കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യം ആരോപിക്കുന്ന ദിലീപിന്റെ ആദ്യഭാര്യ കൂടിയായ നടി മഞ്ജു വാര്യര്‍ ആണ്. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മഞ്ജു. നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം കൊച്ചിയിലെ ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മയിലായിരുന്നു മഞ്ജു ഗൂഡാലോചന ആരോപിച്ചത്. ഇതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ ദിലീപിലേക്ക് എത്തിയത്. മറുനാടന്‍ അടക്കം ദിലീപിന്റെ പങ്ക് അന്വേഷിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയാക്കി. പക്ഷേ അന്നാരും ദീലീപിനെ തൊട്ടില്ല. പക്ഷേ മഞ്ജുവിന്റെ ആ പ്രസ്താവന ദിലീപിനെ ഏറെ ചിന്തിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് അടക്കം ദിലീപ് എസ് എം എസ് അയച്ചത്. 'തെറ്റു ചെയ്യാത്ത ഞാന്‍ സമ്മര്‍ദ്ദത്തില്‍' എന്നായിരുന്നേ്രത ആ സന്ദേശം.

2017 ഫെബ്രുവരി 18ന് കേരളം ഉണര്‍ന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടാണ്. തെന്നിന്ത്യയിലെ തന്നെ സൂപ്പര്‍താരമായ നായികയെ കൊച്ചിയില്‍ വെച്ച് തട്ടിക്കൊണ്ട് പോയി ഓടുന്ന വാഹനത്തില്‍ വെച്ച് ക്രൂര പീഡനത്തിന് ഇരയാക്കി എന്ന വാര്‍ത്ത. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ അക്രമികള്‍ പിടിയിലായി. ജൂണ്‍ 28ന് കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ കേരളം വീണ്ടും ഞെട്ടി. ജൂലൈ 10ന് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. രാജ്യത്ത് തന്നെ ആദ്യമായി കേള്‍ക്കുന്ന കൊട്ടേഷന്‍ പീഡനം ദിലീപിനെതിരെ ആരോപിക്കപ്പെട്ടു. കേസിലെ എട്ടാം പ്രതിയായ ദിലീപ് ഗൂഢാലോചന നടത്തി കൊട്ടേഷന്‍ കൊടുത്ത് നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഈ വാദത്തിന് ബലം നല്‍കുന്നതായിരുന്നു പിണറായിയ്ക്ക് ദിലീപ് അയച്ച സന്ദേശം എന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ഏതായാലും ആ സന്ദേശം ദിലീപ് അയയ്ക്കാന്‍ കാരണം മഞ്ജു വാര്യരുടെ വാക്കുകളാണ്. താര സംഘടനയായ അമ്മയും ഫെഫ്കയും ആയിരുന്നു ആ പ്രതിഷേധ പരിപാടിയുടെ സംഘാടകര്‍.

' ഒരുപാട് സങ്കടത്തോടെയും അതിലേറെ രോഷത്തോടെയുമാണ് നമ്മളെല്ലാവരും ഇന്നിവിടെ വന്നിരിക്കുന്നത്. വാക്കുകളില്‍ കൂടി പറയാന്‍ പറ്റുന്ന വികാരമാണെന്ന് തോന്നുന്നില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തിനാണ് ഈ അനുഭവം വന്നിരിക്കുന്നത്. ഇന്നലെ ഞങ്ങള്‍ ആ കുട്ടിയെ പോയി കണ്ടു. ഈ സാഹചര്യത്തെ ആ കുട്ടി നേരിട്ട മനോധൈര്യത്തേയും സമചിത്തതയേയും കണ്ട് ഞാന്‍ പോലും അത്ഭുതപ്പെട്ടു. അതില്‍ അവളെക്കുറിച്ച് ഓര്‍ത്ത് എനിക്ക് ഏറ്റവും അഭിമാനമുണ്ട്. ഈയൊരു സാഹചര്യം ഇന്നൊരു അറിയപ്പെടുന്ന വ്യക്തിക്ക് മാത്രമല്ല, ഏതൊരു പെണ്‍കുട്ടിക്കും ഈയൊരു സാഹചര്യം ഉണ്ടാവരുത് എന്നാണ് ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ പ്രാര്‍ത്ഥന. ഇവിടെ ഇരിക്കുന്ന ഞങ്ങളില്‍ പലരേയും പല അര്‍ധരാത്രികളിലും അസമയങ്ങളിലും വീടുകളില്‍ സുരക്ഷിതരായി കൊണ്ട് ചെന്നാക്കിയിട്ടുളള ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരേയും അങ്ങനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്. ഈയൊരു ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുളള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അങ്ങേയറ്റം പൂര്‍ണ പിന്തുണ നല്‍കുക എന്നതാണ് നമുക്ക് ചെയ്യാന്‍ സാധിക്കുക. അത് മാത്രമല്ല ഒരു സ്ത്രീക്ക് വീടിന് അകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ച് കിട്ടാനുളള അര്‍ഹത ഒരു സ്ത്രീക്കുണ്ട്. ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരേയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സമൂഹത്തിന് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ''.-ഇതായിരുന്നു മഞ്ജു വാര്യരുടെ ആ യോഗത്തിലെ പ്രസംഗം. സിനിമയിലെ വനിതാ കൂട്ടായ്മ അടക്കമുണ്ടായി. പിന്നീട് മഞ്ജു ആ സംഘവുമായി തെറ്റിയെന്നത് മറ്റൊരു വസ്തുത.

