- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആ കുട്ടിക്ക് ഏറ്റ ആഘാതത്തിനൊപ്പമാണ് ഞാന്‍; എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദീലിപിന് പങ്കില്ലാതിരിക്കട്ടെ; അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് അന്ന് പ്രാര്‍ത്ഥിച്ച മോഹന്‍ലാല്‍; ഇന്ന് 'സര്‍വശക്തനായ ദൈവത്തിന് നന്ദി' പറഞ്ഞ ദിലീപും; താര സംഘടനയെ വീണ്ടും മുന്നില്‍ നിന്നും നയിക്കാന്‍ ജനപ്രിയന് എത്തുമോ?
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റവിമുക്തന്‍. ഇതോടെ ദിലീപിനെതിരായ കുറ്റാരോപണം മായുന്നു. ഇനി അപ്പീല്‍ കൊടുക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായേക്കും. അപ്പോഴും ദിലീപിന് ആശ്വസിക്കാനാണ് സാഹചര്യങ്ങള്‍ ഏറെയും. ഇതിന് പിന്നാലെ ഈ കേസും ദിലീപിന്റെ അറസ്റ്റും ഉയര്‍ന്നപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞ വാചകങ്ങളുണ്ട്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്നും എന്നാല്‍ ദിലീപ് കുറ്റക്കാരനാണെന്ന് തെളിയുന്നതു വരെ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നെന്നും നടന്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
ആ കുട്ടിക്ക് ഏറ്റ ആഘാതത്തിനൊപ്പമാണ് ഞാന്‍. സിനിമയില്‍ ആയതുകൊണ്ടാണ് ഈ വിഷയം ഇത്രയും മുഴച്ചുനില്‍ക്കുന്നതെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഇരയ്ക്കൊപ്പം തന്നെയാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദീലിപിന് പങ്കില്ലാതിരിക്കട്ടെ, അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ദിലീപ് ഇപ്പോഴും പുറത്തുതന്നെയാണ്. അദ്ദേഹം വരുന്നില്ലെന്ന് എഴുത്തു തന്ന നിലയില്‍ അദ്ദേഹം പുറത്താണെന്നും മോഹന്‍ ലാല്‍ പറഞ്ഞിരുന്നു. പ്രതിഷേധം ഉന്നയിക്കേണ്ടത് സംഘടനയ്ക്ക് ഉള്ളിലാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അന്ന് അമ്മയുടെ പ്രസിഡന്റായിരുന്നു മോഹന്‍ലാല്‍. അമ്മയുടെ ഭാരവാഹിയെന്ന നിലയില്‍ മോഹന്‍ലാല്‍ നടത്തിയ പ്രതികരണം അന്ന് വലിയ ചര്‍ച്ചയായി. ദിലീപ് കുറ്റവിമുക്തനായി പുറത്തേക്ക് വരുന്നു. ഇതിനൊപ്പം കേസിലെ ആറു പ്രതികളെ കുറ്റക്കാരെന്ന് കോടതി വിധിക്കുകയും ചെയ്യുന്നു. അതായത് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദീലിപിന് പങ്കില്ലാതിരിക്കട്ടെ, അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന മോഹന്‍ലാലിന്റെ പ്രാര്‍ത്ഥനയും ശരിയായി മാറി.
ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ ഗൂഢാലോചനാവാദം ആദ്യം ആരോപിക്കപ്പെട്ടത് അതിജീവിതയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്രപ്രവര്‍ത്തകര്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ്. നടി മഞ്ജു വാരിയരാണ് ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചത്. സംഭവത്തിനുശേഷം അതിജീവിത നല്‍കിയ അഭിമുഖങ്ങളില്‍ ഇതുസംബന്ധിച്ച സൂചനകളുണ്ടായിരുന്നു. കേസിലെ മുഖ്യ പ്രതിയായ നടനു മറ്റൊരു നടിയുമായുണ്ടായിരുന്ന അടുപ്പത്തെപ്പറ്റി അദ്ദേഹത്തിന്റെ ഭാര്യയായ നടി ചോദിച്ചപ്പോള്‍ ഒന്നും ഒളിച്ചുവയ്ക്കാന്‍ തോന്നിയില്ലെന്നും അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞെന്നുമാണ് അതിജീവിത പലപ്പോഴായി വെളിപ്പെടുത്തിയത്. പക്ഷേ ആ വെളിപ്പെടുത്തല്‍ കോടതിയ്ക്ക് മുന്നിലെത്തിയെങ്കിലും തെളിവില്ലാതെ പോയി. അതായത് ഈ ഗൂഡാലോചന വാദത്തെ തുടക്കം മുതല്‍ തന്നെ മോഹന്‍ലാലിനെ പോലുള്ളവര്‍ അംഗീകരിച്ചിരുന്നില്ല.
