- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവരം ഒളിച്ചു വയ്ക്കാൻ വിവരാവകാശ നിയമം ഭേദഗതി ചെയ്യാൻ ശുപാർശ; പിഴ ചുമത്താൻ അധികാരമുള്ള ഡാറ്റ സംരക്ഷണ ബോർഡിനെ പൂർണമായി നിയമിക്കുന്നത് കേന്ദ്രസർക്കാർ; അമിതാധികാരങ്ങൾ കേന്ദ്രത്തിലേക്ക് പോകുന്നുവെന്ന് ഡിജിറ്റൽ വിദഗ്ദ്ധർ; ആശങ്കകൾക്കിടെ ഡിജിറ്റൽ ഡാറ്റ സംരക്ഷണ ബില്ലിൽ അഭിപ്രായം അറിയിക്കാനുള്ള തീയതി നീട്ടി; ബിൽ ഇതേപടി പാസായാൽ പൗരന്മാർക്ക് സംരക്ഷണം കിട്ടുമോ?
ന്യൂഡൽഹി: 2023 ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയേറിയ രാജ്യമായി ഇന്ത്യ മാറും. ജനസംഖ്യ കൂടുമ്പോൾ ഇന്റർനെറ്റുമായും ഡിജിറ്റൽ സേവനങ്ങളുമായും വിനിമയങ്ങൾ സ്വാഭാവികമായി വർദ്ധിക്കും. ജസ്റ്റിസ് കെ എസ് പുട്ടസ്വാമി കേസിൽ, വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അതുകൊണ്ട് തന്നെ വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കാതെ എങ്ങനെ വൻകിട കമ്പനികൾക്കും മറ്റും ഇന്റർനെറ്റിലെ വിവരങ്ങൾ ഉപയോഗിക്കാം എന്നതാണ് ചോദ്യം. ഇതിന് വേണ്ടിയുള്ള നിയമനിർമ്മാണത്തിന്റെ തത്രപ്പാടിലാണ് കേന്ദ്രസർക്കാർ. ഡിജിറ്റൽ ഡാറ്റ പൊട്ടക്ഷൻ ബിൽ 2022 അത് ലക്ഷ്യമാക്കിയാണ് മുന്നോട്ടുവച്ചത്. ഈ കരട് ബില്ലിൽ പൗരന്മാരുടെ അഭിപ്രായം അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കേണ്ടതായിരുന്നു. 2023 ജനുവരി രണ്ടുവരെ സമയപരിധി നീട്ടിയതായി വിവര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ ബില്ലിനെ കുറിച്ച് ഉയരുന്ന അഭിപ്രായങ്ങളും, വിമർശനങ്ങളും പരിശോധിക്കാവുന്നതാണ്. സമയം നീട്ടി നൽകിയതിലൂടെ കൂടുതൽ പേർക്ക് അഭിപ്രായം രേഖപ്പെടുത്താനുമാകും.
എന്താണ് ഡിജിറ്റൽ വിവര സംരക്ഷണ ബിൽ?
2017 ലെ പുട്ടസ്വാമി കേസിൽ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചല്ലോ. നിലവിലുള്ള 2000 ത്തിലെ ഐടി ആക്റ്റും, 2011 ലെ ഐടി ചട്ടങ്ങളും പുതിയ കാലത്തെ സാങ്കേതിക മുന്നേറ്റങ്ങളുമായി തട്ടിക്കുമ്പോൾ കാലഹരണപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കുറ്റം തീർത്ത ഒരു സ്വകാര്യതാ വിവര സംരക്ഷണ നിയമം രാജ്യത്ത് വേണമെന്ന കാര്യത്തിൽ തർക്കമില്ല.
