമിക്കുന്നത്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിനെ ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണ പ്രശ്നങ്ങളിലേക്ക് പോകും. അതിനാല്‍ അവബോധം വളരെ പ്രധാനമാണ്. പ്രീ ഡയബറ്റിക് സ്റ്റേജിലുള്ളവരെ മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ആഹാര നിയന്ത്രണത്തിനും വ്യായാമത്തിനും വളരെ പ്രാധാന്യമുണ്ട്. കുഞ്ഞിന്റെ ആദ്യത്തെ ആയിരം ദിനങ്ങളിലും അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കണം.
പ്രമേഹ രോഗത്തിന് പുറമേ പ്രമേഹ രോഗികള്‍ക്കുണ്ടാകുന്ന വൃക്ക രോഗങ്ങള്‍, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ഫൂട്ട്, പെരിഫെറല്‍ ന്യൂറോപ്പതി തുടങ്ങിയ സങ്കീര്‍ണതകള്‍ കൂടി കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും ഉറപ്പാക്കും. ബാല്യകാലം മുതല്‍ ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാനാകണം. ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിനും രോഗ നിയന്ത്രണത്തിനുമായി ആരോഗ്യ വകുപ്പ് ഹെല്‍ത്തി ലൈഫ് ക്യാമ്പയിന്‍ ആരംഭിക്കുന്നതാണ്. ആരോഗ്യമുള്ള സമൂഹത്തേയും ആരോഗ്യമുള്ള കുട്ടികളേയും ലക്ഷ്യമാക്കിയുള്ള സ്‌കൂള്‍ ആരോഗ്യ പദ്ധതിയും ഉടന്‍ തന്നെ നടപ്പിലാക്കും. ഇത് കൂടാതെയാണ് പ്രമേഹ രോഗ പ്രതിരോധത്തിന് മാത്രമായി ആരോഗ്യ വകുപ്പ് തയ്യാറെടുക്കുന്നത്.