ഏതായാലും ഈ സംഭവത്തോടെ അമ്മയില്‍ നിന്നും ദിലീപ് പുറത്തായി. സിനിമാ സംഘടനകളില്‍ നിന്നെല്ലാം മാറി. വിധി ദിലീപിന് അനുകൂലമാകുന്നു. ഇതോടെ വീണ്ടും താര സംഘടനയിലേക്ക് ദിലീപ് തിരിച്ചെത്തുമോ എന്ന ചോദ്യം പ്രസക്തമാണ്. ദിലീപ് അമ്മയിലേക്ക് വരണമെന്ന് തന്നെയാണ് സിനിമയിലെ ബഹുഭൂരിഭാഗവും ആഗ്രഹിക്കുന്നത്.
കുറ്റവിമുക്തി നേടിയ ശേഷം ദിലീപ് പ്രതികരിച്ചത് ഇങ്ങനെ
നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടന്‍ ദിലീപ്. 'സര്‍വശക്തനായ ദൈവത്തിന് നന്ദി', എന്നായിരുന്നു കേസില്‍ വിധി കേട്ട് കോടതിയില്‍നിന്ന് പുറത്തേക്കുവന്ന ദിലീപിന്റെ ആദ്യപ്രതികരണം. സത്യം ജയിച്ചുവെന്ന് പറഞ്ഞ നടന്‍, കേസിലെ യഥാര്‍ഥ ഗൂഢാലോചന തന്നെ പ്രതിയാക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ആരോപിച്ചു. കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിടത്തു നിന്നാണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്നും ദിലീപ് കുറ്റപ്പെടുത്തി.
'കേസിലെ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട്, ആ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയര്‍ന്ന ഒരു മേലുദ്യോഗസ്ഥയും അവര്‍ തിരഞ്ഞെടുത്ത ഒരു സംഘം ക്രിമിനല്‍ പോലീസുകാരും ചേര്‍ന്നാണ് ഇങ്ങനെ ഒരു നടപടി ഉണ്ടാക്കിയത്. അതിനായി കേസിലെ മുഖ്യപ്രതിയെ കൂട്ടുപിടിച്ച് ജയിലില്‍ ഉണ്ടായിരുന്ന കൂട്ടുപ്രതികളെയും കൂട്ടുപിടിച്ചിട്ട് പോലീസ് സംഘം ഒരു കള്ളക്കഥ മെനഞ്ഞെടുക്കുകയാണ് ചെയ്തത്. എന്നിട്ട് പോലീസ് സംഘം അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ കള്ളക്കഥ പ്രചരിപ്പിക്കുകയും ചെയ്തു', ദിലീപ് ആരോപിച്ചു. 'ഇന്ന് കോടതിയില്‍ പോലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ തകരുകയാണ് ചെയ്തത്. കേസില്‍ യഥാര്‍ഥ ഗൂഢാലോചനയെന്ന് പറയുന്നത് എന്നെ പ്രതിയാക്കാനാണ്. എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്', ദിലീപ് പറഞ്ഞു.
തുടര്‍ന്ന് തനിക്കൊപ്പം നിന്നവരെ പേരെടുത്ത് പറഞ്ഞ് ദിലീപ് നന്ദി പറഞ്ഞു. 'എന്റെ കൂടെ നിന്ന എല്ലാ കുടുംബാംഗങ്ങളോടും എന്റെ സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളോടും കോടിക്കണക്കിന് ആള്‍ക്കാര്‍ എനിക്ക് വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ട്, അവരോടൊക്കെ ഞാന്‍ ആത്മാര്‍ഥമായി നന്ദി പറയുകയാണ്. ഒമ്പതു വര്‍ഷത്തോളം എനിക്ക് വേണ്ടി അഹോരാത്രം ആത്മാര്‍ഥമായിട്ട് ഡിഫന്‍ഡ് ചെയ്ത എന്റെ പ്രിയപ്പെട്ട അഭിഭാഷകര്‍, രാമപിള്ള സാര്‍ എന്നിവര്‍ക്ക് നന്ദി പറയുകയാണ്. അദ്ദേഹത്തിന്റെ കൂടെയുള്ള സുജേഷ് ജി. സുജേഷ് മേനോന്‍, എന്റെ സീനിയര്‍ ആയിരുന്ന ഫിലിപ്പ് ടി. വര്‍ഗീസ്, അദ്ദേഹത്തിന്റെ അസോസിയേറ്റ്സ് ശുഭ, നിത്യ തുടങ്ങിയ മറ്റുള്ള ജൂനിയഴ്സ് അതുപോലെ സുപ്രീംകോടതിയിലെ മുകുള്‍ റോഹ്ത്തഗി, രഞ്ജിത റോഹ്ത്തഗി, പ്രജമാം, വംശി തുടങ്ങിയ മറ്റുള്ള ലോയേഴ്സ് എല്ലാവരോടും ഞാന്‍ ആത്മാര്‍ഥമായി നന്ദി പറയുന്നു', നടന്‍ കൂട്ടിച്ചേര്‍ത്തു.