ഇന്ത്യയിൽ വിവരസംരക്ഷണ ചട്ടങ്ങൾ വിവിധ നിയമങ്ങളിലായി ചിതറിക്കിടക്കുകയാണ്. 2000ത്തിലെയും 2011ലെയും ഐ.ടി. നിയമങ്ങൾ, 2019 ലെ ഉപഭോക്തൃ സംരക്ഷണനിയമം, ദേശീയ ടെലികോം നയം എന്നിവ അടക്കമുള്ള ഒട്ടനവധി നിയമങ്ങൾ അടങ്ങിയതാണിത്. ഏറ്റവും ഒടുവിലായി ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബിൽ 2022 വന്നിരിക്കുന്നു.
വ്യക്തിവിവരങ്ങളുടെ ചോർച്ച തടയാൻ ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വന്നാൽ 250 കോടി രൂപവരെ പിഴ ചുമത്താമെന്നാണ് ബില്ലിലെ വ്യവസ്ഥ. 2019 ലെ കരട് വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ പ്രകാരം 15 കോടി രൂപ അല്ലെങ്കിൽ ഒരു സ്ഥാപനത്തിന്റെ ആഗോള വിറ്റുവരവിന്റെ നാലുശതമാനമായിരുന്നു പിഴ. ഡിജിറ്റൽ സ്വകാര്യതാ നിയമങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ, 2022 എന്ന് പുനർനാമകരണം ചെയ്ത ബിൽ തയാറാക്കിയതെന്ന് ഐടി മന്ത്രാലയം പറയുന്നു.
ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ബിൽ ലക്ഷ്യമിടുന്നത്. ഡാറ്റ ശേഖരിക്കുന്നതിനുള്ള വ്യവസ്ഥകളും ഡാറ്റ പ്രോസസ്സ് ചെയ്യുന്ന ആളുകളുടെ സമ്മതവും ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. ആരുടെയെങ്കിലും ഡാറ്റ എടുക്കുന്നതിന് മുമ്പ് കമ്പനി ആവശ്യപ്പെടുന്ന വ്യക്തിഗത ഡാറ്റയുടെ വിവരണവും അത്തരം വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന്റെ ഉദ്ദേശ്യവും ഉൾക്കൊള്ളുന്ന ഒരു നോട്ടീസ് നൽകണം.
'ഡാറ്റ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യ' എന്ന സ്വതന്ത്ര സ്ഥാപനത്തെ നിയമിക്കാൻ കേന്ദ്ര സർക്കാരിനെ കരട് ബിൽ അനുവദിക്കുന്നുണ്ട്. ഈ ബോർഡിന് ബില്ലിലെ വ്യവസ്ഥകളുടെ ലംഘനം പരിശോധിക്കാനും പിഴ ചുമത്താനും കഴിയും. വ്യക്തിഗത ഡാറ്റാ ലംഘനമുണ്ടായാൽ 250 കോടി രൂപ വരെ പിഴ അടയ്ക്കേണ്ടി വന്നേക്കാം. കുട്ടികളുടെ സ്വകാര്യ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ വീഴ്ച വരുത്തിയാലും 250 കോടി രൂപ പിഴയായി നൽകേണ്ടി വരും.
സ്വകാര്യത സൂക്ഷിക്കുന്നതിലടക്കം ആശങ്കകൾ ഉയർത്തിയ പഴയ സമഗ്ര ഡാറ്റ സംരക്ഷണ ബിൽ നേരത്തെ പിൻവലിച്ചിരുന്നു. നേരത്തെ തയാറാക്കിയ കരടിൽ 91 വിഭാഗങ്ങളിലായി 88 ഭേദഗതികളാണ് സംയുക്ത പാർലമെന്ററി സമിതി നിർദ്ദേശിച്ചത്. ഇക്കാരണത്താലാണ് പഴയ ബിൽ പൂർണമായും പിൻവലിച്ച് പുതിയ ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.
