കൊല്ലം: കരുനാഗപ്പള്ളി തഴവ തൊടിയൂര്‍ നോര്‍ത്ത് കൊച്ചയ്യത്ത് കിഴക്കതില്‍ വീട്ടില്‍ ദിനേശ് കുമാര്‍. ദിനേശ് ഇന്ന് കോടീശ്വരനാണ്. പക്ഷേ ലോട്ടറിയിലെ ഭാഗ്യം എത്തും മുമ്പും ഈ വീടിന് ഗേറ്റില്ല. ആര്‍ക്കും കയറി വരാന്‍ വേണ്ടിയാണ് വീടിന് ഗേറ്റിടാത്തത്. ദിവസവും ആവശ്യങ്ങളുമായി ഒരാളെങ്കിലും ദിനേശിനെ തേടിയെത്തും. തനിക്ക് മുന്നിലെത്തുന്നവരെ ചേര്‍ത്തു നിറുത്തുന്നതാണ് ദിനേശിന്റെ രീതി. നല്‍കുന്ന പണം തിരികെ പ്രതീക്ഷിച്ചതുമില്ല. അങ്ങനെ അവസാനം ദിനേശിന് ലോട്ടറി ഭാര്യം എത്തുകയാണ്. പൂജ ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചതില്‍ വളരെ സന്തോഷമെന്ന് കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ദിനേശ് കുമാര്‍ പറയുന്നു.

കൂടുതല്‍പ്പേരും സാമ്പത്തിക സാഹായം തേടിയാണെത്തുന്നത്. വിവാഹം നടത്താനും, ബാങ്കില്‍ നിന്ന് പ്രമാണം എടുക്കാനും, ആശുപത്രി ആവശ്യങ്ങള്‍ക്കും, വീടുവയ്ക്കാനും എല്ലാം സഹായം തേടി ആളെത്തും. അങ്ങനൊരു വ്യക്തിയ്ക്കാണ് പൂജാ ബംപര്‍ അടിച്ചത്. ചിലര്‍ പണം തിരികെ നല്‍കും. മറ്റുചിലര്‍ക്ക് അതിന് കഴിയില്ല. പണം തിരികെ നല്‍കാന്‍ വൈകിയാലും ദിനേശിന് പരിഭവമില്ല. അവരുടെ ബുദ്ധിമുട്ടുകള്‍ തനിക്കറിയാമെന്നാണ് ദിനേശന്‍ പറയുന്നത്. അതുകൊണ്ട് തന്നെ ലോട്ടറി അടിച്ച ശേഷമുള്ള വാക്കുകളും പാവങ്ങള്‍ക്ക് പ്രതീക്ഷയാണ്.

പണം ആദ്യം കുറച്ചുകാലത്തേക്ക് നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. നാട്ടില്‍ കുറച്ച് ശുദ്ധരായ നാട്ടുകാരുണ്ട്. ശുദ്ധരായതുകൊണ്ടുതന്നെ അവരെ പറ്റിച്ചു പോയവരുമുണ്ട്. അവരെ സഹായിക്കണം. വീടുവെച്ചു കൊടുക്കാനും ചികിത്സാ സഹായത്തിനും സര്‍ക്കാരും ചാരിറ്റി സംഘടനകളുമുണ്ട്. ശുദ്ധരായ ചിലരൊക്കെ സാമ്പത്തികമായി പറ്റിക്കപ്പെട്ടു പോകുന്നുണ്ട്. കിടപ്പാടം നഷ്ടപ്പെട്ടു പോയവരുണ്ട്. അവരെയൊക്കെ സഹായിക്കണം, പണം എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ദിനേശ് നല്‍കിയ മറുപടി ഇങ്ങനെയാണ്.

