കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന തെളിഞ്ഞില്ല. കേസില്‍ ദിലീപിനെ കുറ്റക്കാരനെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ ആദ്യ ആറു പ്രതികള്‍ക്കെതിരെ എല്ലാം കുറ്റവും തെളിഞ്ഞുവെന്ന് കോടതി വിശദീകരിച്ചു. അവരെല്ലാം ജയിലിലേക്ക് പോകും. എന്നാല്‍ ഏഴും എട്ടും ഒന്‍പതും പത്തും പ്രതികള്‍ കുറ്റവിമുക്തരായി. കോടതിയില്‍ എത്തിയ തെളിവുകള്‍ പരിശോധിച്ച് ദിലീപിനെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് കോടതി പറഞ്ഞു വയ്ക്കുകയാണ്. ഫലത്തില്‍ കേസിലെ ആദ്യ കുറ്റപത്രം കോടതി അംഗീകരിച്ചുവെന്ന് വേണം വിലയിരുത്താന്‍. രണ്ടാം കുറ്റപത്രം പൊളിയുകയും ചെയ്തു. 12ന് വീണ്ടും കേസ് കോടതി പരിഗണിക്കും. അന്ന് ആദ്യ ആറു പ്രതികളുടെ ശിക്ഷയില്‍ വാദം കേള്‍ക്കും. അതില്‍ വിധിയും പിന്നീട് വരും. ഇന്നത്തെ കോടതി വിധിയോടെ ഇനി ഈ കേസില്‍ ദിലീപിന് ആശ്വസിക്കാം. സര്‍വ്വ സ്വതന്ത്രനാണ് ദിലീപ് ഇനി.

ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപ് എട്ടാം പ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ചൊവ്വാഴ്ചയാണ് വിചാരണ നടപടി പൂര്‍ത്തിയാക്കിയത്. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നകേസില്‍ വിധിവരുന്നത് സംഭവംനടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ്. ഒന്നാംപ്രതി എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി) ഉള്‍പ്പെടെ പത്തു പ്രതികളാണ് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസിലുണ്ടായിരുന്നത്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്. പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. കേസില്‍ 28 പേര്‍ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. ആദ്യ ആറു പ്രതികള്‍ക്കെതിരെ ഇതെല്ലാം തെളിഞ്ഞു.

സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളില്‍ ത്തന്നെ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ ജൂലായിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്. 2018 മാര്‍ച്ച് എട്ടിനാണ് വിചാരണ നടപടി ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. രഹസ്യവിചാരണയാണ് നടന്നത്. പിന്നീട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാംകുറ്റപത്രം നല്‍കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു കെ. പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. ആദ്യ പ്രതിപ്പട്ടികയില്‍ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു. പക്ഷേ ഇതൊന്നും ദിലീപിനെ കുറ്റക്കാരനായി വിധിക്കാന്‍ പോന്നതായിരുന്നില്ല.

കേസില്‍ മുന്‍പ് രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിരുന്നു. പിന്നീട് നിയമിക്കപ്പെട്ട സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി.അജകുമാറാണ് സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ പൂര്‍ത്തിയായതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനം വിസ്തരിച്ചത്. തുടര്‍ന്ന് പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. ഈ വര്‍ഷം ആദ്യത്തോടെ വിധി പ്രസ്താവിക്കുമെന്ന് കരുതപ്പെട്ട കേസിലാണ് ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്. ദിലീപിനെ കേസുമായി പ്രത്യക്ഷത്തില്‍ ബന്ധപ്പെടുത്തുന്ന തെളിവൊന്നും ഉണ്ടായില്ല. പരോക്ഷ തെളിവുകള്‍ക്ക് വേണ്ടത്ര കരുത്തും ഉണ്ടായില്ല. ദിലീപിനൊപ്പം കൂട്ടുകാരന്‍ ശരതും കുറ്റവിമുക്തനായി. അതായത് വലിയ ആശ്വാസമാണ് ഈ കേസ് ദിലീപിനും കൂട്ടുകാരനും നല്‍കുന്നത്.

ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഇവര്‍

1. സുനില്‍ എന്‍.എസ്. (പള്‍സര്‍ സുനി)

2. മാര്‍ട്ടിന്‍ ആന്റണി

3. ബി. മണികണ്ഠന്‍

4. വി.പി. വിജീഷ്

5. എച്ച്. സലിം (വടിവാള്‍ സലീം)

6. പ്രദീപ്

വെറുതെ വിട്ട പ്രതികള്‍ ഇവര്‍

7. ചാര്‍ലി തോമസ്

8. നടന്‍ ദിലീപ് (പി. ഗോപാലകൃഷ്ണന്‍)

9. സനില്‍കുമാര്‍ (മേസ്തിരി സനില്‍)

10. ജി. ശരത്