വിമർശനങ്ങൾ
2019 ലെ വ്യക്തിഗത വിവര സംരക്ഷണ ബില്ലിൽ 90 ക്ലോസുകൾ ഉണ്ടായിരുന്നെങ്കിൽ, പുതിയ ബില്ലിൽ അത് 30 ആയി കുറഞ്ഞിരിക്കുന്നു. കേന്ദ്ര സർക്കാരിനും അതിന്റെ ഏജൻസികൾക്കും വ്യാപകമായി ഇളവുകൾ അനുവദിക്കുന്നു. ബില്ലിൽ പറയുന്ന പൊതുതാൽപര്യത്തിന്റെ നിർവചനം ദുർവ്യാഖ്യാനങ്ങൾക്ക് ഇടയാക്കിയേക്കാം എന്നും ഡിജിറ്റൽ വിദഗ്ദ്ധർ ആശങ്കപ്പെടുന്നു. ബിൽ പരോക്ഷമായി കേന്ദ്രസർക്കാരിന് അമിതാധികാരങ്ങൾ നൽകുന്നു എന്ന വിമർശനവും ഉണ്ട്.
വൻകിട ടെക് കമ്പനികൾക്ക് ആശ്വാസം നൽകുന്ന തരത്തിൽ ക്രോസ്-ബോർഡർ ഡാറ്റ ഫ്‌ളോകളുടെ നിയമങ്ങളിലും ഇപ്പോൾ ഇളവ് വരുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന രാജ്യങ്ങളിലേക്ക് തടസ്സമില്ലാതെ വിവരം കൈമാറ്റം ചെയ്യാം. 2019 ലെ ബില്ലിലാകട്ടെ, സുപ്രധാനമായ വ്യക്തിഗത ഡാറ്റ മൂന്നുതലത്തിലുള്ള പരിശോധനകൾക്ക് ശേഷമാണ് അതിർത്തി കടന്ന് കൈമാറ്റം ചെയ്യാൻ അനുവദിച്ചിരുന്നത്. നേരത്തെ ഇക്കാര്യത്തിൽ നിയന്ത്രണം വേണമെന്ന നിലപാടായിരുന്നു കേന്ദ്രസർക്കാരിന്.
വിവരാവകാശ നിയമത്തെ ദുർബലമാക്കുമോ?
2005 ലെ വിവരാവകാശ നിയമം ഭരണതലത്തിൽ സുതാര്യത ഉറപ്പാക്കുന്ന സുപ്രധാന നിയമങ്ങളിൽ ഒന്നാണ്. വിവരാവകാശ നിയമത്തിൽ ഭേദഗതി വേണമെന്നാണ് ഡിജിറ്റൽ ഡാറ്റ സംരക്ഷണ കരട് ബില്ലിന്റെ ശുപാർശ. ആർടിഐ നിയമത്തിലെ സെക്ഷൻ 8.1(ജെ) യ്ക്ക് ഭേദഗതി വേണമെന്നാണ് ബില്ലിലെ ക്ലോസ് 30(2) നിർദ്ദേശിക്കുന്നത്. ഈ ശുപാർശ വിവരാവകാശ നിയമത്തെ ദുർബലമാക്കുമെന്ന് വിവരാവകാശ പ്രവർത്തകർ വിമർശിക്കുന്നു. വിവരാവകാശ നിയമപ്രകാരം വിവരം െൈകെമാറുന്നതിന് ഒഴിവ് നൽകുന്നതാണ് സെക്ഷൻ 8.1(ജെ). പൊതുതാൽപര്യവുമായി ബന്ധമില്ലാത്തതോ, വ്യക്തിയുടെ സ്വകാര്യതയിൽ അനാവശ്യ കൈകടത്തലോ ഉണ്ടാക്കുന്ന വിവരം കൈമാറ്റം ചെയ്യേണ്ടതില്ലെന്നാണ് ഈ വകുപ്പിലെ വ്യവസ്ഥ. അഴിമതിക്കാരെ സംരക്ഷിക്കാൻ ഈ വ്യവസ്ഥ സർക്കാരുകൾ ദുരപയോഗം ചെയ്യുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. വ്യക്തിഗത വിവരവുമായി ബന്ധപ്പെട്ട പൊതുവിവരം കൈമാറ്റം ചെയ്യാൻ കേന്ദ്രസർക്കാരിന് ബാധ്യതയില്ലെന്നാണ് ഭേദഗതി നിർദ്ദേശം. പാർലമെന്റിനോ, സംസ്ഥാന നിയമസഭകൾക്കോ നിഷേധിക്കാത്ത ഒരു വിവരവും വ്യക്തികൾക്കും നിഷേധിക്കില്ലെന്ന വ്യവസ്ഥയും 2022 ലെ ബിൽ എടുത്തുകളയാൻ നിർദ്ദേശിക്കുന്നു.
