- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവ ദേശത്ത് പത്മസരോവരം ഗോപാലകൃഷ്ണൻ വക വഴിപാട്; ആറന്മുളയിൽ ഉമയാറ്റുകര പള്ളിയോടത്തിന് വള്ളസദ്യ നടത്തി നടൻ ദിലീപ്; ആചാരപൂർവം ചടങ്ങുകളും നടത്തി
കോഴഞ്ചേരി: ഇന്നത്തെ വള്ളസദ്യയിൽ ഉമയാറ്റുകര പള്ളിയോടത്തിന് വഴിപാട് സമർപ്പിക്കുന്നയാളുടെ വിലാസം ഇങ്ങനെയായിരുന്നു. ആലുവ ദേശം പത്മസരോവരത്തിൽ ഗോപാലകൃഷ്ണൻ. വഴിപാട് വള്ളസദ്യ നടത്താൻ വന്ന ഗോപാലകൃഷ്ണനെ കണ്ട് ആൾക്കൂട്ടം ചുറ്റും കൂടി. നടൻ ദിലീപ്. വള്ളസദ്യ ഗോപാലകൃഷ്ണൻ എന്ന സ്വന്തം പേരിലാണ് നടൻ ബുക്ക് ചെയ്തിരുന്നത്.
2154-ാം നമ്പർ ഉമയാറ്റുകര എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടമാണ് വഴിപാടിനായി തെരഞ്ഞെടുത്തത്. ചടങ്ങുകൾക്കും ആചാരങ്ങൾക്കുമായി അതി രാവിലെ തന്നെ ദിലീപ് ക്ഷേത്രത്തിൽ വന്നു. ആദ്യം പാർത്ഥ സാരഥി ദർശനം. തൊഴുതിറങ്ങുമ്പോൾ മേൽശാന്തി പ്രസാദം നൽകി. ഗജമണ്ഡപത്തിൽ എത്തിയ വഴിപാട് സമർപ്പണ ചടങ്ങുകൾക്കായി ആദ്യം നെൽപ്പറ നിറച്ചു. ശ്രീകോവിലിൽ നിന്നും പള്ളിയോടത്തിൽ ചാർത്താനുള്ള മാല ഏറ്റുവാങ്ങി കടവിലെത്തി പള്ളിയോടത്തിന്റെ ക്യാപ്ടന് പാർഥസാരഥിയുടെ അടയാളമായി പുഷ്പമാല കൈമാറി.
തുടർന്ന് പള്ളിയോടത്തിൽ കയറി കരക്കാർക്കൊപ്പം കടവിൽ എത്തി. ഇവിടെ വച്ച് കരക്കാർക്ക് ആചാര പൂർവം സ്വീകരണം നൽകി. വാദ്യ മേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയിൽ കരക്കാരെ ക്ഷേത്രമുറ്റത്തേക്ക് ആനയിച്ചു. വള്ളപ്പാട്ട് ഏറ്റുപാടി പ്രദക്ഷിണം വച്ച ശേഷം കരക്കാർ വഴിപാട് സ്വീകരണത്തിനായി ക്ഷണിച്ചു. ഊട്ടുപുരയിലെത്തി വിളക്കിന് മുന്നിലും സദ്യ വിളമ്പി. കരക്കാർ പാടി ചോദിച്ച വിഭവങ്ങളും വിളമ്പി നൽകി. ഇവർക്കൊപ്പം സദ്യയും കഴിച്ചു. പറ സമർപ്പണത്തിന് ശേഷം ക്ഷേത്രത്തിൽ ചടങ്ങുകൾ പൂർത്തിയാക്കി ദക്ഷിണ നൽകി പള്ളിയോടത്തെ കടവിൽ നിന്ന് യാത്രയാക്കി. ഇതിനു ശേഷമാണ് ദിലീപ് മടങ്ങിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്