- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളക്ടറും ദിവ്യയുമായുള്ള ഗൂഡാലോചനയാണ് 'തെറ്റുപറ്റിയെന്ന' മൊഴിയെന്ന് നവീന്‍ ബാബുവിന്റെ കുടുംബം; കളക്ടറെ സംശയ നിഴലില്‍ നിര്‍ത്തിയത് പ്രോസിക്യൂഷന്‍ പിടിച്ചില്ല; ഫോണ്‍ രേഖകള്‍ പരിശോധിക്കാത്തത് ചര്‍ച്ചയാക്കി അഡ്വ ജോണ്‍ എസ് റാല്‍ഫ്; സിബിഐ വേണമെന്ന ആവശ്യം സജീവമാകും; ദിവ്യയ്ക്ക് പ്രോസിക്യൂഷന്‍ പരോക്ഷ പ്രതിരോധം തീര്‍ത്തുവോ?
കണ്ണൂര്‍: പിപി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ നടന്നത് അതിശക്തമായ വാദപ്രതിവാദങ്ങള്‍. ദിവ്യയ്ക്ക് വേണ്ടി പതിവ് പോലെ എംഡിഎം നവീന്‍ ബാബുവിനെ കൈക്കൂലിക്കാരനാക്കി വാദിച്ചപ്പോള്‍ അതെല്ലാം നിഷേധിച്ചായിരുന്നു പ്രോസിക്യൂഷനായി അജിത് കുമാര്‍ വാദമുയര്‍ത്തിയത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും വിശദീകരിച്ചു. എന്നാല്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ നവീന്‍ ബാബുവിന്റെ കുടുംബം നിയോഗിച്ച അഭിഭാഷകന്‍ നിലപാട് എടുത്തപ്പോള്‍ അതിനെ പ്രോസിക്യൂഷന്‍ അംഗീകരിച്ചില്ല. കളക്ടറെ പ്രതിരോധിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിച്ചു. കളക്ടര്‍ക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുന്ന തരത്തിലായിരുന്നു പ്രോസിക്യൂഷന്‍ വിശദീകരണം. കേസ് അന്വേഷണം ഇഴയുന്നതും ഫോണ്‍ രേഖകള്‍ പോലും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കാത്തതും നവീന്‍ ബാബുവിന്റെ കുടുംബം നിയോഗിച്ച ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജോണ്‍ എസ് റാല്‍ഫ് ചോദ്യം ചെയ്തു. ഇത് ശക്തമായ വാദപ്രതിവാദമായി മാറി.
കളക്ടര്‍ അരുണ്‍ കെ വിജയനെ സംശയത്തില്‍ നിര്‍ത്താന്‍ സര്‍ക്കാരും പ്രോസിക്യൂഷനും ആഗ്രഹിക്കുന്നില്ല. മുദ്ര വച്ച കവറില്‍ റവന്യൂ വകുപ്പിന് നല്‍കിയ മൊഴിയില്‍ നവീന്‍ ബാബു തെറ്റു സമ്മതിച്ചുവെന്ന വിശദീകരണം കളക്ടര്‍ നല്‍കുന്നുണ്ട്. ഇതിന് വിശദീകരണവുമില്ല. എന്ത് തെറ്റാണ് നവീന്‍ ബാബു ചെയ്തതെന്ന് സമ്മതിച്ചതെന്ന് പറയാതെ പൊതു സമൂഹത്തിലും ഈ നിലപാട് കളക്ടര്‍ ശരിവച്ചു. ഇതാണ് ദിവ്യയ്ക്കായി അവരുടെ അഭിഭാഷകന്‍ ഉയര്‍ത്തുന്ന പ്രധാന വാദം. എന്നാല്‍ കളക്ടറുമായി ബന്ധപ്പെട്ട വിവാദം പ്രോസിക്യൂഷന്‍ ഏറ്റുപിടിച്ചില്ല. ഇതാണ് വാദത്തിനിടെ നവീന്‍ ബാബുവിന്റെ കുടുംബത്തിനായി ജോണ്‍ എസ് റാല്‍ഫ് ഉന്നയിച്ചത്. ഇതിനെ വാദത്തിനിടെ തന്നെ പ്രോസിക്യൂട്ടര്‍ അജിത് കുമാര്‍ എതിര്‍ത്തു. ദിവ്യയുടെ അഭിഭാഷകന്റെ വാദങ്ങളെ എല്ലാം ശക്തിയുക്തം വാദിച്ച് പൊളിച്ച പ്രോസിക്യൂട്ടര്‍ക്ക് കളക്ടര്‍ക്കെതിരെ മാത്രം പറയാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. പോലീസിന്റെ വേഗത കുറഞ്ഞ അന്വേഷണമെന്ന നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ വാദവും ശ്രദ്ധേയമായി. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണമെന്ന ആവശ്യം വീണ്ടും ശക്തമാക്കുന്നത് അവര്‍ ആലോചിക്കുന്നത്.