കേന്ദ്രത്തിന് അമിതാധികാരമോ?
ഓഗസ്റ്റിൽ കേന്ദ്രം പിൻവലിച്ച ഡാറ്റ സംരക്ഷണ ബില്ലിനു പകരമാണ് പുതിയ ബില്ലിൽ നിർദ്ദേശം വന്നത്. ഇതു പ്രകാരം രാജ്യത്ത് ഡാറ്റ സംരക്ഷണ ബോർഡ് രൂപവത്കരിക്കാൻ ശുപാർശയുണ്ട്. ബോർഡ് ആയിരിക്കും നിയമലംഘനങ്ങളിൽ അന്വേഷണം നടത്തി പിഴ ചുമത്തുന്നത്. ബില്ലിലെ 19 ാം ക്ലോസാണ് ഡാറ്റ സംരക്ഷണ ബോർഡിനെ കുറിച്ച് പരാമർശിക്കുന്നത്. ഒരുസിവിൽ കോടതിയുടെ അധികാരങ്ങളുള്ള ബോർഡ് രൂപീകരിക്കുന്നത് പൂർണമായി കേന്ദ്രസർക്കാർ ആയിരിക്കും. ബോർഡിലെ അംഗങ്ങൾ, പ്രവർത്തനം, നിയമനം, നീക്കം ചെയ്യൽ ഇതെല്ലാം കേന്ദ്രം ശുപാർശ ചെയ്യുന്നത് അനുസരിച്ചായിരിക്കും. ഡാറ്റ സംരക്ഷണബോർഡിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചാൽ മാത്രമേ ബിൽ നിയമമാകുമ്പോൾ ഗുണഫലം ഉണ്ടാകുകയുള്ളുവെന്നാണ് ഡിജിറ്റൽ വിദഗ്ദ്ധർ പറയുന്നത്.
ഏതുസർക്കാർ ഏജൻസിയെയും നിയമപരിധിയിൽ നിന്ന് ഒഴിവാക്കാൻ ബിൽ കേന്ദ്രത്തിന് അധികാരം നൽകുന്നു. ഇത് സ്വാഭാവിക നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും, അഴിമതിക്കാരെ സഹായിക്കുന്നതാണെന്നും വിമർശനം ഉയർന്നു കഴിഞ്ഞു. വ്യക്തിഗത അവകാശങ്ങളുടെ സംരക്ഷണവും രക്ഷാധികാരികളുടെ താൽപര്യങ്ങളും തമ്മിൽ ക്യത്യമായ തുലനം സാധിക്കുന്ന വിധം വകുപ്പുകൾ നിർമ്മിക്കണമെന്നാണ് നിർദ്ദേശം ഉയരുന്നത്. സുതാര്യത ഉറപ്പാക്കാൻ സർക്കാരിന് അമിതാധികാരങ്ങൾ നൽകരുത്. എന്തായാലും ഇക്കാര്യത്തിൽ, പൊതുജനാഭിപ്രായം രേഖപ്പെടുത്താൻ കേന്ദ്രസർക്കാർ കൂടുതൽ സമയം അനുവദിച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