തിരുവനന്തപുരം: സാന്റിയാഗോ മാർട്ടിനെ ഇനി ലോട്ടറി മാഫിയ എന്ന് വിളിക്കരുതെന്ന് ഉത്തരവ്. സുപ്രീംകോടതിയുടേതാണ് ഉത്തരവ്. മാതൃഭൂമി പത്രത്തിനെതിരെ മാർട്ടിൻ നൽകിയ മാനനഷ്ട കേസിലാണ് കോടതി വിധി. സാന്റിയാഗോ മാർട്ടിന്റെ പേരിനൊപ്പം ലോട്ടറി മാഫിയ എന്ന് എഴുതുന്ന പതിവ് രീതി ഇനി പറ്റില്ല .മാർട്ടിനെ മാഫിയ എന്ന് വിശേഷിപ്പിച്ചതിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി.

മാതൃഭൂമി പത്രത്തിൽ സ്വന്തം പേരിനൊപ്പം ലോട്ടറി മാഫിയ എന്ന് വന്നത് മാർട്ടിൻ സിക്കിമിലെ വിചാരണ കോടതിയിൽ ചോദ്യം ചെയ്തിരുന്നു . കോടതി നടപടികൾ സുപ്രീം കോടതിയിൽ എത്തിയപ്പോഴാണ് മാഫിയ എന്ന വിശേഷണത്തിൽ കോടതി അത്യപ്തി രേഖപ്പെടുത്തിയത്. ഇതിനിടെ മാപ്പ് പറയാമെന്ന് മാതൃഭൂമിയുടെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ അത് സ്വയം തീരുമാനിക്കേണ്ടതാണെന്നായിരുന്നു കോടതിയുടെ നിലപാട്.

മാർട്ടിനെ പോലുള്ള ലോട്ടറി മാഫിയയെ രാജ്യത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന അതേപടി പ്രസിദ്ധീകരിക്കുകയായിരുന്നു എന്നാണ് മാതൃഭൂമി വാദിച്ചത് .എന്നാൽ തന്റെ പേരും പ്രശസ്തിയും തകർക്കുക എന്ന ഗൂഢോദ്ദേശം പത്രത്തിനുണ്ടെന്ന് മാർട്ടിൻ വാദിച്ചു. ജസ്റ്റിസ്മാരായ സഞ്ജയ് കൗൾ, എഎസ് ഒക്കെ എന്നിവരുടേതാണ് ഉത്തരവ്. 2020 ലാണ് മാർട്ടിൻ മാനനഷ്ട കേസ് നൽകിയത്.

മുമ്പ് 2019 ൽ, സാന്റിയാഗോ മാർട്ടിനോട് മലയാള മനോരമയും മാപ്പുപറഞ്ഞിരുന്നു. സിക്കിം ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് മാപ്പുപറഞ്ഞതെന്ന് മനോരമ തന്നെ 2019 മെയ് 19 ന് പ്രസിദ്ധീകരിച്ച വാർത്തയിൽ അറിയിച്ചിരുന്നു.

സാന്റിയാഗോ മാർട്ടിനെതിരെ വാർത്ത നൽകിയതിലും 'ലോട്ടറി രാജാവ്, ലോട്ടറി മാഫിയ, കൊള്ളക്കാരൻ' തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചതിലുമാണ് മലയാള മനോരമ പരസ്യമായി മാപ്പുപറഞ്ഞത്.. ഭാവിയിൽ മാർട്ടിനുമായോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട് വാർത്തകൾ പ്രസിദ്ധീകരിക്കേണ്ടി വന്നാൽ അവ പത്രധർമത്തോടും ധാർമികമൂല്യങ്ങളോടും നീതിപുലർത്തിയാവുമെന്നും മധ്യസ്ഥ ചർച്ചയിൽ ഉറപ്പുനൽകിയെന്നും വാർത്തയിൽ പറഞ്ഞിരുന്നു.

മാർട്ടിനെയും അദ്ദേഹത്തിന്റെ ലോട്ടറി കച്ചവടത്തെയും സംബന്ധിച്ച് പത്രത്തിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും നൽകിയ വാർത്തകൾ ഒന്നുംതന്നെ അദ്ദേഹത്തെ വ്യക്തിപരമായോ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനോ കളങ്കപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. മാർട്ടിൻ നൽകിയ അപകീർത്തി കേസിൽ സിക്കിം ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു മധ്യസ്ഥ ചർച്ച. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ മധ്യസ്ഥതയിലായിരുന്നു മനോരമയും മാർട്ടിനുമായി അന്ന് ഒത്തുതീർപ്പ് ചർച്ച നടന്നത്.

മാർട്ടിനും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും മനോരമയും തമ്മിൽ നിലവിലുള്ള എല്ലാ കേസുകളും രമ്യമായി പരിഹരിക്കാൻ ചർച്ചയിൽ തീരുമാനമായിരുന്നു. ലോട്ടറി രാജാവ്, ലോട്ടറി മാഫിയ, കൊള്ളക്കാരൻ എന്നിങ്ങനെ വിശേഷിപ്പിച്ച് 2007 മുതൽ വർഷങ്ങളോളം മനോരമ നിരന്തരം വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.