- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് മറക്കാന്‍ വരട്ടെ! മുന്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് 12 കോടി പിഴ ചുമത്തി; കസ്റ്റംസ് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചെന്ന് വിവരാവകാശ രേഖ; കേസ് ഇപ്പോള്‍ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ കീഴില്‍; ഒരിടവേളയ്ക്ക് ശേഷം സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ പ്രതിയായ കേസ് വീണ്ടും ചര്‍ച്ചയാകുന്നു
മുന്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് 12 കോടി പിഴ ചുമത്തി
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസ് വീണ്ടും സജീവ ചര്‍ച്ചയാകുന്നു. മുന്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കസ്റ്റംസ് വകുപ്പ്, പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചതായി വിവരാവകാശ രേഖ.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് 2025 ജൂലൈ 14-ന് കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ (പ്രിവന്റീവ്) ഓഫീസിലെ ഡെപ്യൂട്ടി കമ്മീഷണര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നയതന്ത്ര മാര്‍ഗങ്ങളിലൂടെ സ്വര്‍ണം കടത്തിയതിന് മുന്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് 12 കോടി രൂപ പിഴ ചുമത്തിയതായി ധനകാര്യ മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസിന് കീഴില്‍ വരുന്ന കസ്റ്റംസ് വിഭാഗം വിവരാവകാശ മറുപടിയില്‍ സമ്മതിച്ചു. മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, അഡ്മിന്‍ അറ്റാഷെ-എക്‌സ് ചാര്‍ജ് ഡി അഫയേഴ്സ് റാഷിദ് ഖാമിസ് അലിമുസൈക്രി അല്‍ അഷ്‌മെയി, എന്നിവര്‍ക്ക് 6 കോടി രൂപ വീതമാണ് പിഴ ചുമത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.ആര്‍. ശിവശങ്കറിനെ പ്രതിചേര്‍ത്ത വെളിപ്പെടുത്തലുകളുമായി സ്വര്‍ണ്ണക്കടത്ത് കേസ് കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരായ സ്വപ്ന സുരേഷും സരിത്തും കേസില്‍ പ്രതികളായതോടെ വ്യാപക ശ്രദ്ധ നേടി.
എന്നാല്‍, തിരുവനന്തപുരത്തെ മുന്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പിഴയായി എത്ര തുക അടച്ചുവെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഗോവിന്ദന്‍ നമ്പൂതിരി ആദ്യ അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും, ഇപ്പോള്‍ കേസ് കസ്റ്റംസ്, എക്‌സൈസ്, സര്‍വീസ് ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (CESTAT) കീഴിലാണ് എന്ന് ആദ്യ അപ്പലേറ്റ് അതോറിറ്റി ചൂണ്ടിക്കാട്ടി.
സ്വപ്നയും സംഘവും ചേര്‍ന്ന് കടത്തിയത് 136.82 കിലോഗ്രാം സ്വര്‍ണമായിരുന്നു. വിപണിയില്‍ ഏതാണ്ട് 46.49 കോടി രൂപ വിലമതിക്കുന്നതാണിത്. നയതന്ത്രബാഗേജിന്റെ മറവില്‍ 20 തവണയായാണ് ഈ കടത്ത്. ഇതെല്ലാം കോണ്‍സല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയുടെ പേരിലായിരുന്നു വന്നിരുന്നത്.
അവസാനത്തെ മൂന്നുതവണ മാത്രം അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസിന്റെ പേരിലായിരുന്നു. കള്ളക്കടത്തിന് ഇരുവരും സഹായിച്ചതായാണ് കസ്റ്റംസ് പറയുന്നത്.167 കിലോഗ്രാം സ്വര്‍ണക്കടത്തിന് കസ്റ്റംസ് ബ്രോക്കര്‍ ഏജന്‍സിയായ കപ്പിത്താന്‍ ഏജന്‍സി സഹായിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണ് സ്വര്‍ണ്ണക്കടത്ത് നടത്തിയതെന്നടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും പിന്നീട് അതില്‍ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. സ്വര്‍ണ്ണം എവിടെ നിന്ന് വന്നുവെന്നോ എവിടേക്ക് പോയി എന്നോ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.