കൊച്ചി: ഹൈ കോണ്‍ഫിഡന്‍സില്‍ ദിലീപ്. ചെന്നൈയിലുള്ള ദിലീപ് കുടുംബ സമേതം ഇന്ന് കൊച്ചിയിലെത്തും. അഥിനിടെ ദിലീപ് നായകനായി ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഷെഡ്യൂള്‍ ബ്രേക്കും എടുക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസില്‍ വിധി ഡിസംബര്‍ എട്ടിന് വരും. ആലുവയിലെ വീട്ടില്‍ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. പടക്കം പൊട്ടിച്ച് ദിലീപിന്റെ കുറ്റവിമുക്തി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഫാന്‍സുകാര്‍. ദിലീപിന്റെ കുടുംബവും പ്രിയപ്പെട്ടവരുമെല്ലാം വിധി വരുന്ന ദിവസം ആലുവയിലെ വീട്ടിലുണ്ടാകും. അന്ന് ഭ ഭ ബയുടെ ട്രെയിലറും പുറത്തു വരും. ഇതെല്ലാം കേസില്‍ പുഷ്പം പോലെ ജയിക്കുമെന്ന ആത്മവിശ്വാസമാണ് ദിലീപ് ക്യാമ്പിനുള്ളതെന്ന സന്ദേശമാണ് നല്‍കുന്നത്.

ഭ ഭ ബയുടെ പ്രൊമോഷന് ദിലീപിന് പങ്കെടുക്കുന്നതിനാലാണ് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ നിന്നും ബ്രേക്ക് എടുക്കുന്നത്. നവംബര്‍ 12ന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിച്ച ജഗന്‍ ഷാജി കൈലാസ് ചിത്രത്തില്‍ ദിലീപ് ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പില്‍ വ്യത്യസ്ത പ്രായത്തിലുള്ള കഥാപാത്രമായി എത്തുന്നു. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ ദിലീപിന് അച്ഛന്‍വേഷം ആണ്. എറണാകുളത്തും ചിത്രീകരണമുണ്ട്. ബിനു പപ്പു, അശോകന്‍, ശാരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഉര്‍വശി തിയറ്റേഴ്സിന്റെയും കാക സ്റ്റോറിസിന്റെയും ബാനറില്‍ സന്ദീപ് സേനനും അലക്സ് ഇ കുര്യനും ചേര്‍ന്നാണ് നിര്‍മ്മാണം. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഇതിനൊപ്പം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുവര്‍ഷത്തില്‍ ദിലീപ് അഭിനയിക്കും. 18 വര്‍ഷത്തിനുശേഷം ദിലീപും സത്യന്‍ അന്തിക്കാടും ഒരുമിക്കുകയാണ്.

ഡിസംബര്‍ 18ന് തിയേറ്ററില്‍ എത്തുന്ന ഭ ഭ ബ പൂര്‍ണമായും 'ദിലീപിന്റെ അഴിഞ്ഞാട്ടം' ആണ്. മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ദിലീപിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ എത്തുന്നു. 2017 ഫെബ്രുവരി 17നാണ് നടി രാത്രിയാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കൊച്ചിയില്‍ താരങ്ങളും പൗരപ്രമുഖരുമെല്ലാം ചേര്‍ന്ന് ഒരു യോഗം വിളിച്ചിരുന്നു. ഇതില്‍ ദിലീപ് പങ്കെടുത്തിരുന്നു. മാത്രമല്ല, ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്ജുവാര്യരും പങ്കെടുത്തു. രണ്ടുപേരും പ്രസംഗിക്കുകയും ചെയ്തു. ക്രിമിനല്‍ ഗൂഢാലോചന ഈ സംഭവത്തിന് പിന്നിലുണ്ട് എന്ന് ഈ യോഗത്തിലാണ് മഞ്ജുവാര്യര്‍ പറഞ്ഞത്. ഇതോടെയാണ് വലിയ സംഘം നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന ചര്‍ച്ച തുടങ്ങിയത്. സ്ത്രീക്കും പുരുഷനും തുല്യമായ പരിഗണന കിട്ടണം എന്നും മഞ്ജുവാര്യര്‍ പ്രസംഗിച്ചിരുന്നു. ഈ പരിപാടിക്ക് ശേഷം മൂന്നാം ദിവസമാണ് ദിലീപ് മുഖ്യമന്ത്രിക്ക് സന്ദേശം അയച്ചത്.

2017 ഫെബ്രുവരി 22ന് രാവിലെയാണ് ദിലീപ് പിണറായി വിജയന് ഫോണില്‍ നിന്ന് സന്ദേശം അയച്ചത് എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ''സര്‍, ദിലീപ് ഹിയര്‍, വല്ലാത്തൊരു മാനസിക അവസ്ഥയിലാണ് ഞാന്‍. ഒരു തെറ്റും ചെയ്യാതെ കഴിഞ്ഞ മൂന്നുനാലു ദിവസമായി അനുഭവിക്കുകയാ... സാറിന്റെ ഒറ്റയാളുടെ ധൈര്യത്തില്‍ മാത്രമാണ് ഞാന്‍ അന്ന് ഫിലിം അസോസിയേഷന്‍ കാര്യത്തില്‍ ഇറങ്ങിയത്. എനിക്കിപ്പോഴും സാറിലേ വിശ്വാസമുള്ളൂ''- ഇതായിരുന്നു സന്ദേശം. ഈ സന്ദേശം അയക്കുന്ന വേളയില്‍ ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിന്റെ പ്രതികളുടെ ചിത്രത്തിലുണ്ടായിരുന്നില്ല. ചില സന്ദേശം ഉന്നത പോലീസ് ഓഫീസര്‍മാര്‍ക്കും ദിലീപ് അയച്ചിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ മാസത്തിലാണ് ദിലീപിന്റെ പേരും കേസില്‍ ഉയര്‍ന്നു കേട്ടത്. ജൂലൈയിലാണ് ദിലീപിനെ പോലീസ് ചോദ്യം ചെയ്തത്.

ദിലീപിനൊപ്പം നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍. ജൂലൈ 10ന് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച വേളയില്‍ നടന്‍ സിദ്ദീഖ് പോലീസ് സ്റ്റേഷനിലെത്തിയതും അന്ന് വാര്‍ത്തയായിരുന്നു. എന്താണ് കാര്യം എന്ന് തിരക്കാന്‍ വന്നതാണ് എന്നായിരുന്നു അന്ന് സിദ്ദിഖ് നല്‍കിയ മറുപടി.