കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കുമ്പോള്‍ സംഭവിച്ചത് പ്രോസിക്യൂഷന്റെ വന്‍ പരാജയം. ബലാത്സംഗ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ തന്നെ ദിലീപിനെതിരായ ഗൂഢാലോചനയാണ് തെളിയാതെ പോയത്. ശിക്ഷിക്കപ്പെട്ടവരുമായി ദിലീപിന് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതെ പോയി.

വാഹനാപകടത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും തുടര്‍ന്ന് ഒരു സംഘം ക്രിമിനലുകള്‍ ചേര്‍ന്ന് നടത്തിയ ലൈംഗികാതിക്രമവും എന്ന് എഴുതേണ്ടിയിരുന്ന കേസിനെ ദിലീപിലേക്ക് എത്തിച്ചത് അന്വേഷണ സംഘമാണ്. ഈസംഭവം നടന്ന് ആറുമാസത്തിന് ശേഷമാണ് ദിലീപിന്റെ അറസ്റ്റ് നടക്കുന്നത്. ഈ കാലതാമസം അടക്കം കേസില്‍ തിരിച്ചടി നേരിടാന്‍ ഇടയാക്കി.

തുടക്കം തൊട്ട് ദിലീപിന്റെ പേരില്‍ ഗൂഢാലോചന സിദ്ധാന്തം പറന്നു നടക്കുന്നുണ്ടായിരുന്നു. കൃത്യമായ തെളിവുകള്‍ക്ക് കാത്തിരുന്ന പൊലീസിന് മുന്നിലേക്ക് ദിലീപ് കൊണ്ടുവന്നിട്ട പരാതിയാണ് കേസിലെ എട്ടാം പ്രതിയാക്കിയത്. 2017 ഏപ്രില്‍ 18 ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദിലീപ് പ്രതിസ്ഥാനത്തില്ലായിരുന്നു. പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനി, കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി, ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശികളായ പ്രദീപ്, വിജീഷ്, തമ്മനം സ്വദേശി മണികണ്ഠന്‍, ഇരിട്ടി സ്വദേശി ചാര്‍ലി തോമസ് എന്നിവരായിരുന്നു ആദ്യ ഘട്ടത്തില്‍ പ്രതികള്‍. കേസിലെ പ്രതികള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന ദിലീപിന്റെ പരാതി തന്നെ അന്വേഷണത്തിന്റെ ഗതിമാറ്റി.

ദിലീപിന്റെതായിരുന്നു ക്വട്ടേഷന്‍ എന്ന് വ്യക്തമാക്കുന്ന കത്ത് ഒന്നാം പ്രതി പള്‍സര്‍ സുനി സഹതടവുകാരനെ കൊണ്ട് എഴുതിച്ചിരുന്നു. പിന്നാലെ ദിലീപിന് ജയിലില്‍ നിന്ന് ഒന്നരകോടി ആവശ്യപ്പെട്ട് സുനിയുടെ സഹതടവുകാരന്‍ വിഷ്ണു സനലിന്റെ ഫോണ്‍. കുരുക്ക് ഭയന്ന് ദിലീപിന്റെ പരാതി ഡിജിപിക്ക് മുന്നിലെത്തി. ഇതോടെ ദിലീപിലേക്ക് പൊലീസിന് കൃത്യമായൊരു പോയിന്റ് ലഭിക്കുന്നു.

പരാതിയെത്തി രണ്ടു മാസത്തിന് ശേഷം ജൂണ്‍ 28 നാണ് ദിലീപും സുഹൃത്തായ നാദിര്‍ഷവും ചോദ്യമുനയിലായത്. ആലുവ പൊലീസ് ക്ലബില്‍ ദിലീപിനെ ചോദ്യം ചെയ്യാനായി എത്തിച്ചു. 13 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പുറത്തേക്ക്. കേസില്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നതിന് കൃത്യമായതെളിുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.

പള്‍സര്‍ സുനി ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ തൃശൂരിലെ ലൊക്കേഷനിലെത്തിയതിന്റെ ചിത്രം ദിലീപിനെ ചോദ്യം ചെയ്ത് അഞ്ചാം ദിവസം പുറത്തായെങ്കിലും അതൊന്നും ഗൂഢാലോചനക്ക് തെളിവല്ലെന്നാണ് കോടതി വിധിയില്‍ നിന്നും വ്യക്തമാകുന്നത്. ക്രിമിനല്‍ ഗൂഢാലോചന, അന്യായതടങ്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമണം, കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, തെളിവുനശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, പ്രേരണാക്കുറ്റം, പൊതു ഉദ്ദേശ്യത്തോടെ കുറ്റകൃത്യം, ഐടി നിയമപ്രകാരം സ്വകാര്യ- ചിത്രമോ ദൃശ്യമോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ഒന്നുമുതല്‍ ആറുവരെ പ്രതികള്‍ക്കും എട്ടാം പ്രതി ദിലീപിനുമെതിരെ ചുമത്തിയത്.

ഇതിലാണ് ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. അതേസമയം ഇവരോട് ബലാത്സംഗം നടത്താന്‍ ക്വട്ടേഷന്‍ കൊടുത്തു എന്ന വാദവമാണ് കോടതിയില്‍ നിലനില്‍ക്കാതെ പോയത്. ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയാണ് ചെയ്തത്.