- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിരന്തരം ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല; വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു; തുറന്നപ്പോൾ ഉറങ്ങുന്നത് പോലെ നയന പായയിൽ ഒരുവശത്തേക്ക് ചെരിഞ്ഞ് കിടക്കുന്നു; മുറിവിനെപ്പറ്റി പൊലീസ് ഒന്നും പറഞ്ഞിരുന്നില്ല'; നയനയുടെ മരണത്തിൽ സംശയം ഉന്നയിച്ച് സുഹൃത്ത്
തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം വേണമെന്ന ആവശ്യവുമായി സുഹൃത്തുക്കൾ രംഗത്ത്. സംഭവം നടന്നപ്പോൾ തന്നെ ദുരൂഹത തോന്നിയിരുന്നതായി നയന സൂര്യയുടെ അടുത്ത സുഹൃത്ത് പറയുന്നു.
യുവസംവിധായിക നയനസൂര്യ സ്വയം കഴുത്തുഞെരിച്ച് മരിക്കാനോ ആഴത്തിൽ മുറിവേൽപ്പിക്കാനോ ആരോഗ്യമുള്ള വ്യക്തിയായിരുന്നില്ലെന്ന് സുഹൃത്ത് മെറിൻ മാത്യൂ പറഞ്ഞു. നയനയുടെ മുറിവിനെപ്പറ്റി പൊലീസ് ഒരിക്കലും പറഞ്ഞിരുന്നില്ലെന്ന് നയന മരിച്ചു കിടക്കുന്നത് ആദ്യംകണ്ട മെറിൻ പറഞ്ഞു. പലതവണം പൊലീസ് വിളിപ്പിച്ചെങ്കിലും നാലുവർഷമായിട്ടും ഒന്നും പറഞ്ഞിരുന്നില്ലെന്നും മെറിൻ പറയുന്നു.
നയന മരിച്ചുകിടക്കുമ്പോൾ മുറി അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നുവെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ മെറിൻ മാത്യു പറഞ്ഞു. നിരന്തരം ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനാലാണ് സുഹൃത്തുക്കൾ നയന താമസിക്കുന്ന വീട്ടിലെത്തിയത്. അവിടെ എത്തി വീട്ടുടമയുടെ കൈയിലെ താക്കോൽ കൊണ്ട് വീടിനകത്ത് കടന്നു.
അകത്തെ മുറിയിലാണ് നയനയുണ്ടായിരുന്നത്. എന്നാൽ അതിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. പൊലീസിനെ വിളിച്ചപ്പോൾ തുറന്നുനോക്കാൻ പറഞ്ഞു. തുറന്നപ്പോൾ നയന താഴെ കിടക്കുകയായിരുന്നു. പായയിൽ തലയണയെല്ലാം വെച്ച് ഉറങ്ങുന്നത് പോലെ ഒരുവശത്തേക്ക് ചെരിഞ്ഞാണ് കിടന്നിരുന്നത്. അന്ന് കഴുത്തിലെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മെറിൻ പറഞ്ഞു.
നയന സൂര്യ വീട്ടിനുള്ളിൽ മരിച്ച് കിടന്നിട്ട് ഫെബ്രുവരിയിൽ നാലുവർഷമാവുകയാണ്. എന്നാൽ ഇതുവരെയും പോസ്റ്റുമോർട്ടം റിപ്പോർട്ടിനെപ്പറ്റി നയനയേ ആശുപത്രിയിലെത്തിച്ച സുഹൃത്തുക്കളോട് പറഞ്ഞിരുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തുലുകളെ ഞെട്ടലോടെയാണ് സുഹൃത്തുക്കൾ കാണുന്നത്. സ്വയം മുറിവേൽപ്പിച്ച് മരിച്ചുവെന്നുള്ള വാദം ഇവർ വിശ്വസിക്കുന്നില്ല. ഉയർന്നുവരുന്ന സംശയങ്ങൾ പ്രത്യേകം അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണെന്ന് സുഹൃത്തുക്കൾ ആവശ്യപ്പെടുന്നു
ഷുഗർ ലെവൽ താഴ്ന്ന് നയന മരിച്ചു എന്ന തരത്തിലായിരുന്നു പ്രചരണങ്ങൾ. എന്നാൽ സംവിധായകൻ ലെനിൻ രാജേന്ദ്രൻ മരിച്ച സമയത്ത് കുറച്ചധികം ദിവസം ഭക്ഷണം കഴിക്കാതിരുന്ന ഘട്ടത്തിൽ മാത്രമാണ് നയനക്ക് ഷുഗർ ലെവൽ താഴുന്ന പ്രശ്നം അനുഭവപ്പെട്ടത്. അന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്തിരുന്നു.അതിനപ്പുറം നയന പ്രമേഹ രോഗിയാണ് എന്ന പ്രചാരണം തെറ്റാണ്. തങ്ങളുടെ അറിവിൽ നയന പ്രമേഹത്തിന് മരുന്നുകൾ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ലെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു.
നയനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നും അടിവയറ്റിൽ ക്ഷതമേറ്റതായും വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ പൊലീസ് നേരത്തെ തയ്യാറാക്കിയ മഹസറിൽ ഇതൊന്നും രേഖപ്പെടുത്തിയിരുന്നില്ല. അതിനിടെ, സ്വയം ശരീരപീഡനമേൽപ്പിക്കുന്ന 'അസ്ഫിക്സിയോഫീലിയ' എന്ന അത്യപൂർവ അവസ്ഥയിലാകാം നയനയുടെ മരണം സംഭവിച്ചതെന്നാണ് ഫൊറൻസിക് റിപ്പോർട്ടിലെ പരാമർശം.
2019 ഫെബ്രുവരി 24 -നാണ് കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശന്റെയും ഷീലയുടെയും മകൾ നയനസൂര്യയെ തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സതേടിയിരുന്ന നയന ആത്മഹത്യചെയ്തതാവാം എന്ന മട്ടിലാണ് വാർത്തകൾ പ്രചരിച്ചത്. പ്രമേഹരോഗിയായിരുന്ന നയന ഷുഗർ താഴ്ന്ന അവസ്ഥയിൽ മുറിക്കുള്ളിൽ കുഴഞ്ഞുവീണ് പരസഹായംകിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കൾ പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് കൂടുതൽവിവരങ്ങൾ പുറത്തുവന്നത്.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം ദുരൂഹതകൾ ഉള്ളതായി കാണിച്ച് പലരെയും സമീപിച്ചെങ്കിലും ആരും വലിയ താൽപര്യം കാണിച്ചില്ലെന്നാണ് സുഹൃത്തുക്കളുടെ ആക്ഷേപം. പൊലീസ് നടത്തിയ മൃതദേഹ പരിശോധനയിൽ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ല. ഇതിന് പിന്നിലും ബാഹ്യ ഇടപെടലുകൾ നടന്നതായി സംശയിക്കുന്നതായും സുഹൃത്തുക്കൾ പറയുന്നു. പിന്നിട് കോവിഡ് വ്യാപനം വന്നതോടെ അന്വേഷണം പൂർണമായി വഴിമുട്ടുകയായിരുന്നു
മറുനാടന് മലയാളി ബ്യൂറോ