കൊച്ചി: നടിയെ ആക്രമിച്ച കേസും പിന്നീടുണ്ടായ വിവാദങ്ങളും നടൻ ദിലീപിനെ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തിയിരുന്നു. പഴയതു പോലെ ദിലീപ് നായകനായ സിനിമകൾ തുടരെ ഇറങ്ങുന്നതിനും ഇടവേളകളുണ്ടായി. എങ്കിലും തീയറ്റർ ഉടമ, നിർമ്മാതാവ്, വിതരണക്കാരൻ എന്നീ നിലകളിൽ ദിലീപ് ഇപ്പോഴും അണിയറയിൽ പ്രബലൻ. സിനിമകൾക്ക് തീയറ്ററും ഓടിടി റിലീസും നിശ്ചയിക്കുന്നതു പോലും ദിലീപ് ആണെന്നതാണ് പുറത്തു വരുന്ന വിവരം. ഈ മേഖലയിൽ ദിലീപിന്റെ മുഖ്യ പ്രതിയോഗി നടനും നിർമ്മാതാവുമായ വിജയ്ബാബുവാണ്.

മഞ്ജുവാര്യർ, ഭാവന എന്നിവരുടെ സമീപകാല സിനിമകൾക്ക് സാറ്റലൈറ്റ്, ഓടിടി റിലീസുകൾ കിട്ടാതിരിക്കുന്നതിന് കാരണം അണിയറയിൽ ദിലീപ് നടത്തുന്ന കരുനീക്കങ്ങൾ ആണെന്നാണ് സംസാരം. മഞ്ജുവാര്യർ നായികയായ ആയിഷ എന്ന സിനിമയ്ക്ക് ഇതുവരെ ഓടിടി സാറ്റലൈറ്റ് റിലീസ് ആയിട്ടില്ല. ഇതു വരെ ഒരു ചാനലോ ഓടിടി പ്ലാറ്റ്ഫോമോ സിനിമ വിതരണത്തിന് എടുക്കാൻ തയാറായിട്ടില്ല. ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത സിനിമ നിർമ്മിച്ചത് സക്കരിയ മൊഹമ്മദാണ്. ജനുവരിയിലാണ് സിനിമ തീയറ്ററിൽ വന്നത്. ബോക്സോഫീസിൽ ചലനമുണ്ടാക്കാതെ പോയ സിനിമയ്ക്ക് ഓടിടിയിൽ വലിയ പ്രതീക്ഷകൾ ആയിരുന്നു.

നടി ഭാവനയുടെ തിരിച്ചു വരവ് ചിത്രമെന്ന ലേബലിലാണ് എന്റിക്കാക്കായ്ക്ക് ഒരു പ്രേമുണ്ടാർന്നു വന്നത്. ഷറഫുദ്ദീനും ഭാവനയും പ്രധാന റോളിൽ അഭിനയിച്ച സിനിമ തീയറ്ററിൽ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ പാടുപെട്ടു. തീയറ്റർ ഉടമകളുടെ സംഘടനയുടെ തലപ്പത്തുള്ള ദിലീപിനെ ഭയന്ന് തീയറ്റർ ചിത്രത്തിന് കിട്ടാൻ ഏറെ പാടുപെട്ടു. ഏറെ വൈകി തീയറ്റർ കിട്ടി റിലീസ് ചെയ്തപ്പോഴാകട്ടെ സമയം ഒരു പ്രശ്നമായി. ഏറ്റവുമധികം ആളുകൾ സിനിമയ്ക്ക് എത്തുന്നത് ഒന്ന്, രണ്ട് ഷോകൾക്കാണ്. ഈ സമയമൊന്നും ഭാവന ചിത്രത്തിന് കിട്ടിയില്ല. മിക്കയിടത്തും രാവിലെയും ഉച്ചയ്ക്കുമായുള്ള സ്‌ക്രീനുകളാണ് ചിത്രത്തിന് ലഭിച്ചത്. അതു കൊണ്ടു തന്നെ തീയറ്ററുകളിൽ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞില്ല. ആദിൽ എം. അഷ്റഫ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് റനീഷ് അബ്ദുൾ ഖാദറും രാജേഷ് കൃഷ്ണയും ചേർന്നാണ്.

ഈ ചിത്രത്തിനും ഓടിടി, സാറ്റലൈറ്റ് അവകാശങ്ങൾ ആയിട്ടില്ല. മലയാളത്തിൽ സിനിമകൾ എടുക്കുന്ന ഓടിടി പ്ലാറ്റ്ഫോമുകളിൽ പ്രധാനപ്പെട്ടവ ആമസോൺ പ്രൈം, ഡിസ്നി ഹോട്ട്സ്റ്റാർ, സീ5, സോണി ലിവ്, മനോരമ മാക്സ് എന്നിവയാണ്. നെറ്റഫൽക്സ് ഉണ്ടെങ്കിലു, മലയാള ചിത്രങ്ങൾ എടുക്കുന്നത് കുറവാണ്. ഡിസ്നി ഹോട്ട്സ്റ്റാർ ചിത്രമെടുക്കുമ്പോൾ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റിന് കിട്ടും. മനോരമ മാക്സ് എടുക്കുന്ന ചിത്രങ്ങളുടെ സാറ്റലൈറ്റ് കിട്ടുക മഴവിൽ മനോരമയ്ക്കാണ്. മനോരമ മാക്സ് ഓടിടിയിൽ എടുക്കുന്ന ചിത്രങ്ങൾ ആമസോൺ പ്രൈമിൽ റെന്റിനും ലഭിക്കുന്നുണ്ട്. നിലവിൽ സീ 5-സോണി ലിവ് എന്നിവ ഒറ്റക്കമ്പനി പോലെ പ്രവർത്തിക്കുന്നു. സൂര്യയ്ക്കാണ് ഈ ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം കിട്ടുക.

വിജയ് ബാബുവിന്റെ ചിത്രങ്ങൾ ഡിസ്നി പ്ലസ് ഹോട്സ്റ്റാർ, ഏഷ്യാനെറ്റ് എന്നിവയാണ് ഓടിടി, സാറ്റലൈറ്റ് അവകാശങ്ങൾ നേടിയിരുന്നത്. നിലവിൽ ദിലീപുമായുള്ള ഭിന്നതയെ തുടർന്ന് വിജയ്ബാബുവിന്റെ ചിത്രങ്ങൾ എടുക്കുന്നത് ഹോട്ട്സ്റ്റാർ നിർത്തിയെന്നാണ് അറിയുന്നത്. തലപ്പത്തുള്ളയാളുമായി ദിലീപിനുള്ള ബന്ധമാണ് ഇതിന് കാരണമായി പറയുന്നത്. നടിയുടെ പരാതിയിൽ കേസും വഴക്കുമൊക്കെ വന്നതോടെ വിവാദ നായകനായി മാറിയ വിജയ് ബാബു നിർമ്മിച്ച സുരാജും സൈജുവും നായകന്മാരായ എങ്കിലും ചന്ദ്രികേ ഓടിടിയിൽ എത്താൻ വൈകിയിരുന്നു. പ്രമുഖ പ്ലാറ്റ്ഫോമുകൾ തഴഞ്ഞ സിനിമ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മനോരമ മാക്സ് എടുത്തു. ഈ ചിത്രം മനോരമ മാക്സ് ലിങ്ക് വഴി ആമസോൺ പ്രൈമിൽ റെന്റിന് ലഭിക്കും. ഇത് ദിലീപിന് തിരിച്ചടി സമ്മാനിച്ചുവെന്നാണ് സിനിമ മേഖലയിലെ സംസാരം.