- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദിലീപ് അടക്കമുള്ള പ്രതികള്‍ ശിക്ഷിക്കപ്പെടും; നൂറു ശതമാനം ആത്മവിശ്വാസം'; ആത്മവിശ്വാസത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാര്‍; എട്ട് വര്‍ഷം അതിജീവിത അനുഭവിച്ച ട്രോമ വലുതായിരുന്നു; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് നടിയുടെ അഭിഭാഷക ടി.ബി.മിനിയും
'ദിലീപ് അടക്കമുള്ള പ്രതികള്‍ ശിക്ഷിക്കപ്പെടും; നൂറു ശതമാനം ആത്മവിശ്വാസം'
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നാണ് ആത്മവിശ്വാസമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാര്‍. പള്‍സര്‍ സുനിയുടെ അമ്മ നല്‍കിയ ഹര്‍ജി വിധിയെ സ്വാധീനിക്കില്ലെന്നും ഹര്‍ജിക്ക് കേസുമായി ബന്ധമില്ലെന്നും അഡ്വ.അജകുമാര്‍ പറഞ്ഞു. ശിക്ഷാ വിധിക്കായി കാത്തിരിക്കുന്നു. നൂറു ശതമാനം ആത്മവിശ്വാസത്തിലാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദ് ചെയ്യണമെന്ന ആവശ്യവുമായാണ് പള്‍സര്‍ സുനിയുടെ മാതാവ് കോടതിയെ സമീപിച്ചത്. ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ഫ്രീസ് ചെയ്തതുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് അതെന്ന് അഡ്വ. അജകുമാര്‍ പറഞ്ഞു. സുനില്‍കുമാറിന്റെ അമ്മ ശോഭനയാണ് കോടതിയെ സമീപിച്ചത്. അപേക്ഷ ഇന്ന് പരിഗണിച്ചേക്കും. ഒരുലക്ഷം രൂപയുടെ അക്കൗണ്ട് ആണ് അന്വേഷണസംഘം നേരത്തെ അപേക്ഷ നല്‍കി മരവിപ്പിച്ചത്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ തുകയാണ് ഇതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
അതേസമയം ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെശക്തമായ തെളിവുകള്‍ കോടതിയില്‍ ഹാജാരാക്കാനായെന്ന വിശ്വാസത്തിലാണ് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷക ടി.ബി മിനി. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ടി.ബി മിനി പറഞ്ഞു. 'എട്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനിടയില്‍ വിചാരണ ഘട്ടങ്ങളില്‍ സുപ്രിംകോടതി ഇടപെടലും ഉണ്ടായി.പ്രതികളുടെ ക്രൂര കൃത്യവും അതിലേക്ക് നയിച്ച ഗൂഢാലോചനയും മറ്റേത് കേസിനെയും വെല്ലുന്നതാണ്. കഴിഞ്ഞ എട്ടുവര്‍ഷം കടുത്ത മാനസിക സംഘര്‍ഷമാണ് അതിജീവിത അനുഭവിച്ചത്. വിധി വരുന്നതിനേക്കാള്‍ കൂടുതല്‍ ടെന്‍ഷന്‍ അനുഭവിച്ച സമയങ്ങള്‍ വിചാരണവേളയിലുണ്ടായിട്ടുണ്ട്.
പ്രതികള്‍ക്കതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഒന്നാം പ്രതി ശിക്ഷിക്കപ്പെടാന്‍ എല്ലാ തെളിവുകളുമുണ്ട്.എന്നാല്‍ എട്ടാം പ്രതി ദിലീപിനെ പ്രതിരോധിക്കാന്‍ നിരവധി കാര്യങ്ങള്‍ അവര്‍ ചെയ്തിട്ടുണ്ട്. ദീലീപിനെതിരെ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷക പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ എറണാകുളം ജില്ലാ കോടതി അല്‍പ്പ സമയത്തിനകം വിധി പറയും. അഞ്ചു വര്‍ഷം നീണ്ട വിചാരണക്കും നാടകീയ സംഭവങ്ങള്‍ക്കും ശേഷമാണ് കേസില്‍ വിധി വരുന്നത്. ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പറയുക. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്ന് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറയുന്നത്.
അതിജീവിതയുടെ ശക്തമായ പോരാട്ടത്തിന്റെ ചരിത്രം കൂടി അടയാളപ്പെടുത്തുന്നതാണ് ഈ ദിനം. നടന്‍ ദിലീപ് ഉള്‍പ്പെടെ 10 പ്രതികളും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകും. കേരളത്തെ നടുക്കിയ കേസില്‍ വിധി പറയുന്നത്, ഏഴര വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം. പ്രോസിക്യൂഷന്‍ 261 സാക്ഷികളെയാണ് ഹാജരാക്കിയത്. കോടതിയില്‍ 1700 ലധികം രേഖകളാണ് സമര്‍പ്പിച്ചത്. നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ അതിജീവിത.




