- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു ദിവസം മുമ്പ് വരെ ഇരിണാവിലെ കുടുംബ വീട്ടില്‍ എല്ലാവരുമുണ്ടായിരുന്നു; കീഴടങ്ങാനുള്ള സമ്മര്‍ദ്ദം പാര്‍ട്ടിയില്‍ നിന്നുണ്ടായപ്പോള്‍ ലൈറ്റണച്ചു മുങ്ങി; ദിവ്യയെ ജയിലില്‍ അടയ്ക്കണമെന്ന നിലപാടില്‍ പാലക്കാട്ടേയും തൃശൂരിലേയും പത്തനംതിട്ടയിലേയും നേതൃത്വം; സിപിഎം പറഞ്ഞിട്ടും കീഴടങ്ങാതെ വനിതാ നേതാവ്; പാര്‍ട്ടിയെ ധിക്കരിച്ച് ദിവ്യ ഒളിവില്‍
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ ഒളിവില്‍ തുടരുന്നു. രണ്ടു ദിവസം മുമ്പ് വരെ ഇരിണാവിലെ കുടുംബ വീട്ടില്‍ ആളനക്കം ഉണ്ടായിരുന്നു. എന്നാല്‍ കീഴടങ്ങണമെന്ന് സിപിഎം നിര്‍ദ്ദേശിച്ചതിന് പിന്നാലെ വീട്ടിലെ ലൈറ്റുകളെല്ലാം അടഞ്ഞു. രണ്ടു ദിവസമായി അവിടെ ആരുമില്ല. എല്ലാവരും ഒളിവിലായി.
പോലീസിന് മുന്നില്‍ ദിവ്യ ഹാജരാകുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേട്ടിന്റെ മുമ്പില്‍ ഹാജരാക്കും. റിമാന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. കേസുണ്ടായ ശേഷം ദിവ്യ ഒരിടത്തും പോയില്ലെന്നും വീട്ടില്‍ തന്നെയാണ് ഉണ്ടായിരുന്നതുമെന്നുമാണ് മറുനാടന് ലഭ്യമായ വിവരം. രാഷ്ട്രീയ കാരണങ്ങളാലാണ് പോലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്യാത്തത്. ഇതിനിടെയാണ് അറസ്റ്റ് വേണമെന്ന നിലപാടില്‍ സിപിഎം എത്തിയത്. ഇതോടെ ദിവ്യ മുങ്ങി. പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിക്കാരനായ അജിത്തിനേയും കാണാനില്ല. സിപിഎം പറഞ്ഞാലും ദിവ്യ അറസ്റ്റു വരിക്കില്ലെന്നാണ് ലഭ്യമായ സൂചന.
ദിവ്യ ഒളിവിലാണെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. മൂന്ന് തവണ വീട്ടിലെത്തി. അകത്തേക്ക് കയറിയില്ല. ഭര്‍ത്താവിനോട് തിരക്കി. ദിവ്യയില്ലെന്ന് പറഞ്ഞപ്പോള്‍ പോലീസ് മടങ്ങി. ഈ സമയവും ദിവ്യ വീട്ടിലുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം. അതിനിടെ സിപിഎമ്മിന്റെ മൂന്ന് ജില്ലാ കമ്മറ്റികള്‍ ദിവ്യയുടെ അറസ്റ്റിന് സമ്മര്‍ദ്ദം ചെലുത്തുകയാണ്. പാലക്കാട്, തൃശൂര്‍, പത്തനംതിട്ട ജില്ലാ കമ്മറ്റികളാണ ്അവ. ചേലക്കരയിലേയും പാലക്കാട്ടേയും ഉപതിരഞ്ഞെടുപ്പാണ് തൃശൂരിനേയും പാലക്കാടിനേയും ആശങ്കപ്പെടുത്തുന്നത്. നവീന്‍ ബാബു പത്തനംതിട്ടക്കാരനാണ്. പാര്‍ട്ടി കുടുംബാഗം. ഇതു കൊണ്ട് സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയും ഉറച്ച നിലപാട് എടുത്തു.
സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും കീഴടങ്ങണമെന്ന അഭിപ്രായത്തിലാണ്. കണ്ണൂരിലെ എംവി ജയരാജനും പി ജയരാജനും ഇപി ജയരാജനും ദിവ്യയെ തള്ളി പറഞ്ഞു. ഈ സാഹചര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും ദിവ്യ പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ സാധ്യതയുണ്ട്. വീട്ടിലെത്തിയാലും പോലീസ് അറസ്റ്റു ചെയ്യില്ല. സിപിഎം നേതൃത്വം അതാഗ്രഹിക്കുന്നില്ലെന്നതിനാലാണ് ഇത്. അന്വേഷണ സംഘത്തിന് മുമ്പാകെ എത്താന്‍ ദിവ്യക്ക് മേല്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നാണ് വസ്തുത. ദിവ്യയെ പാര്‍ട്ടി തരംതാഴ്ത്താനും സാധ്യതയുണ്ട്.
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ചയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക.കോടതി വിധി വരുന്നതുവരെ കാത്തിരിക്കാതെ, ഉപതിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ വേഗത്തിലുള്ള നടപടിയാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇതിനിടെ, അന്വേഷണ സംഘത്തിന്റെ തലവനായി ചുമതലയേറ്റ കമ്മീഷണര്‍ അജിത് കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്തുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പത്ത് മണിക്ക് അന്വേഷണ സംഘം യോഗം ചേര്‍ന്നു. ദിവ്യ കീഴടങ്ങിയാല്‍ എടുക്കേണ്ട നടപടിക്രമങ്ങളാണ് ചര്‍ച്ച ചെയ്തത്.
യാത്രയയപ്പ് യോഗത്തിന് ശേഷം നവീന്‍ എങ്ങോട്ട് പോയി, വ്യാജ പരാതിയുടെ ഉറവിടം, അഴിമതി, ബിനാമി ആരോപണങ്ങള്‍ തുടങ്ങിയവയും പ്രത്യേക സംഘം അന്വേഷിക്കും.നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടത് ദിവ്യയുടെ അധിക്ഷേപമാണെന്ന് പകല്‍പോലെ വ്യക്തമായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ആദ്യം കേസന്വേഷിച്ചിരുന്ന കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയകതും വിവാദമായി.
ദിവ്യയ്ക്ക് ഒളിവില്‍ കഴിയാന്‍ ശ്രീജിത് ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണിത്. കണ്ണൂര്‍ റേഞ്ച് ഡിഐജി രാജ്പാല്‍ മീണ സംഘത്തിന് മേല്‍നോട്ടം വഹിക്കും. കണ്ണൂര്‍ എസിപി രത്‌നകുമാര്‍, ഇന്‍സ്പെക്ടര്‍ സനല്‍കുമാര്‍, എസ്ഐമാരായ സവ്യസാചി, രേഷ്മ, എഎസ്ഐ ശ്രീജിത്ത് എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.