- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ദിലീപ് അല്ലെങ്കില്‍ പിന്നെ ആരാണ് ക്വട്ടേഷന്‍ കൊടുത്തത്? അതോ റിയല്‍ എസ്റ്റേറ്റ് രഹസ്യങ്ങളോ? ദിലീപ് കേസിലെ വിചിത്ര ചോദ്യങ്ങള്‍; പുറത്തുവരുന്നത് ഞെട്ടിക്കുന്ന മൂന്ന് സിദ്ധാന്തങ്ങള്‍; ജഡ്ജിക്കെതിരെ രൂക്ഷ സൈബര്‍ ആക്രമണം; ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കിട്ടിയ ആ രേഖയ്ക്കുള്ളത് അതീവ രഹസ്യ സ്വഭാവം; ഗൂഡാലോചനയില്‍ ചര്‍ച്ച തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ ഗൂഢാലോചനാ കുറ്റം കോടതി തള്ളിയതോടെ കേസില്‍ കൂടുതല്‍ ദുരൂഹതകള്‍ ഉയരുന്നു. 'ഒരു ഗൂഢാലോചനയും നടന്നിട്ടില്ല' എന്ന തരത്തില്‍ അല്ലെങ്കില്‍ ദിലീപിനെതിരെ തെളിവില്ല എന്ന കോടതിയുടെ കണ്ടെത്തല്‍ പുറത്തുവരുമ്പോള്‍, പിന്നെ ആര്‍ക്കുവേണ്ടിയാണ് പള്‍സര്‍ സുനി ഈ ക്വട്ടേഷന്‍ നടപ്പിലാക്കിയത് എന്ന ചോദ്യമാണ് ശക്തമാകുന്നത്. വിശദ വിധി വരുമ്പോള്‍ മാത്രമേ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരൂ.
കേസില്‍ നാല് ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നതാണ് പ്രോസിക്യൂഷന്‍ കേസ്. പോലീസ് കണ്ടെത്തിയ നാല് ഗൂഢാലോചനകള്‍ ഇവയാണ്. കാവ്യയുമായുള്ള ബന്ധം മഞ്ജു വാര്യരുടെ സുഹൃത്തായ അതിജീവിത ഒറ്റിക്കൊടുത്തതിനെത്തുടര്‍ന്ന് ദിലീപും പള്‍സര്‍ സുനിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന. രണ്ട് കൊട്ടേഷന്‍ നടപ്പിലാക്കാന്‍ പള്‍സര്‍ സുനിയും മറ്റു പ്രതികളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന. മൂന്ന് കൊട്ടേഷന്‍ തുക ലഭിക്കാതെ വന്നപ്പോള്‍ ജയിലിനുള്ളില്‍ പള്‍സര്‍ സുനി നടത്തിയ ഗൂഢാലോചന. നാല് കുറ്റകൃത്യത്തിനുശേഷം തെളിവ് നശിപ്പിക്കാന്‍ ദിലീപ് നടത്തിയ ഗൂഢാലോചന. ദിലീപുമായി ബന്ധപ്പെട്ട ആദ്യ ഗൂഢാലോചന കോടതി തള്ളിക്കളഞ്ഞതോടെ, അതിന്റെ തുടര്‍ച്ചയായ മറ്റ് ഗൂഢാലോചനകളും അപ്രസക്തമായി. ഇതിനിടെ ഉത്തരം കിട്ടാത്ത പ്രധാന ചോദ്യങ്ങള്‍ ഏറെയുണ്ട്.
ഗൂഡാലോചന പൊളിയാനുള്ള കോടതിയുടെ നിരീക്ഷണങ്ങളില്‍ നിര്‍ണ്ണായകമാകാന്‍ സാധ്യതയുള്ളത് താഴെയുള്ള കാര്യങ്ങളാണ്. പ്രശ്നമുണ്ടായ 2012-നും ആക്രമണം നടന്ന 2017-നും ഇടയിലെ അഞ്ചുവര്‍ഷത്തെ ഇടവേള എന്തിനായിരുന്നു എന്നതാണ് പ്രധാനം. കാവ്യയുമായുള്ള ബന്ധം കാരണം ദിലീപിന്റെ വിവാഹബന്ധം തകര്‍ന്നെങ്കില്‍, പിന്നീട് കാവ്യയെ വിവാഹം കഴിക്കാന്‍ കഴിഞ്ഞ സ്ഥിതിക്ക് ദിലീപ് എന്തിന് ഒരു ഗൂഢാലോചനയ്ക്ക് മുതിരണമെന്നതും നിര്‍ണ്ണായകമാണ്. ഒരു കോടി രൂപ വാഗ്ദാനം ചെയ്ത ദിലീപ് എന്തുകൊണ്ടാണ് പള്‍സര്‍ സുനിക്ക് പണം നല്‍കാതിരുന്നത്? പണം ലഭിക്കാതെ വന്നാല്‍ സുനി പിണങ്ങുമെന്ന് അറിയാമല്ലോ? ഈ അഞ്ചുവര്‍ഷത്തിനിടയില്‍ ദിലീപും പള്‍സര്‍ സുനിയും നാലുതവണ മാത്രമേ ബന്ധപ്പെട്ടതായി അന്വേഷണസംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ഇതില്‍ അസ്വാഭാവികതയുണ്ടെന്ന സംശയവും ശക്തം. ഈ തിയറികളാണ് ദിലീപിന് തുണയായി മാറുന്നത്.