എല്ലാ വാദവും കേട്ട ശേഷമാണ് ദിവ്യയുടെ ജാമ്യപേക്ഷയില്‍ വിധി പ്രസ്താവിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. കേസില്‍ വാദം പൂര്‍ത്തിയായി. സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് മുന്‍പാകെയാണ് വാദം നടന്നത്. കൈക്കൂലി വാങ്ങി എന്നത് സംബന്ധിച്ച് എഡിഎം കുറ്റസമ്മതം നടത്തിയെന്നും ദിവ്യയുടെ പ്രസംഗത്തില്‍ ആത്മഹത്യാ പ്രേരണയില്ലെന്നും പ്രതിഭാഗം വാദിച്ചു. അന്വേഷണത്തോട് ദിവ്യ സഹകരിച്ചെന്ന് ദിവ്യയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ദൃശ്യങ്ങള്‍ മനഃപൂര്‍വം പ്രചരിപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതെല്ലാം പൊളിക്കാന്‍ വേണ്ടിയാണ് കളക്ടര്‍-ദിവ്യ ഗൂഡാലോചന നവീന്‍ ബാബുവിന്റെ കുടുംബം ചര്‍ച്ചയാക്കിയത്. പക്ഷേ അത് പ്രോസിക്യൂഷന്‍ ഏറ്റുപിടിക്കാത്ത് വിധിയോ സ്വാധീനിക്കുമോ എന്ന സംശയം നവീന്‍ ബാബുവിന്റെ കുടുംബത്തിനുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യ ഹര്‍ജിയുടെ വിധി നോക്കി അവര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യത ഏറെയാണ്.
തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നതിന് തെളിവാണ്. പ്രശാന്തന്‍ കൈക്കൂലി നല്‍കിയെന്നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന സസ്പെന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവായി ഈ രേഖ സ്വീകരിക്കണം എന്നുമാണ് ദിവ്യയുടെ അഭിഭാഷകന്‍ ആവശ്യപ്പെടുന്നത്. സ്വര്‍ണം പണയംവെച്ച് ഒരുലക്ഷം രൂപ വാങ്ങിയതിനുള്ള തെളിവും ഹാജരാക്കി. ഈ പണം കൈക്കൂലി കൊടുക്കാന്‍ ഉപയോഗിച്ചതാണെന്നാണ് ഉന്നയിച്ച വാദം. നവീന്‍ ബാബു പലതവണ പ്രശാന്തനെ വിളിച്ചെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതിന്റെ തെളിവായി ഫോണ്‍ രേഖകള്‍ ഹാജരാക്കി. കൂടാതെ പ്രശാന്തനും നവീന്‍ ബാബുവും തമ്മില്‍ കണ്ടെന്ന വാദത്തിന് തെളിവായി ചില സിസിടിവി ദൃശ്യങ്ങളും ഹാജരാക്കി.
നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കോള്‍ രേഖകള്‍ തെളിവായി കണക്കാക്കാനാകില്ല. ജാമ്യം നല്‍കിയാല്‍ ദിവ്യ സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നവീനെതിരേ ഇതുവരെ അഴിമതി ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഉള്ളത് പ്രശാന്തിന്റെ ആരോപണങ്ങള്‍ മാത്രം. യാത്രയയപ്പ് ചടങ്ങിലെ ദൃശ്യങ്ങള്‍ മനഃപൂര്‍വം പ്രചരിപ്പിക്കുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യാപേക്ഷയില്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാറാണ് വാദം നടത്തിയത്. കളക്ടറെ കുറ്റപ്പെടുത്തിയില്ലെന്നത് ഒഴിച്ചാല്‍ മികച്ച വാദമുഖങ്ങള്‍ അദ്ദേഹം ഉയര്‍ത്തി.
അന്വേഷണ റിപ്പോര്‍ട്ട് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നല്‍കി. ദിവ്യയ്ക്കുവേണ്ടി ജാമ്യാപേക്ഷ നല്‍കിയ അഡ്വ. കെ. വിശ്വന്‍ വിശദമായാണ് വാദങ്ങള്‍ അവതരിപ്പിച്ചത്. ഇതിന്റെ മുനയൊടിക്കുന്നതായി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോണ്‍ എസ്.റാല്‍ഫും നടത്തിയ മറുവാദം. പക്ഷേ കളക്ടറുടെ 'തെറ്റു സമ്മതിക്കല്‍' മൊഴി കേസിനെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ഒക്ടോബര്‍ 29-നാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയത്. അന്ന് ഉച്ചയ്ക്കാണ് അന്വേഷണസംഘം ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ഒരാഴ്ചയായി ദിവ്യ ജയിലിനുള്ളിലാണ്. ഇന്ന് ജാമ്യ ഹര്‍ജിയില്‍ വിധി പറയുമെന്നായിരുന്നു ദിവ്യയുടെ പ്രതീക്ഷ. എന്നാല്‍ രണ്ടു ദിവസം കൂടി ജയിലില്‍ കിടക്കേണ്ട സാഹചര്യമാണ് വിധി പറയല്‍ എട്ടിലേക്ക് മാറ്റുമ്പോഴുണ്ടാകുന്നത്. ഇത് പ്രതിഭാഗത്തെ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിക്കുന്നതാണ്.
