- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 കൊല്ലത്തെ വിവാഹ ജീവിതത്തിൽ ചെയ്ത ശമ്പളമില്ലാത്ത ജോലിക്ക് ഒന്നേമുക്കാൽ കോടി നഷ്ടപരിഹാരം; മരിക്കുന്നതു വരെ ഭാര്യയ്ക്കും മക്കൾക്കും പെൻഷൻ; ഒരു വിവാഹമോചന കേസിൽ കോടതി ഭാര്യാജോലിക്ക് വേതനം നിശ്ചയിച്ചപ്പോൾ
ബാഴ്‌സലോണ: ഭാര്യയായി വന്ന് വേതനമില്ലാതെ വീട്ടുജോലികൾ ചെയ്തതിന് പ്രതിഫലമായി ഭർത്താവ് നൽകേണ്ടത് 1,80,000 പൗണ്ട് നഷ്ടപരിഹാരം. ഒരു വിവാഹമോചന കേസിൽ ഒരു സ്പാനിഷ് കോടതിയുടെതാണ് ഈ വിധി. തികച്ചും അസാധാരണമായ വിധിയിലൂടെ 2,04,624.86 യൂറോ ഭാരയ്ക്ക് നൽകാൻ ഉത്തരവിട്ട വിധി കഴിഞ്ഞ ദിവസമാണ് പുറത്തായത്.
ഐവാന മൊറാൽ എന്ന വനിത നൽകിയ വിവാഹമോചന ഹർജിയിലാണ് തെക്കൻ സ്പെയിനിലെ വെലെസ്- മലാഗയിലുള്ള കോടതി ഈ അസാധാരണ ഉത്തരവിറക്കിയത്. ഇവർ വിവാഹ ജീവിതം നയിച്ചിരുന്ന കാലഘട്ടത്തിൽ, സ്പെയിനിലെ ഔദ്യോഗിക ദേശീയ മിനിമം വേതനം അനുസരിച്ചാണ് കോടതി ഈ തുക കണക്കാക്കിയിരിക്കുന്നത് എന്ന് ഐ ന്യുസ് റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും കുടുംബത്തിന്റെ കാര്യങ്ങൾ നോക്കാൻ ഒരു വീട്ടമ്മയായി സേവനമനുഷ്ഠിച്ച വനിതയാണ് ഐവാന എന്ന് കോടതി നിരീക്ഷിച്ചു. നഷ്ട പരിഹാര തുകയ്ക്ക് പുറമെ ഐവാനയുടെ ഭർത്താവ് ഇവർക്ക് പ്രതിമാസം 444 പൗണ്ട് പെൻഷൻ നൽകാനും കോടതി വിധിച്ചു. അതുകൂടാതെ ഇപ്പോൾ 20 ഉം 14 ഉം വയസ്സുള്ള പെൺമക്കൾക്ക് യഥാക്രമം 356 പൗണ്ടും 533 പൗണ്ട് വീതവും പ്രതിമാസം നൽകണം.
1995- ൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. പിന്നീട് 2020-ൽ വിവാഹമോചനം നേടുകയായിരുന്നു. കോടതി വിധിയിൽ സംതൃപ്തയാണെന്നായിരുന്നു ഐവാന പ്രതികരിച്ചത്. ഇത്രയും വർഷം തന്റെ അദ്ധ്വാനവും ഊർജ്ജവും ചെലവാക്കിയിട്ടും ഭർത്താവ് വിട്ടുപോയപ്പോൾ കൈയിൽ ഒന്നും അവശേഷിച്ചില്ലഎന്നത് ഒരു ദുരവസ്ഥയാണെന്ന് അവർ പറഞ്ഞു. തന്റെ ഭർത്താവിന്റെ ജോലിയിൽ താൻ സഹായിച്ചിരുന്നു എന്നും, ഒരു ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും കടമകൾ നിർവഹിച്ചിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വിവാഹശേഷം തന്റെ സമയം പൂർണ്ണമായും കുടുംബത്തിനായി നീക്കിവെച്ച സ്ത്രീയായിരുന്നു ഐവാന എന്ന് കോടതി നിരീക്ഷിച്ചു. വിവാഹത്തിനു മുൻപ് തന്നെ ഇവർ സ്വത്ത് സംബന്ധിച്ച് ഒരു കരാർ ഉണ്ടാക്കിയിരുന്നു. ഇതനുസരിച്ച്, വിവാഹമോചനം നേടുകയാണെങ്കിൽ ഓരോ വ്യക്തിയും അത്രയും കാലം സമ്പാദിച്ചത് അതത് വ്യക്തികൾക്ക് സ്വന്തമാക്കാം. ഇതനുസരിച്ചാണെങ്കിൽ, ഐവാനക്ക് സ്വന്തമായി ഒന്നും ഇല്ലായിരുന്നു.
പൂർണ്ണ സമയം കുടുംബിനിയായി കഴിഞ്ഞിരുന്ന അവർക്ക് പണം സമ്പാദിക്കാൻ ആയിരുന്നില്ല. അതുകൊണ്ട് തന്നെയാണ് അവർക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. ഇത് സ്ത്രീകൾക്ക് ഒരു വഴികാട്ടിയാകും എന്നാണ് അവർ പറയുന്നത്. സ്ത്രീകളുടെ അവകാശം എന്തെന്ന് ഈ കേസ് തെളിയിച്ചു എന്നും അവർ പറയുന്നു.
പുറത്ത് എവിടെയെങ്കിലും ഐവാന ജോലി ചെയ്യുന്നത് ഇഷ്ടമല്ലാതിരുന്ന ഭർത്താവ് അവരെ അയാളുടെ ഉടമസ്ഥതയിലുള്ള ജിമ്മിൽ മാത്രമാണ് ജോലി ചെയ്യാൻ അനുവദിച്ചിരുന്നത്. അവിടെ പബ്ലിക് റിലേഷൻ കൈകാര്യം ചെയ്തിരുന്നത് ഐവാനയായിരുന്നു. അതു കഴിഞ്ഞുള്ള സമയം മുഴുവൻ അവർ വീട്ടുജോലികൾക്കായി മാറ്റിവയ്ക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്