തിരുവനന്തപുരം: നാല് വർഷം കൊണ്ട് 1550 വില്ലേജുകളിൽ സർവേ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഡിജിറ്റൽ റീ സർവേയ്ക്ക മുന്നോടിയായി പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി റവന്യൂ വകുപ്പ്. നവംബർ ഒന്നിന് ആരംഭിക്കുന്ന ഡിജിറ്റൽ സർവേയിൽ അതിർത്തിത്തർക്കമുള്ള ഭൂമി ഒഴിവാക്കാനാണ് ഏറ്റവും പുതിയ നിർദ്ദേശം എത്തിയിരിക്കുന്നത്.ഉടമകൾ അതിർത്തിത്തർക്കമുന്നയിച്ചാൽ തർക്കമുള്ള രണ്ട് ഭൂഭാഗവും ഒറ്റ ബ്ലോക്കായി കണക്കാക്കി സർവേ അവസാനിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം.ഉടമകൾ തമ്മിൽ തർക്കം പരിഹരിച്ചാൽ മാത്രമേ പിന്നീട് ഭൂനികുതി അടക്കം വസ്തു സംബന്ധിച്ച ഇടപാടുകൾ നടത്താനാവൂ. ഇതിലൂടെ അതിർത്തി തർക്കം മൂലമുള്ള സർവേയുടെ കാലതാമസം ഒഴിവാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

വകുപ്പിന്റെ മാർഗ്ഗനിർദ്ദേശ പ്രകാരം വാർഡ് അടിസ്ഥാനത്തിൽ നടത്തുന്ന സർവേ സഭകളിൽ പൊതുതർക്ക വിഷയങ്ങൾ ജനപ്രതിനിധികൾ ഇടപെട്ട് പരിഹരിക്കുന്നതിനും സൗകര്യമുണ്ടാവും. സർവേക്കുശേഷം ഓരോ ഭൂമിക്കും 'ഡിജിറ്റൽ വേലി' നിർണയിക്കുന്നതോടെ ഭാവിയിൽ സിവിൽ കേസുകളുടെ എണ്ണം കുറയ്ക്കാനാവുമെന്നാണ് കരുതുന്നത്.

സർവേ സംബന്ധിച്ച് റവന്യൂ വകുപ്പിറക്കിയ മറ്റ് പ്രധാന നിർദ്ദേശങ്ങൾ

സർവേ നടക്കുന്ന 200 വില്ലേജുകളിലെയും ഭൂ ഉടമസ്ഥർ അടിയന്തിരമായി തങ്ങളുടെ കൈവശമുള്ള ഭൂമിയുടെ വിവരങ്ങൾ 'എന്റെ ഭൂമി' പോർട്ടലിൽ ഉണ്ടോ എന്നു പരിശോധിക്കണം.വിവരങ്ങൾ ഇല്ലെങ്കിൽ അവ കൂട്ടിച്ചേർക്കാനായി പോർട്ടൽ മുഖേന ഉടൻ തന്നെ അപേക്ഷിക്കണം.

ഡിജിറ്റൽ സർവ്വേ തുടങ്ങുന്ന സമയം മുതൽ സർവേ ഉദ്യോഗസ്ഥർ ഭൂമി സംബന്ധിച്ച എന്ത് വിവരങ്ങൾ ആവശ്യപ്പെട്ടാലും അത് പരിശോധനയ്ക്കായി നൽകണം. ഭൂമിയുടെ അതിർത്തികളിലെ കാടുകൾ തെളിച്ച് സർവേ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സൗകര്യം ഒരുക്കണം. ഭൂമിയുടെ അതിർത്തി അടയാളങ്ങൾ കൃത്യമാക്കുക, സർവേ ഘട്ടത്തിലും പൂർത്തിയാകുമ്പോഴും രേഖകൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പാക്കുക, സർവേ സമയത്ത് ഭൂ ഉടമസ്ഥർ സ്ഥലത്ത് ഇല്ലെങ്കിൽ ഒരാളെ സർവ്വേയുടെ കാര്യങ്ങൾക്കായി ചുമതലപ്പെടുത്തുക എന്നിവയാണു മറ്റു നിർദ്ദേശങ്ങൾ.

