കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാരിയരെ 16-ന് വീണ്ടും വിസ്തരിക്കുമ്പോൾ വീണ്ടും ആകാംഷയിൽ മലയാളികൾ. 34-ാം സാക്ഷിയായ മഞ്ജു വാരിയരെ നേരത്തേ വിസ്തരിച്ചിരുന്നു. അന്ന് മഞ്ജു കൂറുമാറിയിരുന്നില്ല. ഇരയ്‌ക്കൊപ്പമാണ് നിന്നത്. മറ്റ് പല സിനിമാക്കാരും നിലപാട് കോടതിയിൽ മാറ്റി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ മൊഴി ഇനിയും നിർണ്ണായകാണ്.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള ചലച്ചിത്രമേഖലയിൽ നിന്നുള്ള പ്രമുഖരുടെ സാക്ഷിമൊഴികളിൽ ദിലീപ് പ്രതിരോധത്തിലായിരുന്നു. സിനിമാക്കാർ തന്നെ എല്ലാ അർത്ഥത്തിലും ഒറ്റപ്പെടുത്തിയെന്ന് ദിലീപ് തിരിച്ചറിയുകയും ചെയ്തു. എന്നാൽ വിചാരണ സമയത്ത് പലരും മൊഴി മാറ്റി. ഇത് നടിയെ ആക്രമിച്ച കേസിലെ വിചാരണയെ സ്വാധീനിക്കുമോ എന്ന സംശയവുമുണ്ടാക്കി. ഇതിനിടെയാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ എത്തുന്നതും. വീണ്ടും കുറ്റപത്രത്തിൽ കൂടിചേർക്കലും പുതിയ തെളിവും എത്തുന്നത്. ഈ സാഹചര്യത്തിൽ മഞ്ജുവിന്റെ പുതിയ മൊഴി നിർണ്ണായകമാണ്.

ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതുതെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്. നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചാനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. നടിക്കൊപ്പം ഉറച്ചു നിൽക്കുമെന്നാണ് മഞ്ജു വാര്യർ എപ്പോഴും പറയുന്നത്. ഇതിൽ വിശ്വാസം അർപ്പിക്കുകയാണ് പ്രോസിക്യൂഷൻ. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ചൊവ്വാഴ്ച നടക്കാനിരുന്ന സാക്ഷിവിസ്താരം മാറ്റിയിട്ടുണ്ട്. ഹൈക്കോടതിയിൽനിന്ന് അന്തിമ അനുമതിയാകാത്തതിനാലാണ് തിരുവനന്തപുരത്ത് നടത്താനിരുന്ന വിസ്താരം മാറ്റിയത്.

ബാലചന്ദ്രകുമാർ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് സാക്ഷിവിസ്താരം ഏഴുമുതൽ പത്തുവരെ തിരുവനന്തപുരത്ത് നടത്തുന്നത് വിചാരണക്കോടതി അംഗീകരിച്ചിരുന്നു. വിചാരണ നടക്കുന്ന കൊച്ചിയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകാനുള്ള ബുദ്ധിമുട്ടാണ് ബാലചന്ദ്രകുമാർ കോടതിയെ അറിയിച്ചത്. ഹൈക്കോടതിയുടെ അന്തിമാനുമതിയുടെ അടിസ്ഥാനത്തിൽ പുതിയ തീയതി തീരുമാനിക്കും.

ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നു-മഞ്ജു വാര്യർ പൊലീസിന് നൽകിയ മൊഴി

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു തനിക്ക് അഭിപ്രായമുണ്ടെന്നു മഞ്ജു വാര്യർ. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നതായും നെടുമ്പാശേരി പൊലീസിനും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും മഞ്ജു വാര്യർ നൽകിയ മൊഴിയിലുണ്ട്.

ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനുശേഷം ഞാൻ സിനിമാ മേഖലയിൽനിന്നു പൂർണമായി മാറിനിൽക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു.

ഞാൻ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടർന്നു വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽവച്ച് അവളുടെ അച്ഛൻ അവളോട് ''നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു'' എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നു.