- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂങ്കാവനത്തിലെ ആദിവാസികൾക്ക് രേഖകൾ സമ്മാനിച്ചു; പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ പടിയിറങ്ങി; കണ്ണീരോടെ സ്നേഹചുംബനം നൽകി യാത്രയാക്കി കലക്ടറേറ്റ് ജീവനക്കാർ; പുതിയ കലക്ടർ എ. ഷിബു സ്ഥാനമേറ്റു
പത്തനംതിട്ട: പൂങ്കാവനത്തിലെ ആദിവാസികൾക്ക് രേഖകൾ സമ്മാനിച്ച് ഡോ. ദിവ്യാ എസ് അയ്യർ പത്തനംതിട്ട കലക്ടറേറ്റിന്റെ പടിയിറങ്ങി. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങൾക്കും വ്യക്തികൾക്കും ആധികാരിക രേഖകൾ നൽകുന്ന എ ബി സി ഡി പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി രേഖകളുടെ വിതരണവും നടത്തിയ ശേഷമാണ് ഡോ. ദിവ്യാ എസ് അയ്യർ പുതിയ ചുമതല ഏൽക്കാനായി യാത്ര തിരിച്ചത്.
ജില്ലയിലെ ആദിവാസി ജനവിഭാഗത്തിന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ആദ്യ ചുവട് വയ്‌പ്പ് മാത്രമാണ് എ ബി സി ഡി പദ്ധതിയെന്നും രേഖകളുടെ വിതരണ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് ഡോ. ദിവ്യാ എസ് അയ്യർ പറഞ്ഞു.
ഏബിസിഡി പദ്ധതിക്കായി ഡോ. ദിവ്യാ എസ് അയ്യരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പ്രവർത്തനം മാതൃകാപരമാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി എ രാധാക്യഷ്ണൻ പറഞ്ഞു. ആദിവാസി പട്ടികവർഗ്ഗ ജനവിഭാഗത്തെ സ്വയം പര്യാപ്തതയിലെത്തിക്കാൻ സർക്കാർ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻപും ആദിവാസികൾക്ക് രേഖകൾ നൽകിയിരുന്നെങ്കിലും അവ വിവിധ കാരണങ്ങളാൽ നഷ്ടമാകുന്ന സാഹചര്യമുണ്ടായതിനാൽ ആനുകുല്ല്യങ്ങൾ ലഭിക്കുന്നതിനടക്കം തടസ്സമുണ്ടാകുന്നത് പതിവായിരുന്നു. എന്നാൽ നിലവിൽ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ സംവിധാനമൊരുക്കിയതിനാൽ അത്തരം പ്രതിസന്ധികൾക്ക് പരിഹാരമായി.
ഇന്നലെ രാത്രി ഏഴോടെ ജില്ലാകളക്ടർ എന്ന നിലയിലുള്ള അവസാന ചുമതലയും പൂർത്തിയാക്കിയ സത്യപ്തിയോടെയായിരുന്നു ഡോ. ദിവ്യാ എസ് അയ്യർ മടങ്ങിയത്. പത്തനംതിട്ട ജില്ലയുടെ 37-ാമത് കലക്ടറായി എ. ഷിബു ഇന്ന് രാവിലെ ചുമതലയേറ്റു. സാമൂഹിക സുരക്ഷാമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഷിബു തിരുവനന്തപുരം കരമന സ്വദേശിയാണ്. ബി ടെക് (മെക്കാനിക്കൽ), എം.ബി.എ ബിരുദധാരിയായ ഷിബു 2009 ൽ ഡെപ്യുട്ടി കലക്ടറായാണ് കേരളാ സിവിൽ സർവീസിലേക്ക് പ്രവേശിക്കുന്നത്.
ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി, ലാൻഡ് ബോർഡ് സെക്രട്ടറി, എറണാകുളം ജില്ലാ വികസന കമ്മിഷണർ, കയർ വികസനഡയറക്ടർ തുടങ്ങിയ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഖത്തറിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഷക്കീലയാണ് ഭാര്യ. മകൻ ദിൽഷാദ് ഖത്തറിൽ പൈലറ്റാണ്. മകൾ ജൊഹാന ദോഹ രാജഗിരി സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്