സർവേയുടെ നടപടി ക്രമങ്ങൾ ഇങ്ങനെ

ആദ്യഘട്ടത്തിൽ 200 വില്ലേജുകളാവും ഡിജിറ്റലായി അളക്കുക.റെസിഡന്റ്സ് അസോസിയേഷനുകൾ, കുടുബശ്രീ, അയൽക്കൂട്ട ഗ്രൂപ്പുകൾ തുടങ്ങിയവ വഴി സർവേവിവരങ്ങൾ ഭൂഉടമകളെ മുൻകൂട്ടി അറിയിക്കും.സർവേയുടെ നടപടികൾക്കായി ഓരോ വില്ലേജിലും അഞ്ചുസംഘങ്ങളാവും ഉണ്ടാവുക.തിരഞ്ഞെടുത്ത വില്ലേജുകളിൽ അഞ്ചുസംഘങ്ങളെവരെ നിയോഗിച്ച് ഡിജിറ്റൽ സർവേ നാലുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശം. സർവേയറും സഹായിയും മാത്രമാകും ഒരു സംഘത്തിലുണ്ടാവുക. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഉപഗ്രഹ സഹായത്തോടെയാകും സർവേ നടപടികൾ. ഉദ്യോഗസ്ഥ സംഘത്തിന് നേരിട്ട് എത്തിച്ചേരാൻ കഴിയാത്ത മേഖലകളിൽ ഡ്രോൺ ഉപയോഗിച്ച് നടപടികൾ പൂർത്തിയാക്കും..

സർവേ പൂർത്തിയായാൽ വിവരം റവന്യൂവകുപ്പിന്റെ പോർട്ടിലിലേക്ക് കൈമാറും. തുടർന്ന് ഭൂമിയുടെ ഡിജിറ്റൽ സ്‌കെച്ചും പ്ലാനും ഉടമയ്ക്ക് മൊബൈൽ ഫോണിൽ ലഭ്യമാക്കും. ഉടമകൾക്ക് സ്‌കെച്ചിന്റെ പ്രിന്റ് നൽകുന്നതും പരിഗണനയിലുണ്ട്. ഭൂമിവിൽപ്പനസമയത്തും മറ്റ് റവന്യൂ ഇടപാടുകൾക്കും ഇത് ഉപയോഗിക്കാം. ദിവസം ആറു ഹെക്ടർ ഭൂമിവരെ ഒരു സംഘത്തിന് സർവേ നടത്താനാകുമെന്നാണ് നേരത്തേ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സർവേയിൽ കണ്ടെത്തിയത്.

ഡിജിറ്റൽ സർവേയുടെ ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ 22 വില്ലേജുകൾ

ജില്ലയിലെ വെങ്ങാനൂർ, വെയിലൂർ, മേൽ തോന്നയ്ക്കൽ, പള്ളിപ്പുറം, അണ്ടൂർകോണം, കല്ലിയുർ, കീഴ്തോന്നയ്ക്കൽ, വെമ്പായം, തേക്കട, മാണിക്കൽ, കരകുളം, മലയിൻകീഴ്, തൊളിക്കോട്, ഇടയ്ക്കോട്, മുദാക്കൽ, കീഴാറ്റിങ്ങൽ, ഒറ്റുർ, ചെറുന്നിയുർ, വിളപ്പിൽ, കാഞ്ഞിരംകുളം, പരശുവയ്ക്കൽ, നെയ്യാറ്റിൻകര എന്നീ വില്ലേജുകളിലെ വിവിധ വാർഡുകളിലാണ് ഒന്നാം ഘട്ടത്തിൽ സർവേ നടത്തുക.

സർവ്വേ ബോധവൽക്കരണത്തിന് 200 വില്ലേജുകളിൽ ഈ മാസം 12നും 30നും ഇടയിൽ ഗ്രാമസഭകളുടെ മാതൃകയിൽ സർവേ സഭകൾ രൂപീകരിക്കും. സംസ്ഥാനതല ഉദ്ഘാടനം മംഗലപുരം വെയിലൂർ വില്ലേജിലെ തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ ഈ മാസം 12നു നടക്കും. സർവ്വേയുടെ ഒരുക്കങ്ങൾ വിലയിരുത്താനായി 200 വില്ലേജുകളിലെ തദ്ദേശ സ്ഥാപന പ്രതിനിധികൾ, ജില്ലാ കളക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം കഴിഞ്ഞ ദിവസം മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ചേർന്നിരുന്നു.

സർവേ സഭയുടെ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു.ഗ്രാമസഭകളുടെ മാതൃകയിൽ വാർഡ് തലത്തിൽ സർവേ സഭകൾ രൂപീകരിച്ച് ഡിജിറ്റൽ സർവേയുടെ ലക്ഷ്യങ്ങൾ ജനങ്ങളിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.എല്ലാ വാർഡിലും സർവേ സഭയിൽ ഭൂവുടമകളെ ബോധവത്കരിക്കാൻ രണ്ടു ഉദ്യോഗസ്ഥരെ വീതം നിയോഗിക്കും. സർവേക്കായി 1500 സർവേ ഉദ്യോഗസ്ഥരെയും 3500 താത്കാലിക ഹെൽപർമാരെയും നിയമിക്കും.ഡിജിറ്റൽ റീ സർവ്വെക്കായി 807.38 കോടി രൂപയാണ് റീബിൽഡ് കേരളയിൽ നിന്നും അനുവദിച്ചിട്ടുള്ളത്.