2004ല്‍ ആലപ്പാടിനെയുള്‍പ്പെടെ സുനാമി വിഴുങ്ങിയപ്പോഴും 2018ല്‍ പ്രളയമുണ്ടായപ്പോഴും കൊവിഡിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ദിനേശുണ്ടായിരുന്നു. നാട്ടിലെ ക്ലബുകളുടെയും കൂട്ടായ്മകളുടെയും ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവം. പശുഫാം തുടങ്ങിയത് ഏഴുവര്‍ഷം മുമ്പാണ്. പ്ലസ്ടുവിനുശേഷം കുടുംബ ബിസിനസുകള്‍ ഏറ്റെടുത്തു. ഏഴുവര്‍ഷം മുന്‍പാണ് ആനയടില്‍ പശുഫാം തുടങ്ങിയത്. കൊല്ലം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തുള്ള ജയകുമാര്‍ ലോട്ടറി ഏജന്‍സിയില്‍ നിന്ന് ഒക്ടോബര്‍ 22 നെടുത്ത 10 ടിക്കറ്റില്‍ ജെ.സി 325526 എന്ന നമ്പറാണ് ദിനേശിനെ കോടീശ്വരനാക്കിയത്. ഇതേത്തുടര്‍ന്ന് വലിയ സന്തോഷത്തിലാണ് ഭാര്യ രശ്മിയും മക്കളായ ധീരജും ധീരജയും.

ജീവിക്കുന്നിടത്തോളം കാലം സന്തോഷത്തോടെ ജീവിക്കണം. ആ സന്തോഷത്തില്‍ ചുറ്റുമുള്ളവരെ കൂടി പങ്കാളികളാക്കണം. പഴയതുപോലെ അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ഒപ്പം നിറുത്തുമെന്ന് ദിനേശ് പറയുന്നു. ലോട്ടറി അടിച്ച വിവരം ബുധനാഴ്ച തന്നെ അറിഞ്ഞിരുന്നു. ബംപര്‍ സ്ഥിരമായി എടുക്കാറുണ്ട്. ചെറിയ ടിക്കറ്റുകള്‍ എടുക്കാറില്ല. ജയകുമാര്‍ ലോട്ടറി സെന്ററില്‍നിന്ന് ആദ്യമായാണ് ടിക്കറ്റ് എടുത്തത്. പത്ത് ടിക്കറ്റ് വീതമാണ് എടുക്കാറ്. എന്നിട്ട് വീട്ടില്‍ അച്ഛന്‍, അമ്മ, പെങ്ങള്‍ക്കൊക്കെ ഓരോന്നുവീതം കൊടുക്കും. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെന്നും ദിനേശ് പറഞ്ഞു. മുന്‍പ് 50,000, 10,000 രൂപയ്ക്ക് ഒക്കെ അടിച്ചിട്ടുണ്ടെന്നും 2019-ല്‍ 12 കോടിയുടെ സമ്മാനം തൊട്ടടുത്ത നമ്പറിനാണ് നഷ്ടമായതെന്നും ദിനേശ് പറഞ്ഞു.

കോടീശ്വരനായതില്‍ ഭയമൊന്നുമില്ലെന്നും ജീവിതം പഴയപോലെ തന്നെയായിരിക്കുമെന്നും ദിനേശ് പറഞ്ഞു. കേരള ഭാഗ്യക്കുറി നല്ലൊരു കാര്യമാണ്. ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്നതാണ്. ലോട്ടറി എടുത്താലെ അടിക്കൂ. എല്ലാവരും ലോട്ടറി എടുക്കണമെന്നാണ് തന്റെ അഭിപ്രായം. എടുക്കാതിരുന്നിട്ട് അടിക്കാത്തതിന് പരാതി പറഞ്ഞിട്ട് കാര്യമില്ല. ഒരു ടിക്കറ്റോ രണ്ട് ടിക്കറ്റോ അടിച്ചില്ലെന്ന് പറഞ്ഞ് എടുക്കാതിരുന്നിട്ട് കാര്യമില്ല. എല്ലാവര്‍ക്കും ലോട്ടറി അടിക്കാന്‍ പറ്റില്ലല്ലോ. എടുത്തുനോക്കിയാല്‍ ലോട്ടറി അടിക്കുമെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 22നാണ് അദ്ദേഹം ലോട്ടറി എടുക്കുന്നത്. പത്ത് ടിക്കറ്റാണ് എടുത്തത്. ഏജന്‍സി വ്യവസ്ഥയില്‍ ടിക്കറ്റ് എടുത്തുകൊണ്ടു പോയതിനാലാണ്, ഏജന്റിന് ആകാം ഇക്കുറി ഒന്നാം സമ്മാനം അടിച്ചതെന്ന് കരുതിയത്. പക്ഷേ അദ്ദേഹം ഏജന്റ് അല്ല. എങ്കിലും ഏജന്‍സി കമ്മീഷനും കിട്ടും. ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പമാണ് ദിനേശ്, ജയകുമാര്‍ ലോട്ടറി സെന്ററിലെത്തിയത്. മാലയിട്ട് ബൊക്ക നല്‍കി പൊന്നാടയണിയിച്ചാണ് ദിനേശിനെ ലോട്ടറി സെന്ററിലുള്ളവര്‍ സ്വീകരിച്ചത്. തലപ്പാവും അദ്ദേഹത്തെ അണിയിച്ചു.