ഫോണ്‍ വിളിച്ചാല്‍ കൈക്കൂലി വാങ്ങിയെന്നാകുമോയെന്ന് പ്രോസിക്യൂഷന്‍ മറുവാദത്തില്‍ ചോദിച്ചത് അതിനിര്‍ണ്ണായകമാണ്. കൈക്കൂലി ആരോപണം മാത്രമല്ല പ്രശാന്തനെതിരെ നടപടിക്ക് അച്ചടക്ക ലംഘനവും കാരണമായി. എഡിഎമ്മും പ്രശാന്തും ഫോണില്‍ സംസാരിച്ചത് എങ്ങനെ കൈക്കൂലി വാങ്ങിയതിന്റെ തെളിവാകും? പ്രശാന്ത് ബാങ്കില്‍ നിന്ന് വായ്പയെടുത്തത് കൈക്കൂലി നല്‍കാനാണെന്ന് പറയാന്‍ തെളിവെന്താണ്? കൈക്കൂലി നല്‍കിയെന്നത് പ്രശാന്തിന്റെ ആരോപണം മാത്രമാണ്. 19ാം വയസില്‍ സര്‍വീസില്‍ പ്രവേശിച്ച നവീന്‍ ബാബുവിനെ കുറിച്ച് കൈക്കൂലി ആരോപണങ്ങള്‍ ഉണ്ടായിട്ടേയില്ല. ആരോപണം ഉയര്‍ന്ന കണ്ണൂരിലെ ഫയലില്‍ ഒരു കാലതാമസവും ഉണ്ടായിട്ടില്ല. പിന്നെ എന്തിന് അഴിമതി നടത്തണം? പണം നല്‍കിയെന്നതിന് തെളിവുകളോ സാക്ഷികളോ ഇല്ല. എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗംഗാധരനും പറഞ്ഞത്. ദിവ്യക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നല്‍കരുതെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു.
എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്ന് മരിച്ച നവീന്‍ ബാബുവിന്റെ കുടുംബം വാദിച്ചു. എഡിഎമ്മിന്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ല. ആത്മഹത്യയിലേക്ക് നയിക്കണം എന്ന ഉദ്ദേശം ദിവ്യക്കുണ്ടായിരുന്നില്ലെന്ന വാദം തെറ്റാണ്. എഡിഎം കുറ്റസമ്മതം നടത്തിയെന്ന ആരോപണം കളക്ടര്‍ നിഷേധിച്ചിരുന്നു. കളക്ടര്‍ സൗഹൃദത്തോടെ പെരുമാറുന്ന ആളല്ല. മാനസിക അടുപ്പം ഇല്ലാത്ത കളക്ടറോട് കുറ്റസമ്മതം നടത്തിയെന്ന ആരോപണം തെറ്റാണ്. റവന്യു അന്വേഷണത്തില്‍ കളക്ടര്‍ നേരിട്ട് മൊഴി നല്‍കിയില്ല. നിയമോപദേശം തേടിയ ശേഷം എഴുതി തയ്യാറാക്കിയ മൊഴിയാണ് നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരന്‍ പെട്രോള്‍ പമ്പ് തുടങ്ങണം എന്ന് പറഞ്ഞു വരുമ്പോള്‍ ജില്ലാ പഞ്ചായത്ത് ആധ്യക്ഷ തടയേണ്ടതല്ലേ? പ്രശാന്തനെതിരെ പൊലീസ് കേസെടുത്തിട്ടില്ല.
14ാം തിയ്യതി വരെ ഫയലില്‍ അനുമതി വൈകിപ്പിച്ചു എന്നാണ് ദിവ്യ പറഞ്ഞിരുന്നത്. ദിവ്യ കീഴടങ്ങിയത് നന്നായി. അല്ലങ്കില്‍ പൊലീസും ദിവ്യയും തമ്മിലെ ഒളിച്ചു കളി തുടര്‍ന്നേനെ. കളക്ടറുടെ മൊഴി ദിവ്യയുമായി ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കളക്ടറുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.