- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച 1 എൻ 1 ഇൻഫ്ളുവൻസ വൈറസ് ബാധിച്ച് ശ്വാസതടസം; കുറഞ്ഞ ഓക്സിജൻ നില; പോരാത്തിന് ഗർഭാവസ്ഥ 29 ആഴ്ചയും; മരണ മുനമ്പിൽ നിന്ന് അമ്മയെയും 1.27 കിലോ മാത്രം തൂക്കമുള്ള കുഞ്ഞിനെയും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ
തിരുവല്ല: നിമിഷയ്ക്കും കുഞ്ഞിനും ഇത് രണ്ടാം ജന്മമാണ്. ഗർഭാവസ്ഥ 29 ആഴ്ചയായിരിക്കുമ്പോൾ എച്ച് 1 എൻ 1 ബാധിച്ച് വെന്റിലേറ്ററിലേക്ക് മാറ്റപ്പെട്ടു നിമിഷ. ആ അവസ്ഥയിൽ സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിന് തൂക്കം വെറും 1.27 കിലോ മാത്രം. അമ്മയും കുഞ്ഞും മരണത്തിന്റെ വക്കിലെത്തിയ നിമിഷം. മികച്ച ചികിൽസയിലൂടെയും ശ്രദ്ധേയമായ പരിചരണത്തിലൂടെയും ഇരുവരെയും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നിരിക്കുകയാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ. ഇന്നലെ നിമിഷയും കുഞ്ഞും ആശുപത്രി വിട്ടു. മാധ്യമപ്രവർത്തകർക്ക് മുന്നിൽ വച്ച് ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കും നിറമിഴികളോടെ നന്ദി പറഞ്ഞാണ് ഇവർ വീട്ടിലേക്ക് മടങ്ങിയത്. വൻ തുക ചെലവഴിക്കേണ്ടി വന്നു ചികിൽസയ്ക്ക്. അതു മുഴുവൻ ആശുപത്രി അധികൃതർ വഹിക്കുകയും ചെയ്തു.
കോഴഞ്ചേരി ജില്ലാശുപത്രിയിൽ നിന്ന് ഒരു മാസം മുൻപാണ് നിമിഷ (28) യെബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്. എച്ച് 1 എൻ 1 ഇൻഫൽവൻസ വൈറസ് മൂലമുണ്ടാകുന്ന കടുത്ത ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു നിമിഷയ്ക്ക്. അപകടകരമാം വിധം ഓക്സിജൻ ലെവൽ കുറഞ്ഞാണ് (70%) നിമിഷ ബിസിഎംസിഎച്ചിൽ എത്തിയത്. നിമിഷയ്ക്ക് അടിയന്തിരമായി വെന്റിലേറ്റർ പിന്തുണ നൽകി. പക്ഷേ അവസ്ഥ വഷളായിക്കൊണ്ടേയിരുന്നു. വയറ്റിലുള്ള കുഞ്ഞിനെ കുറിച്ച് ഡോക്ടർമാർ ആശങ്കയിലായി. അതിനാൽ അവർ അടിയന്തര സിസേറിയൻ നടത്തി 1.27 കിലോഗ്രാം മാത്രം ഭാരമുള്ള പെൺകുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞിന് പ്രത്യേക പരിചരണം ലഭിക്കുന്നതിനായി നിയോനേറ്റോളജി വിഭാഗത്തിലേക്ക് മാറ്റി. ഗുരുതരമായ അണുബാധ മൂലം വെന്റിലേറ്ററിലായിരുന്ന നിമിഷയുടെ നില മെച്ചപ്പെടാതിരുന്നതിനാൽ എക്മോ ഉപയോഗിക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. രക്തപ്രവാഹത്തിലേക്ക് നേരിട്ട് ഓക്സിജൻ നൽകി ശ്വസനം പിന്തുണയ്ക്കുന്ന ഒരു യന്ത്രമാണ് എക്മോ.
ഹൈ എൻഡ് ആന്റിബയോട്ടിക്കുകൾ കൊണ്ടുള്ള ചികിത്സ ഫലപ്രദമായി. നിമിഷയുടെ നില ക്രമേണെ മെച്ചപ്പെട്ടു. വെന്റിലേറ്ററിലില്ലാതെ നിമിഷ ശ്വസിച്ചു തുടങ്ങി. രണ്ട് ദിവസങ്ങൾക്ക് മുമ്പ് നിമിഷ ആദ്യമായി കുഞ്ഞിനെ കണ്ട വികാരനിർഭരമായ നിമിഷത്തിന് ബിലീവേഴ്സ് ആശുപത്രി സാക്ഷ്യം വഹിച്ചു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ നിമിഷയും കുഞ്ഞും ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. ദിവസ വേതനത്തെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന നിർധന കുടുംബമാണ് നിമിഷയുടേത്. ബിലീവേഴ്സ് ആശുപത്രി തന്നെയാണ് ഈ അമ്മയുടേയും കുഞ്ഞിന്റെയും ചികിത്സാ ചെലവുകൾ നിർവഹിച്ചത്.
അവർ രണ്ടുപേരും പോരാളികളാണ്, അവർക്ക് ഏറ്റവും മികച്ച പരിചരണം നൽകാൻ കഴിഞ്ഞതിൽ ബിലീവേഴ്സ് ആശുപത്രി ഡോക്ടർമാരും ജീവനക്കാരും കൃതാർത്ഥരാണ്: മെഡിക്കൽ കോളജ് സിഇഓ ഡോ. ജോർജ് ചാണ്ടി മറ്റീത്ര പറഞ്ഞു.
'എമർജൻസി , ഗൈനക്കോളജി, അനസ്തേഷ്യ, ക്രിട്ടിക്കൽ കെയർ, ജനറൽ മെഡിസിൻ, കാർഡിയോ തൊറാസിക്ക് വാസ്‌കുലർ സർജറി, നവജാതശിശു തീവ്രപരിചരണ വിഭാഗം, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗങ്ങളിലെ ഡോക്ടർമാരുടെയും പെർഫ്യൂഷനിസ്റ്റുകളുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായതും സമയോചിതവുമായ ഇടപെടലുകൾ കൊണ്ടാണ് നിമിഷയും കുഞ്ഞും പുതുജീവിതത്തിലേയ്ക്ക് കടക്കുന്നത്. ഇത് കൂട്ടായ്മയുടെ വിജയമാണ്. എക്മോ പോലെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ചികിത്സ കൂടുതൽ ആശുപത്രികളിൽ ലഭ്യമായാൽ നിമിഷയുടേതിന് സമാനമായ രോഗാവസ്ഥയുള്ളവർ ജീവിതത്തിലേയ്ക്ക് മടങ്ങിവരാൻ കൂടുതൽ സാധ്യതകളുണ്ട്. ' അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്