'കേശു ഈ വീടിന്റെ നാഥ'നിലെ നായകനെയും കുടുംബത്തെയും പോലെയായിരുന്നു ദിനേഷും കുടുംബവും ഇന്നലെ കൂട്ടുകാരന്റെ മകളുടെ കല്യാണപ്പന്തലിലെത്തിയത്. കുട്ടികളെ സ്‌കൂളില്‍ വിടാതെ, തനിക്കാണ് ലോട്ടറിയടിച്ചതെന്നു ആരോടും പറയാതെ കല്യാണം കൂടി. കല്യാണത്തിനു മേല്‍നോട്ടം വഹിച്ചത് കോടീശ്വരനായ ദിനേഷാണെന്ന് നാട്ടുകാരറിഞ്ഞത് മണിക്കൂറുകള്‍ക്കുശേഷം മാത്രം. ഫലം വന്നപ്പോള്‍ താനാണ് വിജയിയെന്നറിഞ്ഞെങ്കിലും ആരോടും പറഞ്ഞില്ല. വൈകിട്ട് ലോട്ടറി സെന്ററില്‍ അറിയിച്ചെങ്കിലും ഭാര്യ രശ്മിയോടും മക്കളായ ധീരജിനോടും ധീരജയോടും പറഞ്ഞില്ല.

കോടീശ്വരനായ സന്തോഷത്തില്‍ ഉറക്കമില്ലാതായതോടെ രാവിലെ രശ്മിയോട് സന്തോഷം പങ്കിട്ടു. ഒരിക്കലും സ്‌കൂളില്‍ അവധിയെടുക്കാന്‍ അനുവദിക്കാത്ത അച്ഛന്‍ അവധിയെടുക്കാന്‍ പറഞ്ഞു. ഏജന്‍സി വ്യവസ്ഥയില്‍ 10 ടിക്കറ്റുകള്‍ ഒന്നിച്ചെടുത്തതിനാല്‍ കമ്മിഷനും (10%) ദിനേശിനു തന്നെ സ്വന്തം. കടയില്‍ നിന്നും ഏജന്‍സി വ്യവസ്ഥയില്‍ വാങ്ങിയ ടിക്കറ്റുകളില്‍ ഒന്നിനാണ് സമ്മാനം ലഭിച്ചത്. അതുകൊണ്ട് തന്നെ ഏജന്‍സി കമ്മീഷനായ ഒരു കോടിയും ദിനേശിന് ലഭിക്കും. 12 കോടിയില്‍ നികുതികളെല്ലാം കിഴിച്ച് 6.18 കോടിയാണ് ദിനേശിന് ലഭിക്കുക. ഇതിനൊപ്പം ഒരു കോടിയുടെ കമ്മീഷനും. അതായത് ഇരട്ട ഭാഗ്യമാണ് ദിനേശിനെ തേടി വരുന്നത്.

ഒന്നാം സമ്മാനം ലഭിച്ച ജയകുമാര്‍ ലോട്ടറിയോടു ചേര്‍ന്നുള്ള ക്വയിലോണ്‍ ലോട്ടറി സെന്റര്‍ ഉടമ ഷാനവാസ് വിറ്റ ടിക്കറ്റിനാണ് 1 ലക്ഷം രൂപ സമാശ്വാസ സമ്മാനം ലഭിച്ചത്. ഷാനവാസിന് നാലാം തവണയാണ് സമാശ്വാസ സമ്മാനം കിട്ടിയത്.