പുറത്തുവരുന്ന മറ്റ് മൂന്ന് സിദ്ധാന്തങ്ങള്‍ ഇങ്ങനെയാണ്. അതിജീവിതയുടെ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ തന്നെ ക്വട്ടേഷന്‍ നല്‍കിയത് ലാല്‍ അടങ്ങിയ ഒരു സംഘമാണ് എന്നും, ദിലീപിനെതിരെ ബോധപൂര്‍വ്വം ഒരു 'സീന്‍' ഉണ്ടാക്കുകയായിരുന്നു എന്നും വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. മറ്റൊരു തിയറി ഇങ്ങനെയാണ്-വിവരം ഒറ്റിക്കൊടുത്തതില്‍ കലിപ്പുണ്ടായിരുന്നത് കാവ്യ മാധവനാണ്. പോലീസ് കാവ്യയെ പ്രതിയാക്കാന്‍ മടി കാണിച്ചതിനാലാണ് കേസ് പൊളിഞ്ഞതെന്നും ഒരു കൂട്ടര്‍ വിശ്വസിക്കുന്നു. ബന്ധം തകര്‍ന്നതല്ല, മറിച്ച് ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ അതിജീവിതയുടെ പേരിലായിരുന്നു. അത് തിരികെ നല്‍കാതിരുന്നപ്പോള്‍ അവളെ 'വിരട്ടാന്‍' ദിലീപ് സുനിയെ ചുമതലപ്പെടുത്തി. എന്നാല്‍ സുനി അത് ബലാത്സംഗമാക്കി മാറ്റി എന്നാണ് മൂന്നാമത്തെ തിയറി.
പക്ഷേ ഇതിലേക്കൊന്നും അന്വേഷണം കടന്നില്ല. തെളിവുകളും കിട്ടിയില്ല. കേസിലെ ഏറ്റവും നിര്‍ണ്ണായകമായ ചോദ്യം പള്‍സര്‍ സുനിയെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ആരാണ് എന്നതാണ്. നിരവധി തവണ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജാമ്യാപേക്ഷ നല്‍കാന്‍ സുനിക്ക് പണം ലഭിച്ചത് എവിടെ നിന്നാണ് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനിക്കൂ എന്നതാണ് വസ്തുത.
ജഡ്ജിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം
ഏകദേശം ഒരു പതിറ്റാണ്ട് നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷം നടന്‍ ദിലീപിനെ ബലാത്സംഗ കേസില്‍ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ കോടതിയേയും ജഡ്ജിയേയും ലക്ഷ്യമിട്ട് രൂക്ഷമായ ആക്രമണം. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ സാമ്പത്തിക ആരോപണങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തി വിമര്‍ശകര്‍ രംഗത്തുവരുന്നു. ഒരു കോടതിവിധിയില്‍ ജഡ്ജിക്കെതിരെ ഇത്രയധികം കടുത്ത വിമര്‍ശനം ഉയരുന്നത് ഇതാദ്യമായാണ് . ഇടതു-ഇസ്ലാമിക-ഫെമിനിസ്റ്റ് നിലപാടുകള്‍ സ്വീകരിക്കുന്നവരാണ് പ്രധാനമായും ജഡ്ജിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. സിപിഎം നേതാവിന്റെ മകളാണ് ജഡ്ജിയെങ്കിലും, വിമര്‍ശകര്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കപ്പുറം സാമ്പത്തിക ആരോപണങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. എന്നാല്‍ ജഡ്ജിയുടെ രാഷ്ട്രീയ നിലപാടുകളോട് എതിര്‍പ്പുള്ളവര്‍ പോലും ഈ സമയത്ത് അവര്‍ക്ക് പിന്തുണയുമായി എത്തുന്നുണ്ട്. സത്യസന്ധയായ ജുഡീഷ്യല്‍ ഓഫീസറാണ് ഹണി എം. വര്‍ഗീസ് എന്ന് സംഘപരിവാര്‍ നിലപാടുള്ള അഡ്വക്കേറ്റ് കൃഷ്ണരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കേസിന്റെ വിചാരണ വേളയില്‍ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ ജഡ്ജ് സഹകരിക്കുന്നില്ല എന്ന് പറഞ്ഞ് രാജിവെച്ച് പോയിരുന്നു. എന്നാല്‍ പ്രോസിക്യൂഷനെ സഹായിക്കുക എന്നതല്ല, കോടതിയുടെ മുമ്പില്‍ എത്തുന്ന തെളിവുകള്‍ പരിശോധിച്ച് ശരിയായ തീരുമാനത്തിലേക്ക് എത്താന്‍ സഹായിക്കുക എന്നതാണ് കോടതിയുടെ ചുമതല. അതിജീവിത ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രതിയെ എങ്ങനെയെങ്കിലും ശിക്ഷിപ്പിക്കുക എന്നതല്ല പ്രോസിക്യൂഷന്റെ ഡ്യൂട്ടി എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് സുപ്രീം കോടതി ആ ആവശ്യം തള്ളിക്കളയുകയായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷക്കാലം ദിലീപിനെ കുറ്റക്കാരനായി വിചാരണ ചെയ്ത മാധ്യമങ്ങള്‍, കോടതി വിധി വന്നപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ബുദ്ധിമുട്ടാണ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത് എന്നതാണ് വസ്തുത. നിയമസംവിധാനത്തെ ആദരിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോടതി വിധിയെ അംഗീകരിക്കേണ്ടതുണ്ടെന്നതാണ് മറുനാടന്‍ നിലപാട്. കേസുമായി ബന്ധപ്പെട്ട് അതീവ രഹസ്യസ്വഭാവമുള്ള ഒരു രേഖ (കത്ത്) മറുനാടന് ലഭിച്ചിട്ടുണ്ട്. ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായിക്ക് ലഭിച്ച ഈ കത്ത് പിന്നീട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറിയിട്ടുണ്ട്. നിയമവ്യവസ്ഥയെ ആദരിക്കുന്നതുകൊണ്ട് ഇതിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്ന് മാത്രം.




