- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകൾ ഉപയോഗിച്ചുള്ള അവഹേളനമടക്കമുള്ളവയെ ഡിജിറ്റൽ ഇന്ത്യ ആക്റ്റിലൂടെ സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; കാർട്ടൂൺ സ്വഭാവമുള്ള പരിഹാസ ട്രോളുകളെ ഭയക്കുന്ന രാഷ്ട്രീയ നേതൃത്വം വീണ്ടും കുതന്ത്രങ്ങളുമായി എത്തുന്നു; കേന്ദ്രത്തിന്റെ ഡിജിറ്റൽ ഇന്ത്യ ആക്റ്റ് സോഷ്യൽ മീഡിയയുടെ നാവൊടിക്കാനോ?
കോഴിക്കോട്: സോഷ്യൽ മീഡിയയിലെ വ്യക്തിഹത്യ നിയന്ത്രിക്കപ്പെടേണ്ടതാണ്. എന്നാൽ സോഷ്യൽ മീഡിയയിലെ മിക്ക് ട്രോളുകൾക്കുമുള്ളത് വിമർശനാത്മക കാർട്ടൂണിന്റെ സ്വഭാവമാണ്. കാർട്ടൂണുകളെ സഹിഷ്ണതയോടെ കണ്ടവരാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാർ. എന്നാൽ കഥ മാറുകയാണ്. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ അവർക്ക് അംഗീകരിക്കാനാകുന്നു. ഇതിനെ നിരോധിക്കാനാണ് കേന്ദ്ര നീക്കം.
സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകൾ ഉപയോഗിച്ചുള്ള അവഹേളനമടക്കമുള്ളവയെ ഉടൻ നിലവിൽ വരാനിരിക്കുന്ന ഡിജിറ്റൽ ഇന്ത്യ ആക്റ്റിലൂടെ സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിക്കുകയാണ്. കെസിവൈഎം മലബാർ മഹായുവജന സംഗമത്തിന്റെ ഭാഗമായി 'ന്യൂ ഇന്ത്യ ഫോർ യങ് ഇന്ത്യ' സംവാദത്തിൽ വിദ്യാർത്ഥികളുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. ട്രോളുകളെ നിരോധിക്കൽ അല്ല ലക്ഷ്യമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും ഫലത്തിൽ സംഭവിക്കുക അതു തന്നെയാകും. ഇതോടെ പുതിയ നിയമവും സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങളെ തടയാനാണെന്ന ആശങ്ക ശക്തമാകുകയാണ്.
നിയമത്തിലൂടെ ട്രോളുകൾ നിരോധിക്കുകയല്ല ചെയ്യുക. വ്യക്തിപരമായി അവഹേളിക്കുന്ന ട്രോളുകളാണ് സൈബർ ക്രൈമിൽ ഉൾപ്പെടുക. ആശയപ്രകടനത്തിനുള്ള അവകാശമെന്നത് അവഹേളനത്തിനുള്ള അവസരമായി മാറരുതെന്നും കേന്ദ്ര മന്ത്രി പറയുന്നു. എല്ലാ ട്രോളുകളിലും ഒരു പരിഹാസമുണ്ട്. വിമർശിക്കപ്പെടുന്നവർക്ക് അതിനെ അവഹേളനമാക്കി ചിത്രീകരിക്കാം. അതുകൊണ്ട് തന്നെ സൈബർ ക്രൈമിലേക്ക് ട്രോളുകളെത്തിയാൽ എല്ലാ ട്രോളുകളും കേസുകളായി മാറും. അങ്ങനെ കേസുകൾ കൂടുമ്പോൾ പതിയെ ട്രോളുകളിലൂടെയുള്ള അഭിപ്പായ പ്രകടനങ്ങളിൽ നിന്നും ആളുകൾ പിന്മാറും. ഇതിന് വഴിയൊരുക്കുകായണ് പുതിയ നിയമം എന്നാണ് മന്ത്രിയുടെ വാക്കുകൾ നൽകുന്ന സൂചന.
ഒരു ഫേസ്‌ബുക്ക് അക്കൗണ്ടും അൽപ്പം നർമ്മബോധവും കുറച്ച് കോമൺസെൻസും സമകാലിക സംഭവങ്ങളും അറിഞ്ഞിരുന്നാൽ ആർക്കും ട്രോളനാകാം.സമയംകൊല്ലികളായ തമാശകൾക്കും പരിഹാസങ്ങൾക്കും അപ്പുറം പുതുതലമുറയിലെ കുഞ്ചൻ നമ്പ്യാർമാർ തങ്ങളുടെ ആശങ്കകളും നിലപാടുകളും വിമർശനങ്ങളും ആക്ഷേപഹാസ്യമായി ട്രോളുകളിലൂടെയാണ് അവതരിപ്പിക്കുന്നത്. കാർട്ടൂണുകളിലൂടെ നടത്തിയ വിമർശനങ്ങളുടെ ഒരു ജനകീയ വേർഷനെന്നും ട്രോളുകളെ വിശേഷിപ്പിക്കാം. ഇത്തരം ട്രോളുകൾ സോഷ്യൽ മീഡിയിലൂടെ പാറിപറക്കുന്നത് രാഷ്ട്രീയക്കാർക്ക് വലിയ ക്ഷീണമാണ്. ഇതു കാരണമാണ് ട്രോളുകളെ മെരുക്കാനുള്ള നിയമ നിർമ്മാണ സാധ്യത തേടുന്നത്.
കെസിവൈഎം മലബാർ മഹായുവജന സംഗമത്തിന്റെ ഭാഗമായി 'ന്യൂ ഇന്ത്യ ഫോർ യങ് ഇന്ത്യ' സംവാദത്തിലാണ് കേന്ദ്രമന്ത്രി നിലപാടുകൾ വിശദീകരിച്ചത്. വിദ്യാർത്ഥികൾ വിദേശത്തേക്ക് ചേക്കേറുന്നത് തടയില്ല. മികച്ച വിദ്യാഭ്യാസവും ജോലിയും നേടുകയെന്നത് വിദ്യാർത്ഥികളുടെ അവകാശമാണ്. എന്നാൽ വിദേശത്തുള്ളതിനേക്കാൾ മികച്ച അവസരം ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുമ്പോൾ വിദേശത്തേക്കു പോവേണ്ട ആവശ്യമുണ്ടാവില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വന്യജീവി ആക്രമണം കേരളത്തിലും കർണാടകയിലുമുള്ള ജനങ്ങൾ നേരിടുന്ന പൊതുപ്രശ്‌നമാണ്. ഇതിനു പരിഹാരം കാണുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മലബാർ മേഖലയിലെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ ചർച്ചയിൽ പങ്കെടുത്തു. തിരുവമ്പാടി അൽഫോൻസ കോളജ് പ്രിൻസിപ്പൽ ഡോ. ചാക്കോ കാളമ്പറമ്പിൽ, താമരശ്ശേരി രൂപത ചാൻസിലർ ഫാ. ബെന്നി പുന്നൂസ് മുണ്ടനാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
മറുനാടന് മലയാളി ബ്യൂറോ