നടിയെ ആക്രമിച്ച കേസിലെ അന്തിമവിധി തിങ്കളാഴ്ച വരാനിരിക്കെ വിചാരണക്കോടതിയില്‍ നടന്ന പ്രോസിക്യൂഷന്‍ വാദങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കാവ്യ-ദിലീപ് ബന്ധം പുറത്തറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രോസിക്യൂഷന്‍ വാദം. താരങ്ങളുടെ ബന്ധത്തെക്കുറിച്ച് ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജുവാര്യരെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണെന്നും ഇതേ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് നടിക്കെതിരെ ക്വട്ടേഷന്‍ കൊടുക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്നുമാണ് പ്രൊസിക്യൂഷന്‍ വാദിച്ചത്.ദിലീപിന്റെ ഫോണില്‍ പല പേരുകളിലാണ് കാവ്യയുടെ നമ്പരുകള്‍ സേവ് ചെയ്തിരുന്നത്. രാമന്‍, ആര്‍യുകെ അണ്ണന്‍, മീന്‍, വ്യാസന്‍ എന്നീ പേരുകളിലാണ് നമ്പരുകള്‍ സേവ് ചെയ്തിരുന്നത്. ഡ്രൈവര്‍ അപ്പുണ്ണിയുടെ ഫോണില്‍ 'ദില്‍ കാ' എന്ന പേരിലാണ് കാവ്യയുടെ നമ്പര്‍ സേവ് ചെയ്തിരുന്നത്. കാവ്യയുമായുള്ള ബന്ധം മഞ്ജുവാര്യരില്‍ നിന്ന് മറച്ചുപിടിക്കാനാണ് ഇത്തരത്തില്‍ കള്ളപ്പേരുകള്‍ ഉപയോഗിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.2012ല്‍ തന്നെ താരങ്ങളുടെ ബന്ധത്തെക്കുറിച്ച് മഞ്ജുവാര്യര്‍ തിരിച്ചറിഞ്ഞെന്നും പ്രോസിക്യൂഷന്‍ വാദത്തില്‍ പറയുന്നുണ്ട്.

ദിലീപിന്റെ ഫോണില്‍ തുടര്‍ച്ചയായി പല നമ്പരുകളില്‍ നിന്ന് മെസേജ് വരുന്നത് മഞ്ജുവാര്യരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംശയം തോന്നിയതോടെ ഗീതു മോഹന്‍ദാസിനും സംയുക്ത വര്‍മ്മയ്ക്കുമൊപ്പം മഞ്ജുവാര്യര്‍ നടിയെ പോയി കാണുകയായിരുന്നു. ഇക്കാര്യം മുന്നേ അറിയുന്ന നടി താരങ്ങളുടെ ബന്ധത്തെക്കുറിച്ച് മഞ്ജുവാര്യരോട് തുറഞ്ഞ് പറഞ്ഞുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇതില്‍ നടിയോട് ദിലീപിന് തോന്നിയ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിചാരണക്കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി വര്‍?ഗീസാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടത്.

എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ വിധി വരുന്നത്. 2018 മാര്‍ച്ചിലാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. പള്‍സര്‍ സുനി ഉള്‍പ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. 2024 ഡിസംബര്‍ 11 നാണ് കേസില്‍ അന്തിമ വാദം തുടങ്ങുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് ആരോപിക്കപ്പെടുന്ന നടന്‍ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും, ഇതേത്തുടര്‍ന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2017 നവംബറിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാകാന്‍ നാലര വര്‍ഷമെടുത്തിരുന്നു.