- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെ മദ്യനയ അഴിമതിയിൽ തെലങ്കാന മുഖ്യമന്ത്രി കെസിആറിന്റെ മകളെ വെള്ളം കുടിപ്പിച്ചു; നാലു മാസം കൊണ്ട് തെലുങ്കാനയിൽ രാഷ്ട്രീയ പ്രകമ്പനമുണ്ടാക്കിയ ഐആർഎസുകാരൻ; അടുത്ത ദൗത്യം കേരളത്തിൽ; ഇഡിയെ നയിക്കാൻ കൊച്ചിയിൽ എത്തുന്നത് രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങാത്ത പരൂച്ചൂരി; സ്വർണ്ണ കടത്തിൽ ഇനിയെന്ത്?
കൊച്ചി: കേരളത്തിന്റെയാകെ ചുമതലയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കൊച്ചി മേഖലാ ഓഫീസിന് പുതിയ തലവൻ എത്തുന്നത് തെലുങ്കാനയിൽ രാഷ്ട്രീയ കൊടുങ്കാറ്റായി മാറി ഇടപെടലുകൾക്ക് ശേഷം. ഹൈദരാബാദ് ഇ.ഡി. അഡീഷണൽ ഡയറക്ടറായിരുന്ന ദിനേശ് പരുച്ചൂരി അടുത്തയാഴ്ച കൊച്ചിയിൽ ചുമതലയേൽക്കും. കൊച്ചിയുടെ ചുമതലയുണ്ടായിരുന്ന ജോയന്റ് ഡയറക്ടർ മനീഷ് ഗോദാര ബെംഗളൂരു മേഖലയുടെ ചുമതലക്കാരനാകും. ഒരു രാഷ്ട്രീയക്കാരനും വഴങ്ങാത്ത ഉദ്യോഗസ്ഥനാണ് പരുച്ചൂരി എന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് നാലു മാസം കൊണ്ട് തെലുങ്കാനയിൽ നിന്ന് കേരളത്തിലേക്ക് മാറ്റുന്നതെന്ന വാദവും സജീവമാണ്.
2009 ഇന്ത്യൻ റവന്യൂ സർവീസ് (ഐ.ആർ.എസ്) ബാച്ച് ഉദ്യാഗസ്ഥനാണ് ദിനേശ്. ആദായനികുതി വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിലാണ് ഇ.ഡി.യിൽ എത്തിയത്. തെലങ്കാന സ്വദേശിയാണ്. ടോളിവുഡ് ഡ്രഗ് സ്‌കാൻഡൽ, ചികോതി പ്രവീൺ കാസിനോ കേസ് എന്നിവയിൽ ഇടപെടലുകൾ നടത്തി. തെലുങ്കാന മുഖ്യമന്ത്രി കെസി ചന്ദ്രശേഖര റാവുവിനേയും കുടുംബത്തേയും നോട്ടമിട്ട് ചില ഇടപെടലുകളും നടത്തി. ഇതിനിടെയാണ് സ്ഥലം മാറ്റം. നാലു മാസം കൊണ്ടാണ് തെലുങ്കാനയിൽ ഇഡി തലവനായി വമ്പൻ ഇടപെടൽ നടത്തിയത്. നേരത്തെ ട്രാൻസ്മിഷൻ കോർപ്പറേഷൻ എംഡിയായും തെലുങ്കാനയിൽ പരൂച്ചൂരി പ്രവർത്തിച്ചിട്ടുണ്ട്.
സ്വർണ്ണ കടത്തിൽ കേരളത്തിലെ ഇഡി അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനേയും കുടുംബത്തേയും വെട്ടിലാക്കുന്ന പല വെളിപ്പെടുത്തലും സ്വപ്‌നാ സുരേഷ് നടത്തി കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരേയും ആരോപണമുണ്ട്. ഇതിലൊന്നും വ്യക്തമായ അന്വേഷണം നടന്നില്ല. കേസ് അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് സ്വപ്‌നയ്ക്ക് പരാതിയുമുണ്ട്. ഇതിനിടെയാണ് പുതിയ നിയമനം. സ്വർണ്ണ കടത്ത് കേസിനെ പരുച്ചൂരിയുടെ വരവ് എങ്ങനെ ബാധിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പുണ്ട്. അതുകൊണ്ട് കേരളത്തിലും പലതും ഉടൻ സംഭവിക്കുമെന്ന വിലയിരുത്തൽ സജീവമാണ്.
തെലുങ്കാനയിൽ ഇഡി നയിക്കാൻ ഓഗസ്റ്റിലാണ് ദിനേശ് എത്തിയത്. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്ന ദിനേശിന്റെ നിയമനത്തോടെ തെലുങ്കാനയിലെ രാഷ്ട്രീയ കേസുകൾക്ക് പുതിയ മാനം വന്നു. ടി ആർ എസിനെതിരായ ഇടപെടലുകൾ ശക്തമാക്കി. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് തലവേദനയാകുന്ന പല നീക്കവും നടത്തി. മുഖ്യമന്ത്രിയുടെ കുടുംബത്തെ പോലും പ്രതിസന്ധി ബാധിച്ചു. ഇതിനിടെയാണ് ഇഡി ദിനേശിനെ കൊച്ചിയിലേക്ക് മാറ്റുന്നത്. തെലുങ്കാനയിൽ സ്വദേശിയല്ലാത്ത ഉദ്യോഗസ്ഥനെ നിയോഗിക്കാനായിരുന്നു ഇത്.
ഡൽഹിയിലെ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകൾ കെ കവിതയ്ക്കെതിരെ ഇഡി കുറ്റപത്രം നൽകിയിരുന്നു. കേസിൽ ഉൾപ്പെട്ട ഇന്തോ സ്പിരിറ്റി കമ്പനിയിൽ കവിതയ്ക്ക് പരോക്ഷ ഓഹരിയുണ്ടന്നാണ് ഇഡിയുടെ കണ്ടെത്തൽ. മറ്റൊരു പ്രതിക്കെതിരെ നൽകിയ കുറ്റപത്രത്തിലാണ് കവിതയ്ക്കെതിരെയും പരാമർശമുള്ളത്. കവിത പ്രവർത്തിച്ചത് പ്രതിയായ അരുൺ രാമചന്ദ്രൻ പിള്ളയെ മുൻനിർത്തിയെന്നും ഇന്തോ സ്പിരിറ്റി കമ്പനിയിൽ 65 ശതമാനത്തോളം ഓഹരി കവിതയുടെ പേരിലാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
അരുൺ രാമചന്ദ്രൻ പിള്ള വഴിയാണ് കവിത ഓഹരിയെടുത്തതെന്നും കുറ്റപത്രത്തിലുണ്ട്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ ലോക്സഭാംഗവും നിലവിൽ തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ കവിതയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇഡി നിർണ്ണായക നീക്കം നടത്തിയത്. ഈ കേസ് അട്ടിമറിക്കുന്നതിന് സാധ്യതയൊരുക്കുന്നതാണ് ദിനേശിന്റെ കൊച്ചിയിലേക്കുള്ള സ്ഥലം മാറ്റമെന്ന് തെലുങ്കാനയിൽ നിരീക്ഷണമുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