- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനാരോപണത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണം കണ്ടെത്തിയത് പരാതി വ്യാജമാണെന്ന്; വ്യാജ മേല്‍വിലാസം നല്‍കിയ പരാതിക്കാരിയെ പോലും കണ്ടെത്തിയില്ല; ബാലചന്ദ്രകുമാറിന്റെ മരണം ആ കേസില്‍ നീതി കിട്ടാതെ; ആളും ആരവും ഇല്ലാതെ ആ സംവിധായകന്‍ മടങ്ങുമ്പോള്‍; ദിലീപ് കേസിലെ 'സാക്ഷി' ഇനിയില്ല
തിരുവനന്തപുരം : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരേ വെളിപ്പെടുത്തല്‍ നടത്തി ചാനലുകളില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലെത്തിച്ച സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആളും ആവരവും ഇല്ലാതെ മടങ്ങി. വൃക്കരോഗത്തെത്തുടര്‍ന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അന്ത്യമുണ്ടായത്. നെയ്യാറ്റിന്‍കര തിരുപുറം മാങ്കൂട്ടം പടിപ്പുരവീട്ടിലാണ് താമസിച്ചിരുന്നത്. ദിലീപിനെതിരായ വെളിപ്പെടുത്തല്‍ ചര്‍ച്ചകള്‍ക്കിടെയാണ് മരണമുണ്ടായത്. അതുകൊണ്ട് തന്നെ ഒരു ചിത്രം സംവിധാനം ചെയ്ത ഈ സിനിമാക്കാരന്റെ മരണത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ സിനിമാ ലോകത്തെ അതിപ്രമുഖരൊന്നും എത്തിയില്ല. ദിലീപിനോട് സ്‌നേഹമുള്ള ചലച്ചിത്ര സംഘടനകളും ഈ സംവിധായകനെ ബഹിഷ്‌കരിച്ചിരുന്നു. അങ്ങനെ ബഹളമില്ലാതെ ബാലചന്ദ്രകുമാര്‍ മടങ്ങി.
സംവിധായകന്‍ രാജസേനന്റെ 'കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍' എന്ന ചിത്രത്തില്‍ സംവിധാനസഹായിയായാണ് സിനിമാരംഗത്തെത്തിയത്. പിന്നീട് 2013-ല്‍ ആസിഫ് അലിയെ നായകനാക്കി 'കൗബോയ്' എന്ന ചിത്രം ഒരുക്കി സ്വതന്ത്ര സംവിധായകനായി. ദിലീപിനെ നായകനാക്കി 'പിക്പോക്കറ്റ്' എന്ന ചിത്രം സംവിധാനം ചെയ്യുന്നതിന്റെ ഭാഗമായാണ് അദ്ദേഹം താരവുമായി അടുത്തത്. ദിലീപുമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നു. അതിനുപിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരേ ആരോപണങ്ങളുയര്‍ത്തിയത്. വിചാരണ ഘട്ടത്തിലായിരുന്നു ബാലചന്ദ്രകുമാറിന്റെ രോഗം മൂര്‍ച്ഛിച്ചത്. ഇരു വൃക്കകളും പ്രവര്‍ത്തന രഹിതമായി. എന്നിട്ടും തളരാതെ ആ മനുഷ്യന്‍ യാത്ര തുടര്‍ന്നു. നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നതായിരുന്നു ആഗ്രഹം. പക്ഷെ വിധി കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ ബാലചന്ദ്രകുമാര്‍ യാത്രയായി.
ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്തബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു വി.ഐ.പി. വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിലേക്ക് പോലീസ് കടന്നത്. മാങ്കൂട്ടത്ത് പരേതനായ പുഷ്‌കരന്‍നാടാരുടെയും പങ്കജാക്ഷിയുടെയും മകനാണ് ബാലചന്ദ്രകുമാര്‍. ഭാര്യ: ഷീബ. മക്കള്‍: പങ്കജ് കൃഷ്ണ, ആഷിക് കൃഷ്ണ. തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടന്നു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9-ന്. നടിയെ ആക്രമിച്ച കേസില്‍ ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ പൊലീസിന് മൊഴി നല്‍കി. വിചാരണ തുടങ്ങുമ്പോഴേക്കും ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. വിചാരണ നടക്കുമ്പോള്‍ ഡയാലിസിസ് സമയം ക്രമീകരിച്ചാണ് ബാലചന്ദ്രകുമാര്‍ കോടതിയില്‍ എത്തിയത്. ആരോഗ്യം ശരീരത്തെ തളര്‍ത്തിയിട്ടും തോല്‍ക്കാത്ത മനസ്സുമായി 49 ദിവസം വിചാരണയുടെ ഭാഗമായി. നടിയെ ആക്രമിച്ച കേസില്‍ മരിക്കുന്നതു വരെ പോരാടും എന്നായിരുന്നു പ്രതികരണം.
ബാലചന്ദ്രകുമാറിനെതിരേയും പീഡനാരോപണം ഇതിനിടെ ഉയര്‍ന്നു. പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ഈ പരാതി വ്യാജമാണെന്ന് കണ്ടെത്തി. വ്യാജ മേല്‍വിലാസം നല്‍കിയ പരാതിക്കാരിയെ പിന്നീട് കണ്ടെത്താന്‍ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. ആ പരാതിക്ക് പിന്നില്‍ എതിരാളികളാണെന്ന് ബാലചന്ദ്രകുമാറിന് അറിയാമായിരുന്നു. എന്നാല്‍ തുടര്‍ നിയമ നടപടി സ്വീകരിക്കുന്നതിന് മുമ്പ് അസുഖം മൂര്‍ച്ഛിച്ചു. സത്യത്തില്‍ നീതി ലഭിക്കാതെയാണ് ബാലചന്ദ്രകുമാറിന്റെ മടക്കം.
ജാമ്യത്തിലിറങ്ങി നാല്‍പത് ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വി ഐ പി എത്തിച്ചിരുന്നുവെന്നും ഇത് ദിലീപും സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ കാണുന്നതിന് താന്‍ സാക്ഷിയായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയിരുന്നു എന്നായിരുന്നു മറ്റൊരു സുപ്രധാന വെളിപ്പെടുത്തല്‍. 2017ല്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വച്ചായിരുന്നു ഗൂഢാലോചന എന്നായിരുന്നു ആരോപണം.
പൊലീസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞുകൊണ്ട് ഇവര്‍ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളായ ബൈജു കെ. പൗലോസിന്റെ വണ്ടിയില്‍ ഏതെങ്കിലും ട്രക്കോ മറ്റോ വന്ന് കയറിയാല്‍ ഒന്നരക്കോടി നോക്കേണ്ടി വരും എന്ന് സുരാജ് പറഞ്ഞതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയാണ് ദിലീപിനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും കുരുക്ക് മുറുകിയതും. ഇതാേടെ ബാലചന്ദ്രകുമാറിനുനേരെ പ്രലോഭനങ്ങളും ഭീഷണികളുമുണ്ടായി. എന്നിട്ടും പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയായിരുന്നു.